ഗാന്ധിനഗര്‍- വ്യാജ സത്യവാങ്മൂലം നല്‍കിയ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ സ്ഥാനാര്‍ഥിത്വം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പു കമ്മീഷനു പരാതി നല്‍കി. നാമനിര്‍ദേശ പത്രികയോടൊപ്പം തെറ്റായ സത്യവാങ്മൂലം സമര്‍പ്പിച്ചതിന് അമിത് ഷാക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും കോണ്‍ഗ്രസ് പരാതിയില്‍ ആവശ്യപ്പെട്ടു.
രണ്ടു സുപ്രധാന വിവരങ്ങള്‍ അമിത് ഷാ സത്യവാങ്മൂലത്തില്‍ മറച്ചുവെച്ചതായി കോണ്‍ഗ്രസ് ചൂണ്ടിക്കാണിക്കുന്നു. ഗാന്ധിനഗറിലെ പുരയിടത്തിന്റെ വിവരവും മകനുവേണ്ടി ജാമ്യംനിന്ന വായ്പയുടെ വിവരവും സത്യവാങ്മൂലത്തില്‍ കാണിച്ചില്ലെന്നും അമിത്ഷായുടെ പേരിലുള്ള സ്വത്തുക്കളുടെ മൂല്യം കുറച്ചുകാണിച്ചുവെന്നുമാണ് കോണ്‍ഗ്രസ് ഉന്നയിക്കുന്ന ആരോപണങ്ങള്‍.
സര്‍ക്കാര്‍ ചട്ടങ്ങള്‍ പ്രകാരം 66.5 ലക്ഷം മൂല്യമുള്ള വസ്തുവിനു വെറും 25 ലക്ഷം മാത്രമാണു മൂല്യമെന്നാണ് അമിത് ഷാ സത്യവാങ്മൂലത്തില്‍ പറയുന്നത്. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനു മുമ്പ് അമിത് ഷാ രണ്ടു വസ്തുക്കള്‍ പണയം വച്ചെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു. മകന്‍ ജയ് ഷായുടെ ബിസിനസ് സംരംഭത്തിനു വേണ്ടിയാണ് ഇതില്‍ ഒരു വസ്തു പണയം വച്ചത്. എന്നാല്‍ തനിക്ക് ബാധ്യതകളുണ്ടെന്ന് കാണിക്കാനാണ് അമിത് ഷാ ഇത്തരമൊരു നീക്കത്തിലൂടെ ശ്രമിച്ചതെന്നു കോണ്‍ഗ്രസ് ആരോപിക്കുന്നു.
രാജ്യസഭാ എം.പിയായിരുന്ന കാലയളവില്‍ അമിത് ഷായുടെ സ്വത്തില്‍ വന്‍ വര്‍ധനയുണ്ടായതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. നിലവില്‍ 38.81 കോടിയുടെ ആസ്തിയുണ്ടെന്നാണ് അമിത് ഷാ സത്യവാങ്മൂലത്തില്‍ പറയുന്നത്.