തിരുവനന്തപുരം- കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നത് ഉത്തരേന്ത്യയിലും ദക്ഷിണേന്ത്യയിലും ജയിക്കുമെന്നുള്ള ആത്മവിശ്വാസം ഉള്ളത് കൊണ്ടാണെന്നും എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് കേരളത്തില്‍ നിന്നോ തമിഴ്‌നാട്ടില്‍ നിന്നോ മത്സരിക്കാന്‍ ധൈര്യുണ്ടോ എന്നും ശശി തരൂര്‍ ചോദിച്ചു. വയനാട്ടില്‍ രാഹുല്‍ മത്സരിക്കാനെത്തിയതോടെ അടുത്ത പ്രധാനമന്ത്രി ഈ മേഖലയില്‍ നിന്നാകുമെന്ന പ്രകടമായ ആവേശം തെക്കന്‍ സംസ്ഥാനങ്ങളിലുടനീളം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഭൂരിപക്ഷ സമുദായങ്ങളുടെ മേഖലകളില്‍ നിന്ന് രാഹുല്‍ ഒളിച്ചോടുകയാണെന്ന ആരോപണമുന്നയിച്ച മോഡിയേയും ബിജെപിയേയും തരൂര്‍ വിമര്‍ശിച്ചു. ഭരിക്കുന്ന പാര്‍ട്ടി ആവര്‍ത്തിച്ച് മതഭ്രാന്ത് പ്രചരിപ്പിക്കുകയാണെന്നും ഒരു പ്രധാനമന്ത്രിയില്‍ നിന്ന് ഇതു കേള്‍ക്കേണ്ടി വരുന്നത് നിരാശാജനകമാണെന്നും അദ്ദേഹം പറഞ്ഞു. 'ബിജെപിയുടെ മതഭ്രാന്തിന് ചൂട്ടുപിടിക്കുന്നയാളായി മാറിയതോടെ ഇന്ത്യന്‍ പ്രധാനമന്ത്രി എല്ലാ ഇന്ത്യക്കാരുടേയും പ്രധാനമന്ത്രി ആയിരിക്കണമെന്ന സ്ഥാപിത നയത്തെ ധിക്കരിച്ചിരിക്കുകയാണ്,' തരൂര്‍ പറഞ്ഞു.