കേരളത്തില്‍ പുതുക്കിയ പട്ടികയില്‍ 2.61 കോടി വോട്ടര്‍മാര്‍; പ്രവാസി വോട്ടര്‍മാര്‍ കൂടുതല്‍ കോഴിക്കോട്ട്

തിരുവനന്തപുരം- പുതുക്കിയ കണക്കനുസരിച്ച് സംസ്ഥാനത്ത് ഇക്കുറി വോട്ടവകാശമുള്ളത് 2,61,51,534 പേര്‍ക്ക്. അതില്‍ 5,49,969 യുവ വോട്ടര്‍മാരാണെന്നും ട്രാന്‍സ്‌ജെന്‍ഡര്‍ വോട്ടര്‍മാരുടെ എണ്ണം 173 ആയി വര്‍ധിച്ചിട്ടുണ്ടെന്നും ഭിന്നശേഷിക്കാരുടെ എണ്ണം 1,25,189 ആണെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ പറഞ്ഞു.
ജനുവരി 30 നു ശേഷം വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാനായി ഒന്‍പതു ലക്ഷം അപേക്ഷകളാണ് ലഭിച്ചത്. പുതുക്കിയ കണക്കനുസരിച്ച് സംസ്ഥാനത്ത് 2,61,46,853 വോട്ടര്‍മാരുണ്ട്. 1,26,81,992 പുരുഷ വോട്ടര്‍മാരും, 1,34,64,688 സ്ത്രീ വോട്ടര്‍മാരും. പ്രവാസി വോട്ടര്‍മാരുടെ എണ്ണം 73,308 ആയി ഉയര്‍ന്നു. എന്‍.ആര്‍.ഐ വോട്ടര്‍മാര്‍ കൂടുതലുള്ളത് കോഴിക്കോട്ടാണ് -25,972 പേര്‍. പുതിയ വോട്ടര്‍മാരില്‍ 18-19 പ്രായ പരിധിയിലുള്ള 5,49,969 വോട്ടര്‍മാരുണ്ട്. നൂറു വയസ്സിനു മുകളിലുള്ള 2230 വോട്ടര്‍മാരുണ്ട്. തൊണ്ണൂറിനും നൂറിനും ഇടയില്‍ 50,691 വോട്ടര്‍മാരുമുണ്ട്. പുതിയ വോട്ടര്‍മാര്‍ കൂടുതലുള്ളത് മലപ്പുറം ജില്ലയിലാണ് -60,469 പേര്‍. രണ്ടാമത് കോഴിക്കോട് -44,988 പേര്‍.
വോട്ടെടുപ്പു ദിവസം ശമ്പളത്തോടു കൂടിയുള്ള പൊതുഅവധിയായിരിക്കും. ഇത് എല്ലാ സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍ക്കും ബാധകമായിരിക്കും. ദൂരസ്ഥലങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് നാട്ടിലെത്തി വോട്ട് ചെയ്യാനാണിത്.
സംസ്ഥാനത്ത് ആകെ 4482 പ്രശ്‌നബാധിത ബൂത്തുകളുണ്ട്. അതില്‍ 817 ഗുരുതര പ്രശ്‌ന ബാധിത ബൂത്തുകളും 425 അതീവ ഗുരുതര ബാധിത ബൂത്തുകളുമുണ്ട്. മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് സി വിജില്‍ ആപ്പിലൂടെ ഇതുവരെ 16,754 പരാതികള്‍ ലഭിച്ചു. ഇതില്‍ 14,447 പരാതികളില്‍ കഴമ്പുണ്ടെന്ന് ബോധ്യമായി. ഇവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കും. കണ്ണൂര്‍ ജില്ലയില്‍നിന്നു ലഭിച്ച 1905 പരാതികളില്‍ 1698 പരാതികളും ശരിയെന്ന് കണ്ടെത്തി. പോസ്റ്ററുകളും ബാനറുകളുമായി ബന്ധപ്പെട്ട് 11,838 പരാതികള്‍ ലഭിച്ചു. ഇതില്‍ 10,460 പരാതികളും ശരിയായിരുന്നു. മദ്യം വിതരണം ചെയ്തതുമായി ബന്ധപ്പെട്ട് 22 പരാതികളും പണം വിതരണം ചെയ്തതുമായി ബന്ധപ്പെട്ട് 28 പരാതികളും ലഭിച്ചു.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ നേതൃത്വത്തില്‍ വിവിധ സ്‌ക്വാഡുകള്‍ നടത്തിയ പരിശോധനയില്‍ സംസ്ഥാനത്ത് ഇതുവരെ 14 കോടി രൂപയുടെ പണമുള്‍പ്പെടെയുള്ള വസ്തുവകകള്‍ പിടിച്ചെടുത്തു. ഇതില്‍ ഏഴു കോടി രൂപയോളം സ്വര്‍ണവും മദ്യവും മയക്കുമരുന്നുമെല്ലാം ഉള്‍പ്പെടും. ഉറവിടം വ്യക്തമാക്കാന്‍ കഴിയാതിരുന്നവരില്‍നിന്നാണ് പണം പിടിച്ചെടുത്തത്. രേഖകള്‍ ഹാജരാക്കി കാരണം ബോധിപ്പിച്ചാല്‍ പണം തിരികെ നല്‍കുമെന്നും ടിക്കാറാം മീണ പറഞ്ഞു.

 

 

Latest News