കോടിപതി ആണെന്ന് കോടിപതിക്ക് തന്നെ വിശ്വാസമായില്ല; ഒടുവില്‍ ചെയ്തത് ഇങ്ങനെ

നെയ്‌റോബി- താന്‍ സമ്പന്‍ തന്നെയാണെന്ന് ഉറപ്പു വരുത്താന്‍ നൈജീരിയന്‍ കോടിപതി അലികോ ദങ്കോതെ ഒരിക്കല്‍ ചെയ്തു നോക്കിയ പണി എന്തെന്നറിഞ്ഞാല്‍ ഒരുപക്ഷെ കണ്ണു തള്ളിയേക്കാം. ആഫ്രിക്കയിലെ തന്നെ ഏറ്റവും സമ്പന്നനായ വ്യക്തിയാണ് അലികോ. വന്‍ വ്യവസായ സാമ്രാജത്തിന്റെ അധിപനായ അലികോ താന്‍ സ്വന്തമാക്കിയ പണം കണക്കു രൂപത്തില്‍ എഴുതിവച്ചത് മാത്രം കണ്ടുകൊണ്ടിരുന്നപ്പോഴാണ് തന്റെ പണം നോട്ടുകളായി തന്നെ ശരിക്കുമൊന്ന് കാണാന്‍ ആ്ഗ്രഹിച്ചത്. ഇതിനു മാത്രമായി ഒരിക്കല്‍ താന്‍ ബാങ്കില്‍ നിന്ന് 10 ദശലക്ഷം ഡോളര്‍ (69.2 കോടി രൂപ) ഒറ്റയടിക്ക് പിന്‍വലിച്ച് കാറിന്റെ ഡിക്കിയിലിട്ട് വീട്ടിലേക്ക് കൊണ്ടു വന്നിട്ടുണ്ടെന്നാണ് അലികോയുടെ വെളിപ്പെടുത്തല്‍. കഴിഞ്ഞ മാസമാണ് അലികോ ഈ സംഭവം പുറത്തു പറയുന്നത്. മുറിയില്‍ കുട്ടിയിട്ട പണം ശരിക്കു കണ്ടപ്പോള്‍ എന്റെ കയ്യില്‍ പണമുണ്ടെന്ന് വിശ്വാസമായി. ഇതോടെ തൊട്ടടുത്ത ദിവസം തന്നെ പണമെന്നാം വാരിയെടുത്ത് തിരികെ ബാങ്കില്‍ തന്നെ കൊണ്ടു പോയി നിക്ഷേപിച്ചെന്നും ഐവറി കോസ്റ്റില്‍ നടന്ന ഒരു പൊതുപരിപാടിയിലാണ് അലികോ പറഞ്ഞത്.

യുവത്വ കാലത്ത് സമ്പാദിക്കുന്ന ആദ്യ മില്യന്‍ വളരെ പ്രധാനപ്പെട്ടതാണ്. അതിനു ശേഷം ഈ കണക്കുകള്‍ക്കൊന്നും വലിയ പ്രാധാന്യമില്ല. ഞാന്‍ എന്റെ ശമ്പള കണക്കുകളിലേക്കു പോലും നോക്കാറില്ല. കാരണം എഴുതിയിരിക്കുന്ന പിടികിട്ടാത്ത കണക്കുക തന്നെ- അദ്ദേഹം പറഞ്ഞു.

ബിസിനസ് സംരഭകത്വത്തെ കുറിച്ചുള്ള സംവാദത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൃഷിയും പുതിയ സാങ്കേതിക വിദ്യകളുമാണ് ആഫ്രിക്കയിലെ വലിയ സാധ്യതകളുള്ള മേഖലകളെന്നും അദ്ദേഹം പറഞ്ഞു. ആദ്യ വിജയത്തിന്റെ ലഹരിയില്‍ മുങ്ങിപ്പോകരുതെന്നും ഉയര്‍ച്ച് താഴ്ചകള്‍ സ്വാഭാവികമാണെന്നും യുവ സംരഭകരെ അദ്ദേഹം ഉപദേശിച്ചു.
 

Latest News