കൽപറ്റ- കർഷകർ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കണമെന്നു ആഹ്വാനം ചെയ്ത് മാവോയിസ്റ്റ് പത്രക്കുറിപ്പ്. സിപിഐ(മാവോയിസ്റ്റ്)നാടുകാണി ഏരിയ സമിതി വക്താവ് അജിതയുടേതായി മാർച്ച് 25 തിയതി വച്ച് തയാറാക്കിയ പത്രക്കുറിപ്പ് ഇന്നലെ രാവിലെയാണ് തപാലിൽ പ്രസ്‌ക്ലബിൽ ലഭിച്ചത്.
വോട്ടു ബഹിഷ്‌കരിച്ച് പണിയായുധങ്ങൾ സമരായുധങ്ങളും കൃഷിനിലങ്ങൾ പോർനിലങ്ങളുമാക്കണമെന്നും വോട്ടുചെയ്തു ഇനിയും കർഷക ശത്രുക്കളെ തെരഞ്ഞെടുക്കരുതെന്നുമാണ് കർഷക ആത്മഹത്യകൾ ആവശ്യപ്പെടുന്നതെന്നു കുറിപ്പിന്റെ തുടക്കത്തിൽ ചുവപ്പുമഷിയിൽ എഴുതിയ ഭാഗത്തു പറയുന്നു.
കുറിപ്പിന്റെ ചുരുക്കം: ഭരണവ്യവസ്ഥ കർഷകരെ കൃഷിയിൽനിന്നും കൃഷിയിടങ്ങളിൽനിന്നും മാത്രമല്ല, ജീവിതത്തിൽനിന്നുവരെ അടിച്ചോടിക്കുകയാണ്. കാർഷിക ഉത്പന്നങ്ങളുടെ വിലയിടിച്ചും വിളകൾ ഇറക്കുമതി ചെയ്തും വനഭൂമിയെന്നു വ്യാഖ്യാനിച്ചു കൃഷിഭൂമികൾ പിടിച്ചെടുത്തും ബാങ്ക്, ബ്ലെയ്ഡ് കടക്കെണിയിൽപ്പെടുത്തിയും സർഫാസിയും അതുപോലുള്ള നിയമങ്ങളും കൊണ്ടുവന്നുമാണ് ഭരണവ്യവസ്ഥ കർഷകരെ ദ്രോഹിക്കുന്നത്. കുത്തക കുടുംബങ്ങളുടെ ആസ്തി ഓരോ വർഷവും വർധിക്കുമ്പോഴും കർഷക കുടുംബങ്ങൾ കുത്തുപാളയെടുക്കുകയാണ്. കുത്തകകളുടെയും ഭൂപ്രഭുക്കളുടെയും കടങ്ങൾ കിട്ടാക്കടമായി എഴുതിത്തള്ളുമ്പോൾ വായ്പ കുടിശികയുടെ പേരിൽ കർഷകരുടെ കിടപ്പാടം വരെ ബാങ്കുകൾ ജപ്തി ചെയ്യുകയാണ്.
കൃഷിയിൽ താത്പര്യമുള്ളവർക്കു സ്വന്തമായി ഭൂമിയില്ല. ഭീമമായ തുക പാട്ടം നൽകി കൃഷിയിറക്കാൻ അവർ നിർബന്ധിതരാകുന്നു. ദരിദ്രരും ഇടത്തരക്കാരുമായ കർഷകർക്കു ആവശ്യമായ വായ്പ യഥാസമയം ലഭ്യമാക്കാൻ സർക്കാരും ബാങ്കുകളും തയാറാകുന്നില്ല. വന്യജീവി ശല്യത്തിനു പരിഹാരം കാണാൻ പദ്ധതികൾ പ്രാവർത്തികമാക്കുന്നില്ല. സർക്കാർ കർഷകരുടെ കൃഷിയും ജീവനും പന്താടുകയാണ്.
ഇടനിലക്കാരും വൻകിട കച്ചവടക്കാരും കാർഷിക ഉത്പന്നങ്ങൾ വാങ്ങി വ്യാവസായിക ഉത്പന്നങ്ങളാക്കി മാറ്റുന്ന മുതലാളിമാരും മണിമാളികകളിൽ അന്തിയുറങ്ങുമ്പോൾ കർഷകർക്കു ഒരുതുണ്ടു കയറിൽ ജീവിതം അവസാനിപ്പിക്കേണ്ടിവരുന്നു. ആസിയാൻ ഉൾപ്പെടെ ദ്രോഹ ഉടമ്പടികൾ കർഷകരിൽ അടിച്ചേൽപ്പിക്കുന്നത് വോട്ട് ജനങ്ങളുടെ പരമാധികാരത്തിന്റെ പ്രതീകമാണെന്നു പറഞ്ഞുനടക്കുന്നവർതന്നെയാണന്നും കുറിപ്പിൽ പറയുന്നു. ലക്കിടി ഉപവൻ റിസോർട്ട് വളപ്പിൽ മാർച്ച് ആറിനു രാത്രി പോലീസ് വെടിവയ്പ്പിൽ മാവോയിസ്റ്റ് സി.പി. ജലീൽ കൊല്ലപ്പെട്ടതു സംബന്ധിച്ചു കുറിപ്പിൽ പരാമർശമില്ല.