എട്ടു വയസ്സുകാരന്‍ ലോകം ചുറ്റാനിറങ്ങി; പോലീസ് രക്ഷപ്പെടുത്തി

മോസ്‌കോ- ലോകം ചുറ്റിക്കാണുന്നതിന് വീടു വിട്ടിറങ്ങിയ എട്ടു വയസ്സകാരന്റെ പക്കലുണ്ടായിരുന്നത് മൂന്ന് എന്‍സൈക്ലോപീഡിയകളും ഒരു കളിപ്പാട്ടവും പിന്നെ ഒരു ബനാനയും.
ഇവയൊക്കെയും കുത്തി നിറിച്ച ബാഗുമായി അലഞ്ഞുതിരിയുന്ന അവനെ റഷ്യന്‍ പോലീസാണ് കണ്ടെത്തിയത്. വീട്ടില്‍നിന്ന് ഒളിച്ചോടിയതാണെന്നും ലോകം ചുറ്റിക്കറങ്ങണമെന്നുമാണ് അവന്‍ പോലീസിനോട് പറഞ്ഞത്.
സാഹസിക യാത്ര പാതിവഴിയില്‍ നിര്‍ത്തി കുട്ടിയെ മാതാപിതാക്കളുടെ സമീപമെത്തിച്ചിരിക്കയാണ് പോലീസ്. ഇളയ മകളെ സ്‌കൂളിലാക്കി തിരിച്ച് വീട്ടിലെത്തിയപ്പോള്‍ മകനെ കാണാനില്ലെന്ന് റഷ്യന്‍ സിറ്റിയായ അസ്ട്രാഖാന്‍ സ്വദേശിനിയായ അമ്മ അധികൃതരെ അറിയിച്ചിരുന്നു. ലോകം ചുറ്റാന്‍ വീടു വീടുകയാണെന്ന് അമ്മയെ അറിയിക്കുന്ന കുറിപ്പ് വീട്ടില്‍നിന്ന് കണ്ടെത്തിയതായി റഷ്യന്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
മൂന്ന് ബസുകള്‍ കയറി ഇറങ്ങിയശേഷം നടന്നു പോകുകയായിരുന്ന കുട്ടിയെയാണ് പോലീസ് കണ്ടെത്തിയത്. അവശനാണെന്നും കുറച്ചുനേരം വിശ്രമിച്ച ശേഷം യാത്ര തുടരണമെന്നുമാണ് കുട്ടി പോലീസിനോടും രക്ഷിക്കാനെത്തിയവരോടും പറഞ്ഞത്.
വീട്ടില്‍ തിരിച്ചെത്തിച്ച പോലീസ് കുട്ടിക്കും മാതാവിനും കൗണ്‍സലിംഗ് ഏര്‍പ്പെടുത്തിയതായി ആഭ്യന്തരമന്ത്രാലയത്തെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു.
കുട്ടിയുടെ കഥ റഷ്യയിലെ സമൂഹ മാധ്യമ ഉപഭോക്താക്കള്‍ വൈറലാക്കി.
ലോകത്ത് ഒറ്റയ്ക്ക് യാത്ര പുറപ്പെട്ട കുട്ടികളുടെ കഥകള്‍ ഇത് ആദ്യത്തേതല്ല. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ഓസ്‌ട്രേലിയക്കാരനായ 12 കാരന്‍ മാതാപിതാക്കളുടെ ക്രെഡിറ്റ് കാര്‍ഡുകള്‍ മോഷ്ടിച്ച് തനിച്ച് ബാലിയിലേക്ക് പറന്നിരുന്നു. അമ്മയുമായി വഴക്കിട്ടതിനെ തുടര്‍ന്നായിരുന്നു കുട്ടിയുടെ യാത്ര.
മാസങ്ങള്‍ക്കുശേഷം നവംബറില്‍ ജോര്‍ജിയയിലെ ഒരു 11 കാരന്‍ വീട്ടില്‍നിന്ന് ഒളിച്ചോടി വിമാനം കയറാന്‍ നടത്തിയ ശ്രമം സുരക്ഷാ ഉദ്യോഗസ്ഥരാണ് കണ്ടെത്തിയത്.

 

Latest News