ന്യുദല്‍ഹി- മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍ നാഥിന്റെ സഹായികളുടെ ദല്‍ഹിയിലേയും ഭോപാലിലേയും വീടുകളില്‍ ആദായ നികുതി ഓഫീസര്‍മാര്‍ റെയ്ഡ് നടത്തി. ഹവാല ഇടപാടുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായാണ് ഞായറാഴ്ച രാവിലെ നടന്ന റെയ്‌ഡെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പറഞ്ഞു. കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവായ കമല്‍നാഥിന്റെ മുന്‍ പ്രൈവറ്റ് സെക്രട്ടറി പ്രവീണ്‍ കക്കറിന്റെ ഇന്‍ഡോറിലെ വീട്ടിലും മുന്‍ ഉപദേശകന്‍ രാജേന്ദ്ര കുമാര്‍ മിഗ്ലാനിയുടെ ദല്‍ഹിയിലെ വീട്ടിലും ഉള്‍പ്പെടെ ആറ് ഇടങ്ങളിലാണ് റെയ്ഡ് നടന്നത്. ഒമ്പതു കോടി രൂപ കണ്ടെടുത്തതായും റിപോര്‍ട്ടുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു ശേഷം പെരുമാറ്റ ചട്ടം നിലവില്‍ വന്നതിനെ തുടര്‍ന്ന് ഈ ഉദ്യോഗസ്ഥര്‍ പദവികള്‍ രാജിവച്ചിരുന്നു. തെരഞ്ഞെടുപ്പു പ്രചാരണം പുരോഗമിക്കുന്നതിനിടെ ഈ ഉദ്യോഗസ്ഥര്‍ ഹവാല മാര്‍ഗം വന്‍ തുകകളുടെ ഇടപാട് നടത്തിയെന്നാണ് ആദായ നികുതി വകുപ്പിന്റെ ആരോപണം. കേന്ദ്ര ആദായ നികുതി വകുപ്പില്‍ നിന്നുള്ള 15 ഉദ്യോഗസ്ഥരുടെ സംഘം പുലര്‍ച്ചെ മൂന്ന് മണിക്കെത്തിയാണ് ഇന്‍ഡോറിലെ കക്കറുടെ വീട്ടില്‍ തിരച്ചില്‍ നടത്തിയത്.
പ്രതിപക്ഷ നേതാക്കളെ കുരുക്കിലാക്കാന്‍ നരേന്ദ്ര മോഡി സര്‍ക്കാര്‍ വിവിധ വകുപ്പുകളെ ദുരുപയോഗം ചെയ്യുകയാണെന്ന ആരോപണം നിലനില്‍ക്കെയാണ് വിവിധ പാര്‍ട്ടി നേതാക്കളുടെ വീടുകളിലും ഓഫീസുകളിലും റെയ്ഡ് തുടരുന്നത്. കഴിഞ്ഞയാഴ്ച കര്‍ണാടകയിലെ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യകക്ഷി നേതാക്കളുടെ വീടുകളിലും റെയ്ഡ് നടത്തിയത് വിവാദമായിരുന്നു. ഇതിനെതിരെ കര്‍ണാകട മുഖ്യമന്ത്രി എച്. ഡി കുമാരസ്വാമിയും മറ്റു നേതാക്കളും ആദായ നികുതി ഓഫീസിനു മുന്നില്‍ ധര്‍ണ നടത്തുകയും ചെയ്തിരുന്നു.