Sorry, you need to enable JavaScript to visit this website.

തട്ടിപ്പ് മെസേജ് ലഭിക്കുന്നവര്‍ ഉടന്‍ സൗദി ടെലിക്കോമിനെ അറിയിക്കണം

ജിദ്ദ- വന്‍തുകയുടെ സമ്മാനമടിച്ചുവെന്നും എ.ടി.എം കാര്‍ഡുകളും ബാങ്ക് അക്കൗണ്ടുകളും ബ്ലോക്ക് ചെയ്തുവെന്നും അറിയിച്ചുകൊണ്ടുള്ള തട്ടിപ്പുകള്‍ സൗദി അറേബ്യയില്‍ തുടരുകയാണ്. ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്ന വിദേശികളുടെ ഏതാനും സംഘങ്ങളെ റിയാദിലും ജിദ്ദയിലും പിടികൂടിയെങ്കിലും തട്ടിപ്പ് മെസേജുകളും കാളുകളും ഇനിയും അവസാനിച്ചിട്ടില്ല.
ബാങ്ക് അക്കൗണ്ടുകള്‍ അപ്‌ഡേറ്റ് ചെയ്യുന്നതിനും വലിയ സമ്മാനത്തുക എത്തിക്കാനുമെന്ന പേരിലാണ് വ്യാജ എസ്.എം.എസുകള്‍ അയച്ച് ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ആവശ്യപ്പെടുന്നത്.


സമ്മാനമടിച്ചെന്ന് പറഞ്ഞ് തട്ടിപ്പ്, യു.എ.ഇയില്‍ 22 പേര്‍ പിടിയില്‍-video



ടെലിഫോണ്‍ വഴി ബാങ്ക് അക്കൗണ്ട് അപ്‌ഡേറ്റ് ചെയ്യാന്‍ ആവശ്യപ്പെടാറില്ലെന്നും വ്യാജന്മാരെ സൂക്ഷിക്കണമെന്നും എല്ലാ ബാങ്കുകളും അവരുടെ വെബ്‌സൈറ്റ് വഴി ഉപയോക്താക്കളെ അറിയിക്കുന്നുണ്ട്.
പണം ട്രാന്‍സ്ഫര്‍ ചെയ്യന്നതും ബില്ലുകള്‍ അടക്കുന്നതും സുരക്ഷിതമാക്കാന്‍ ബാങ്കുകള്‍ ഏര്‍പ്പെടുത്തിയ വണ്‍ ടൈം പാസ് വേഡ് (ഒ.ടി.പി) കരസ്ഥമാക്കി സ്വന്തം അക്കൗണ്ടുകളിലേക്ക് പണം ട്രാന്‍സ്ഫര്‍ ചെയ്യുകയാണ് തട്ടിപ്പുകാരുടെ ഒരു രീതിയെന്ന് വ്യക്തമായിട്ടുണ്ട്. അക്കൗണ്ട് നമ്പറും ടെലിഫോണ്‍ നമ്പറും ഉപയോഗിച്ചാണ് ഇതിനായി ശ്രമിക്കുന്നത്.
പ്രശസ്ത ബാങ്കുകളുടെ ഓണ്‍ലൈന്‍ അക്കൗണ്ടില്‍ തങ്ങള്‍ അറിയാതെ പുതിയ ബെനിഫിഷ്യറികള്‍ ചേര്‍ത്തതായും അവരുടെ അക്കൗണ്ടിലേക്ക് പണം ട്രാന്‍സ്ഫര്‍ ചെയ്യപ്പെട്ടതായും മലയാളികളടക്കമുള്ളവര്‍ പറയുന്നു.
വ്യാജന്മാരെ പിടികൂടുന്നതിനും അനധികൃത മെസേജുകള്‍ തടയുന്നതിനും ഇതുസംബന്ധിച്ച പരാതികള്‍ സ്വീകരിക്കുന്നതിന് പ്രത്യേക സേവനം ആരംഭിച്ചതായി സൗദി ടെലിക്കോം കമ്പനി (എസ്.ടി.സി) ഉപയോക്താക്കളെ അറിയിച്ചു. വ്യാജ മെസേജുകള്‍ ലഭിക്കുന്നവര്‍ അത് എസ്.ടി.സിയുടെ എകീകൃത കോഡിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യുകയാണ് വേണ്ടത്. കോഡ് നമ്പര്‍ 330330.
വ്യാജ എസ്.എം.എസിന് മറുപടി നല്‍കുകയോ അവരുടെ കാളുകള്‍ക്ക് മറുപടി നല്‍കുകയോ ചെയ്യുന്നില്ലെന്നാണ് പലരും വ്യക്തമാക്കാറുള്ളതെങ്കിലും പരാതികള്‍ ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ എത്തിക്കാന്‍ ഉപയോക്താക്കള്‍ ശ്രമിക്കുന്നില്ല.
തട്ടിപ്പിനിരയായ ഒരു മലയാളിക്ക് പ്രശസ്ത ബങ്ക് തുക മടക്കി നല്‍കിയെങ്കിലും പോലീസില്‍ പരാതി നല്‍കുന്നതിനെ നിരുത്സാഹപ്പെടുത്തിയിരുന്നു. ബാങ്കിന്റെ ഇമേജ് നഷ്ടപ്പെടാതിരിക്കുകയാണ് അവരുടെ ലക്ഷ്യം. സുരക്ഷിതമാണെന്ന് അവകാശപ്പെടുന്ന ബാങ്കിന്റെ ഓണ്‍ലൈന്‍ സംവിധാനം ഉപയോഗപ്പെടുത്തിയാണ് ഉപയോക്താക്കള്‍ അറിയാതെ ബെനിഫിഷ്യറി ചേര്‍ത്തതും പണം ട്രാന്‍സ്ഫര്‍ ചെയ്തതും.

അക്കൗണ്ട് ഉടമകളുടെ ജാഗ്രതക്കുറവാണ് ബാങ്കിംഗ് തട്ടിപ്പുകള്‍ക്ക് സഹായകമായി മാറുന്നതെന്ന് സൗദി ബാങ്കുകളുടെ കൂട്ടായ്മയുടെ വക്താവ് ത്വല്‍അത് ഹാഫിസ് കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു.
ബാങ്കിംഗ് തട്ടിപ്പുകളുമായി ബന്ധപ്പെട്ട് ലഭിക്കുന്ന പരാതികളില്‍ ബഹുഭൂരിഭാഗത്തിനും കാരണം ഉപയോക്താക്കളുടെ ജാഗ്രതക്കുറവാണ്. മറ്റുള്ളവര്‍ക്കു മുന്നില്‍ പിന്‍നമ്പര്‍ വെളിപ്പെടുത്തല്‍, എളുപ്പത്തില്‍ മനസ്സിലാക്കിയെടുക്കുന്നതിന് മറ്റുള്ളവര്‍ക്ക് സഹായകമായി മാറുന്ന നിലക്കുള്ള പിന്‍നമ്പറുകള്‍ തെരഞ്ഞെടുക്കല്‍ എന്നിവയെല്ലാമാണ് ബാങ്കിംഗ് തട്ടിപ്പുകള്‍ക്ക് ഇടയാക്കുന്നതെന്ന് അദ്ദേഹം പറയുന്നു.

ബാങ്കിംഗ് തട്ടിപ്പുകളില്‍ തങ്ങള്‍ക്കുള്ള ഉത്തരവാദിത്തത്തില്‍ നിന്ന് ബാങ്കുകള്‍ ഒളിച്ചോടുന്നില്ല. ബാങ്കുകളുടെ ഭാഗത്തുള്ള വീഴ്ചകളാണ് ബാങ്കിംഗ് തട്ടിപ്പുകള്‍ക്ക് ഇടയാക്കിയത് എങ്കില്‍ അത്തരം കേസുകളില്‍ ബാങ്കുകള്‍ ഉത്തരവാദിത്തം വഹിക്കും. ബാങ്കിംഗ് തട്ടിപ്പുകളെ കുറിച്ച് ഉപയോക്താക്കളെ ബോധവല്‍ക്കരിക്കുന്നതില്‍ ബാങ്കുകള്‍ വലിയ ശ്രമങ്ങള്‍ നടത്തേണ്ടതുണ്ട് എന്ന കാര്യം അംഗീകരിക്കുന്നു. പലവിധ കാരണങ്ങളാല്‍ ചില സേവനങ്ങളുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ ബാങ്കുകള്‍ക്ക് മാത്രമായി പൂര്‍ത്തിയാക്കുന്നതിന് സാധിക്കില്ലെന്നും ത്വല്‍അത് ഹാഫിസ് പറഞ്ഞു.

 

 

 

 

Latest News