Sorry, you need to enable JavaScript to visit this website.

പെട്രോളില്‍ ഡീസല്‍ കലര്‍ത്തി വില്‍പന; ജിദ്ദയില്‍ പെട്രോള്‍ ബങ്ക് അടപ്പിച്ചു

ഫയല്‍ ചിത്രം

ജിദ്ദ - എക്‌സ്പ്രസ്‌വേക്ക് കിഴക്ക് ബുറൈമാന്‍ ഡിസ്ട്രിക്ടില്‍ പ്രവര്‍ത്തിക്കുന്ന പെട്രോള്‍ ബങ്ക് വാണിജ്യ, നിക്ഷേപ മന്ത്രാലയം അടപ്പിച്ചു. പെട്രോളില്‍ ഡീസല്‍ കൂട്ടിക്കലര്‍ത്തിയതിനാണ് ബങ്ക് അടപ്പിച്ചത്. ഇവിടെ നിന്ന് മായം ചേര്‍ത്ത ഇന്ധനം നിറച്ച ഏതാനും കാറുകള്‍ കേടായിരുന്നു. തുടര്‍ന്ന് ഇവര്‍ വാണിജ്യ, നിക്ഷേപ മന്ത്രാലയത്തില്‍ പരാതികള്‍ നല്‍കി. ഉടന്‍ തന്നെ മന്ത്രാലയ സംഘം പെട്രോള്‍ ബങ്കിലെത്തി ഇരു വിഭാഗത്തിന്റെയും മൊഴികള്‍ കേട്ട് മുന്‍കരുതലെന്നോണം സ്ഥാപനം അടപ്പിക്കുകയായിരുന്നു. ബങ്കില്‍ നിന്ന് ശേഖരിച്ച പെട്രോള്‍ സാമ്പിള്‍ പരിശോധനക്കായി ലാബിലേക്ക് അയച്ചിട്ടുണ്ട്. മായം കലര്‍ത്തിയ ഇന്ധനം അടിച്ച പതിനാറു കാറുകളാണ് കേടായതെന്ന് വാണിജ്യ, നിക്ഷേപ മന്ത്രാലയ വക്താവ് അബ്ദുറഹ്മാന്‍ അല്‍ഹുസൈന്‍ പറഞ്ഞു.
പെട്രോളില്‍ മായം കലര്‍ത്തിയതായി തെളിഞ്ഞാല്‍ കേടായ കാറുകള്‍ നന്നാക്കുന്നതിനുള്ള മുഴുവന്‍ ചെലവും പെട്രോള്‍ ബങ്ക് ഉടമ വഹിക്കേണ്ടിവരും. കൂടാതെ മായം ചേര്‍ത്ത ഇന്ധനം ടാങ്കുകളില്‍ നിന്ന് നീക്കം ചെയ്ത് നശിപ്പിക്കേണ്ടിയും വരും. നിയമാനുസൃത ശിക്ഷകള്‍ ബാധകമാക്കുന്നതിന് കുറ്റക്കാര്‍ക്കെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയും ചെയ്യും. വാണിജ്യ വഞ്ചനാ വിരുദ്ധ നിയമം അനുസരിച്ചാണ് ബങ്ക് അധികൃതരെ വിചാരണ ചെയ്യുക. വാണിജ്യ വഞ്ചനാ കേസ് പ്രതികള്‍ക്ക് രണ്ടു വര്‍ഷം വരെ തടവും പത്തു ലക്ഷം റിയാല്‍ വരെ പിഴയും വിധിക്കുന്നതിന് വാണിജ്യ വഞ്ചനാ വിരുദ്ധ നിയമം അനുശാസിക്കുന്നുണ്ട്. കുറ്റക്കാരായ വിദേശികളെ ശിക്ഷ പൂര്‍ത്തിയാക്കിയ ശേഷം നാടുകടത്തും. പുതിയ തൊഴില്‍ വിസയില്‍ വീണ്ടും രാജ്യത്ത് പ്രവേശിക്കുന്നതില്‍ നിന്ന് ഇവര്‍ക്ക് ആജീവനാന്ത വിലക്കേര്‍പ്പെടുത്തുമെന്നും അബ്ദുറഹ്മാന്‍ അല്‍ഹുസൈന്‍ പറഞ്ഞു.

 

Latest News