കണ്ണൂർ - ലോക്‌സഭാ തെരഞ്ഞെടുപ്പ് ചരിത്രത്തിൽ അപരന്മാർ യഥാർഥ സ്ഥാനാർഥിയെ തോൽപ്പിച്ച സംഭവം കണ്ണൂരിനു സ്വന്തം. 2014 ൽ നടന്ന തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥി സാക്ഷാൽ കെ.സുധാകരനാണ് അപരന്മാരുടെ വിളയാട്ടത്തിൽ കാലിടറിയത്. സുധാകരൻ പരാജയപ്പെട്ട വോട്ടുകളുടെ ഇരട്ടിയോളം അപരന്മാരും നോട്ടയും ചേർന്നു പിടിച്ചതാണ് കാരണം. ഇത്തവണ പോരാട്ടത്തിന്റെ ചിത്രം തെളിയുമ്പോൾ സ്ഥാനാർഥിയുടെ ചങ്കിടിപ്പ് വർദ്ധിക്കുന്നത് സ്വാഭാവികം.
2014 ലെ തെരഞ്ഞെടുപ്പിൽ കെ.സുധാകരൻ, പി.കെ.ശ്രീമതി ടീച്ചറോട് പരാജയപ്പെട്ടത് 6566 വോട്ടുകൾക്കാണ്. എന്നാൽ ഈ തെരഞ്ഞെടുപ്പിൽ സുധാകരന്റെ രണ്ട് അപരന്മാർ മാത്രം നേടിയത് 6985 വോട്ടുകളാണ്. നോട്ട നേടിയതാകട്ടെ 7026 വോട്ടുകളും.
കേരളത്തിന്റെ തെരഞ്ഞെടുപ്പു ചരിത്രത്തിൽ തന്നെ അപൂർവമാണ് ഈ സംഭവം. ഈ തെരഞ്ഞെടുപ്പിൽ കണ്ണൂർ മണ്ഡലത്തിലാണ് നോട്ട ഏറ്റവും കൂടുതൽ വോട്ടുകൾ നേടിയത്. അപരന്മാർ സ്ഥാനാർഥിയുടെ വിജയത്തിന്റെ തിളക്കം കുറക്കുന്നത് സ്വാഭാവികമാണെങ്കിലും, പരാജയത്തിനു തന്നെ കാരണമാവുന്നത് തെരഞ്ഞെടുപ്പു ചരിത്രത്തിൽ തന്നെഅപൂർവമാണ്.
കണ്ണൂർ ലോക്‌സഭാ മണ്ഡലത്തിൽ ഇത്തവണ കെ.സുധാകരനോട് സാമ്യമുളള പേരുമായി, മുഴപ്പാല ചോരയാകുണ്ട് റോഡിൽ സുധാകരൻ, മൊറാഴ സജിനാ നിവാസിൽ സുധാകരൻ, ഉളിക്കൽ വയത്തൂർ പനങ്ങാട് ഹൗസിൽ പി.കെ.സുധാകരൻ എന്നിവരാണ് മത്സര രംഗത്തുള്ളത്. ഇതിൽ ആദ്യ രണ്ടു പേരുകാരെ സി.പി.എം പ്രവർത്തകരും അവസാനത്തെയാളെ ബി.ജെ.പിയുമാണ് രംഗത്തിറക്കിയതെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്. പത്രികകളുടെ സൂക്ഷ്മ പരിശോധനാ സമയത്ത് ആദ്യത്തെ രണ്ടുപേരെ സഹായിക്കാൻ സി.പി.എം പ്രാദേശിക നേതാക്കളും അവസാനത്തെയാളെ ബി.ജെ.പി നേതാക്കളുമാണ് എത്തിയതെന്നാണ് പറയുന്നത്. കണ്ണൂരിൽ കെ.സുധാകരനെ തോൽപ്പിക്കാൻ സി.പി.എമ്മും ബി.ജെ.പിയും കൈകോർത്തുവെന്നാണ് കോൺഗ്രസ് ആരോപണം.
കണ്ണൂരിൽ ഇത്തവണ ഇടതു സ്ഥാനാർഥി പി.കെ.ശ്രീമതി ടീച്ചർക്കുമുണ്ട് രണ്ട് അപരകൾ. ഏര്യം പുതിയ വീട്ടിൽ ശ്രീമതിയും, പുന്നാട് പന്ന്യോടൻ വീട്ടില കെ.ശ്രീമതിയും. ഇവർക്കു പിന്നിൽ കോൺഗ്രസ്സാണെന്ന് സി.പി.എം നേരത്തെതന്നെ ആരോപിച്ചു കഴിഞ്ഞു. അതേസമയം, സ്ഥാനാർഥികൾക്കു ഇത്തവണ ആശ്വസിക്കാനും വകയുണ്ട്. സ്ഥാനാർഥികളുടെ ഫോട്ടോ വോട്ടിംഗ് മെഷിനിൽ ഉണ്ടെന്നതാണ് കാരണം. മാത്രമല്ല, അപരന്മാർ സ്വതന്ത്ര സ്ഥാനാർഥികളാണെന്നതിനാൽ മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളുടെ സ്ഥാനാർഥികളുടെ പേരിനു ശേഷം മാത്രമേ ഇവരുടെ പേരുണ്ടാവൂ എന്നതും ആശ്വാസകരമാണ്.