Sorry, you need to enable JavaScript to visit this website.

കോൺഗ്രസ് വീട്ടിലേക്ക് കയറിവരാൻ  ശത്രുഘ്‌നൻ സിൻഹയെ  ആദ്യം ക്ഷണിച്ചത് ശശി തരൂർ

പ്രമുഖ നടനും ബി.ജെ.പി നേതാവുമായ ശത്രുഘ്‌നൻ സിൻഹയെ ആറ് മാസം മുമ്പ് ഒരു പൊതുവേദിയിൽ വെച്ച് പരസ്യമായി കോൺഗ്രസിലേക്ക് ക്ഷണിച്ചത് ശശി തരൂറായിരുന്നു. നരേന്ദ്ര മോഡിയെ വിമർശിച്ച് ശശി തരൂർ എം.പി രചിച്ച 'ദി പാരഡോക്‌സിക്കൽ പ്രൈംമിനിസ്റ്റർ' എന്ന പുസ്തകത്തിന്റെ തിരുവനന്തപുരത്ത് നടന്ന പ്രകാശന വേദിയായിരുന്നു രംഗം. സിൻഹയെ കോൺഗ്രസിലേക്ക് ക്ഷണിച്ചു കൊണ്ട് തരൂർ അന്ന് പറഞ്ഞ വാക്കുകൾ ഇങ്ങനെ ''നിങ്ങളെപ്പോലുള്ളവർക്കും കോൺഗ്രസിൽ ഇടമുണ്ട്. താങ്കളുടെ പാർട്ടിയുടെ സർക്കാരിനെ താങ്കളിപ്പോൾ ശരിയാം വണ്ണം വിലയിരുത്തിയിരിക്കുന്നു. (വൺമാൻ ഷോ, ടൂ മെൻ ആർമി എന്നൊക്കെ, പ്രധാനമന്ത്രി മോഡിയെയും അമിത് ഷായെയും സിൻഹ ആ ചടങ്ങിൽ വിശേഷിപ്പിച്ചിരുന്നു) സിനിമയിൽ വില്ലനായിട്ടായിരുന്നു അങ്ങയുടെ അരങ്ങേറ്റം. കാണെ, കാണെ താങ്കൾ ഹീറോയായി. ബി.ജെ.പിയിലും താങ്കൾ ഹീറോ ആയിരുന്നു. ഇപ്പോഴിതാ വില്ലൻ. കോൺഗ്രസിലും യു.പി.എയിലും താങ്കളെപ്പോലുള്ള ഹീറോസിന് ഇനിയുമിനിയും ഇടമുണ്ട്. എപ്പോഴാണോ അങ്ങയ്ക്ക് ഇപ്പോൾ പാർക്കുന്ന വീട് കൊള്ളില്ലെന്ന് തോന്നുന്നത് ആ നിമിഷം താങ്കൾക്ക് മാറിച്ചിന്തിക്കാം. കോൺഗ്രസ് ചുവപ്പു പരവതാനി വിരിച്ച് താങ്കളെ സ്വീകരിക്കാൻ തയാറാണ്...'' മറ്റൊരു പാർട്ടിക്കാരനായ ഉന്നത വ്യക്തിയെ, മുൻമന്ത്രിയെ ഈ വിധം പൊതുവേദിയിൽ വെച്ച് ക്ഷണിക്കാൻ സാധാരണ വ്യക്തികൾക്കൊന്നും കഴിയണമെന്നില്ല. ആദ്യമായി ആ വ്യക്തിക്ക് നിൽക്കുന്ന പാർട്ടിയോട് സംശയലേശമില്ലാത്ത കൂറ് വേണം. സാധാരണ ഗതിയിൽ ആശയാടിത്തറയുള്ള പാർട്ടികളിൽ നിലകൊള്ളുന്നവർക്കേ, നിങ്ങളും വരൂ എന്റെ പാർട്ടിയിലേക്ക് എന്ന് ആത്മവിശ്വാസത്തോടെ ക്ഷണിക്കാൻ സാധിക്കുകയുള്ളൂ. അല്ലാത്തവർക്ക് എന്ത് പാർട്ടി, ഏതോ ഒരു പാർട്ടി എന്ന നിലപാടേ കാണൂ.  കോൺഗ്രസിനോട്  അത്തരം കൂറ് തനിക്കുണ്ടെന്ന് തരൂർ പോയ വർഷങ്ങളിലൊക്കെ തെളിയിച്ചുകൊണ്ടിരിക്കുകയായിരുന്നു. തരൂർ ഇതാ ബി.ജെ.പിയിലേക്ക് എന്ന് ആഗ്രഹമെഴുതിയും അത് പ്രക്ഷേപണം ചെയ്തും മനഃസുഖം കണ്ടെത്തിയവർ ബി.ജെ.പിക്കാരൊന്നുമായിരുന്നില്ലെന്നോർക്കുക. അതെന്തായാലും ബി.ജെ.പിയിലേക്ക് പോകുമെന്ന് ഇടതുപക്ഷക്കാർ പോലും പ്രചരിപ്പിച്ചയാൾ, ബി.ജെ.പിയിലെ വലിയ തലയെടുപ്പുകളെപ്പോലും എല്ലാവരും കേൾക്കെ ക്ഷണിച്ച് കോൺഗ്രസിലെത്തിക്കുന്നു. ഇതിനൊക്ക കഴിയണമെങ്കിൽ അതിനൊത്ത വ്യക്തിത്വവും കഴിവും വേണം. തോളൊപ്പമെത്തുന്നവർക്കേ തോളിൽ കൈയിടാൻ സാധിക്കുകയുള്ളൂ. ബി.ജെ.പി എന്ന ഭരണകക്ഷിയുടെ താരശോഭയുള്ള നേതാവായ സിൻഹയെ ഇതാ കടന്നു വരൂ കോൺഗ്രസിലേക്ക് എന്ന് മറയില്ലാതെ ക്ഷണിക്കുന്നത് കേൾക്കാൻ ആ വേദിയിലന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, യു.പി.എ ഘടക കക്ഷി കൂടിയായ മുസ്‌ലിം ലീഗിന്റെ ദേശീയ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവരെല്ലാമുണ്ടായിരുന്നു. 


ഓൾ ഇന്ത്യ പ്രൊഫഷണൽ കോൺഗ്രസും കെ.പി.സി.സി. വിചാർ വിഭാഗും ചേർന്നായിരുന്നു അന്ന് സിൻഹ പങ്കെടുത്ത ചടങ്ങ് സംഘടിപ്പിച്ചത്. ഇപ്പറഞ്ഞ ചെറു സംഘടനകളുടെ, പ്രത്യേകിച്ച് ഓൾ ഇന്ത്യ പ്രൊഫഷണൽ കോൺഗ്രസിന്റെ  പരിപാടികൾക്ക് അടുത്ത കാലത്തായി പൂർണമായ ശശി തരൂർ നിലവാരമുണ്ടാകാറുണ്ട്. അതിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമായി സിൻഹയുടെ പാർട്ടി മാറ്റത്തിന് വഴിയൊരുങ്ങിയ ചടങ്ങിനെ കാണാവുന്നതാണ്.
ആധുനിക കാലത്തെ രാഷ്ട്രീയ പ്രവർത്തനം ഇതുപോലുള്ള ചേരുവകളെല്ലാം ഒത്തു വരുന്നതാവണം. സാധാരണ മട്ടിലുള്ള രാഷ്ട്രീയ ജാഥ നടത്തലിനും പോസ്റ്ററൊട്ടിക്കലിനുമെല്ലാമപ്പുറം ബുദ്ധിപൂർവമായ കരുനീക്കങ്ങളും അനിവാര്യം. എല്ലാ കാലത്തും അതൊക്കെ ഉണ്ടായിരുന്നുവെങ്കിലും, ഇന്നാണ് അതുപോലുള്ള പ്രവർത്തനങ്ങളുടെ പ്രാധാന്യം ഇരട്ടിക്കുന്നത്. കഴിഞ്ഞ യു.പി.എ ഭരണത്തിന്റെ അവസാന കാലത്ത് ബി.ജെ.പിയും സംഘ്പരവാറും ഇത്തരത്തിലുള്ള പല നീക്കങ്ങളും നടത്തിയ കാര്യം എല്ലാവരും ഓർക്കുന്നുണ്ടാകും. സംഘ് പരിവാർ സംഘടനകൾ സംഘടിപ്പിച്ച കൂടിയാലോചനാ യോഗങ്ങളിലും മറ്റും കേരളത്തിൽ നിന്ന് പങ്കെടുത്ത ചില പ്രമുഖരെങ്കിലും പിന്നീട് ആ പാർട്ടിയിൽ ചേരാതിരുന്നിട്ടുണ്ട്. ഇന്ത്യയുടെ അഭിമാനമായ ഐ.എസ്.ആർ.ഒയുടെ ചെയർമാൻ ആദരണീയനായ ജി.മാധവൻ നായർക്കൊപ്പം അത്തരമൊരു യോഗത്തിലെത്തിയ ഒരു ഉയർന്ന ഉദ്യോഗസ്ഥൻ പിന്നീടെപ്പോഴോ, ഞാനൊന്നുമറിഞ്ഞില്ലേ എന്ന് മാറിനിൽക്കുന്നുണ്ട്. മാധവൻ നായർ പുതിയ വീട്ടിലേക്ക് പോയെങ്കിലും കേരളത്തിൽ എന്തിന് വെറുതെ ബി.ജെ.പി എന്നായിരിക്കാം മാറി നിൽക്കുന്നവർ ചിന്തിക്കുന്നുണ്ടാവുക.   
അടുത്ത കാലത്ത് ശശി തരൂരിന്റെ ചില ബന്ധുക്കൾ ബി.ജെ.പിയിൽ ചേർന്ന വാർത്ത ബി.ജെ.പിയെ ചെന്നെത്തിച്ച പരിഹാസ്യാവസ്ഥയും കേരളം കണ്ടു ചിരിച്ചതാണ്. എത്രയോ, വർഷമായി ബി.ജെ.പിക്കാരായവരെ 'ഘർവാപസി ' നടത്തി പി.എസ്.ശ്രീധരൻ പിള്ള ചെറുതായൊന്ന് പരിഹാസ്യനായത് ഇപ്പോൾ എല്ലാവരും ഓർക്കുന്നുണ്ടാകും. കോഴിക്കോട്ടെ തരക്കേടില്ലാത്ത അഭിഭാഷകനായ പിള്ള തന്നെയല്ലേ ഇതെന്ന് ആളുകൾ അതിശയിച്ച സന്ദർഭം. 
യഥാർഥ ദേശീയ പാർട്ടിയായതിനാലാണ് കോൺഗ്രസിൽ ചേരാൻ താൻ തീരുമാനിച്ചതെന്നാണ് മുൻ കേന്ദ്ര മന്ത്രിയും ബോളിവുഡ് നടനുമായ ശത്രുഘൻ സിൻഹ ഇപ്പോൾ വിശദീകരിക്കുന്നത്. കുടുംബ സുഹൃത്ത് കൂടിയായ ആർ.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ ഉപദേശവും ഇത്തരമൊരു തീരുമാനത്തിന് പിന്നിലുണ്ടെന്ന സിൻഹയുടെ പ്രഖ്യാപനം മറ്റൊരു കാര്യം കൂടി ബോധ്യപ്പെടുത്തുന്നുണ്ട്- ലാലു പ്രസാദ് യാദവിനെപ്പോലുള്ളവരെ ഇന്ത്യൻ രാഷ്ട്രീയത്തിന് അവരുടെ ജീവിതകലത്തൊരിക്കലും നിങ്ങളുടെ ദൗത്യം തീർന്നു എന്ന് മുഖത്തടിച്ച് മാറ്റി നിർത്താനാകില്ല എന്ന സന്ദേശമാണത്. 
ഈ കോളത്തിന്റെ ജോലി തീരാൻ നേരം  ന്യൂസ് ഏജൻസിയായ പി.ടി.ഐ ശശി തരൂരുമായി നടത്തിയ ഒരഭിമുഖം വാർത്തയായി വന്നുകൊണ്ടിരിക്കുന്നുണ്ട്- അതിന്റെ ഉള്ളടക്കം ഒരു വെല്ലുവിളിയാണ്- തമിഴ്‌നാട്ടിൽ നിന്നോ, കേരളത്തിൽ നിന്നോ മത്സരിക്കാൻ മോഡിക്ക് ധൈര്യമുണ്ടോ എന്നതാണ് ആ വെല്ലുവിളി. വടക്കു നിന്നും, തെക്ക് നിന്നും ജയിച്ചു വരാൻ കഴിയുമെന്ന രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയ ധൈര്യത്തെ തരൂർ അഭിമുഖത്തിൽ എടുത്തു പറയുന്നുണ്ട്. ഇന്ത്യയുടെ തെക്കും വടക്കും തമ്മിൽ രൂപപ്പെട്ടുവരുന്ന അനൈക്യത്തിന്റെ കണ്ണികളെ വിളക്കിച്ചേർക്കുന്നതാണ് രാഹുൽ ഗാന്ധിയുടെ നടപടിയെന്ന ശക്തമായ വാദത്തിലൂടെ ബി.ജെ.പിയുടെ രാഷ്ട്രീയ ആത്മാവായ അഖൺഡ ഭാരത വാദത്തിന്റെ മർമത്തിലും ചെന്ന് തൊടുന്നുണ്ട് തരൂർ. രാഷ്ട്രീയം ബുദ്ധിജീവികളുടെയും ഇടമാണ് എന്ന് പഠിപ്പിച്ചു തരുന്ന ഓരോരോ കരണത്തു കൊള്ളുന്ന നീക്കങ്ങൾ. 

Latest News