യോഗിക്ക് പ്രണയ ലേഖനം എഴുതിയാല്‍ മതിയോ; കമ്മീഷനോട് കോണ്‍ഗ്രസ്

ന്യൂദല്‍ഹി- സായുധ സേനകളെ കുറിച്ച് പറയുമ്പോള്‍ കുറച്ചു കൂടി ശ്രദ്ധ ചെലുത്തണമെന്ന് യു.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് ഉപദേശം നല്‍കി കൈകഴുകിയ തെരഞ്ഞെടുപ്പ് കമ്മീഷനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജെ വാല.
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് പ്രണയ ലേഖനം എഴുതാനാണോ ഇലക്്ഷന്‍ കമ്മീഷനെന്ന് അദ്ദേഹം ചോദിച്ചു.
തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മോഡിജികാ സേന എന്ന പരാമര്‍ശം വിവാദമായതിനെ തുടര്‍ന്നാണ് മേലില്‍ ജാഗ്രത പുലര്‍ത്തണമെന്ന് ഇലക്്ഷന്‍ കമ്മീഷന്‍ യോഗിയെ ഉപദേശിച്ചത്. മോഡല്‍ കോഡ് ഓഫ് കോണ്ടക്ട് ഇപ്പോള്‍ മോഡി കോഡ് ഓഫ് കോണ്ടക്ടായി മാറിയിരിക്കയാണെന്ന് കോണ്‍ഗ്രസ് വക്താവ് പറഞ്ഞു.
ഇന്ത്യന്‍ കരസേനയെ അവഹേളിച്ച ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രണയലേഖനമെഴുതുകയാണ് ചെയ്തത്. തെരഞ്ഞെടുപ്പ് വാഗ്ദാനമായി കോണ്‍ഗ്രസ് മുന്നോട്ടുവെച്ച മിനിമം വേതനമുറപ്പ് പദ്ധതിയായ ന്യായ് പദ്ധതിയെ വിമര്‍ശിച്ച നീതി ആയോഗ് വൈസ് ചെയര്‍മാന്‍ രാജീവ് കുമാറിനോടും മേലില്‍ പാടില്ലെന്ന് ഉപദേശിക്കുക മാത്രമാണ് കമ്മീഷന്‍ ചെയ്തത്. അധികാരത്തിലിരിക്കുന്നവരുടെ തനിനിറം തുറന്നു കാണിക്കാന്‍ ഇലക്്ഷന്‍ മടി കാണിക്കുകയാണ്- കോണ്‍ഗ്രസ് വക്താവ് സുര്‍ജെ വാല പറഞ്ഞു.
ഗാസിയാബാദില്‍ മാര്‍ച്ച് 31 ന് നടത്തിയ റാലിയില്‍ മോഡിജി കി സേന എന്നു പറഞ്ഞത് രാജ്യത്തിന്റെ സേനയെ ഉദ്ദേശിച്ചാണെന്നാണ് യു.പി മുഖ്യമന്ത്രി തെരഞ്ഞെടുപ്പ് കമ്മീഷനു മറുപടി നല്‍കിയത്.

 

Latest News