കറാച്ചി- പാക്കിസ്ഥാനെതിരെ ഇന്ത്യ ഈ മാസവും ആക്രമണവും നടത്തുമെന്ന് വിശ്വസനീയ രഹസ്യ വിവരം ലഭിച്ചിട്ടുണ്ടെന്ന് പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേശി രംഗത്തെത്തി. ഏപ്രില്‍ 16-നും 20-നുമിടയില്‍ ഇന്ത്യ ആക്രമണം നടത്തിയേക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്. പാക്കിസ്ഥാന്റെ ആശങ്ക യുഎന്‍ രക്ഷാസമിതിയിലെ അഞ്ച് സ്ഥിരാംഗ രാജ്യങ്ങളേയും അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ അസാധാരണ ആരോപണത്തോട് ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചിട്ടില്ല.
എന്നാല്‍ ഇത്ര കൃത്യമായ വിവരം എവിടെ നിന്നു ലഭിച്ചുവെന്നതു സംബന്ധിച്ച് പാക് മന്ത്രി കൂടുതല്‍ വിശദീകരിച്ചില്ല. പ്രധാനമന്ത്രി ഇംറാന്‍ ഖാന്‍ ഈ വിവരം രാജ്യത്തെ അറിയിക്കാന്‍ സമ്മതിച്ചെന്നും അദ്ദേഹം പറഞ്ഞു.
ഫെബ്രുവരിയില്‍ ജമ്മുകശ്മീരിലെ പുല്‍വാമയില്‍ 40 അര്‍ധസൈനികര്‍ കൊല്ലപ്പെട്ട ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ബന്ധം വഷളായിരുന്നു. ഈ ഭീകരാക്രമണത്തിനു രണ്ടാഴ്ചയ്ക്കു ശേഷം പാക് അതിര്‍ത്തി കടന്ന് ഇന്ത്യന്‍ വ്യോമ സേന കനത്ത ബോംബാക്രമണം കൂടി നടത്തിയതോടെ യുദ്ധ പ്രതീതിയും ഉണ്ടായിരുന്നു. അന്താരാഷ്ട്ര ഇടപെടലുകളെ തുടര്‍ന്നാണ് രംഗം ശാന്തമായത്. പിടിയിലായ ഇന്ത്യന്‍ പൈലറ്റിനെ രണ്ടു ദിവസത്തിനു ശേഷം പാക്കിസ്ഥാന്‍ കൈമാറിയിരുന്നു. സംഘര്‍ഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായി 360 ഇന്ത്യന്‍ തടവുകാരെ മോചിപ്പിക്കുമെന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇവരില്‍ 100 പേരെ ഞായറാഴ്ച മോചിതരാക്കി.