Sorry, you need to enable JavaScript to visit this website.

അവര്‍ എന്നെ അറസ്റ്റ് ചെയ്ത് ജയിലിലടക്കും; രൂക്ഷ പ്രതികരണവുമായി നായിഡു

വിശാഖപട്ടണം- അവര്‍ ഇന്നോ നാളെയോ തന്നെ അറസ്റ്റ് ചെയ്ത് ജയിലിലടക്കുമെന്ന് ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയും തെലുഗുദേശം പാര്‍ട്ടി നേതാവുമായ ചന്ദ്രബാബു നായിഡു. അടുത്ത സഹായിയും തെലുഗുദേശം ജനപ്രതിനിധിയുമായ സി.എം രമേശിന്റെ വസതി സായുധ പോലീസും ആദായനികുതി ഉദ്യോഗസ്ഥരും റെയ്ഡ് ചെയ്തതിനു പിന്നാലെയാണ് ചന്ദ്രബാബു നായിഡുവിന്റെ പരാമര്‍ശം. അവര്‍ ഇന്നോ നാളേയോ എന്നേയും അറസ്റ്റ് ചെയ്യും. അവര്‍ അതു ചെയ്യട്ടെ. ജയിലില്‍ പോയാലും കീഴടങ്ങുന്ന പ്രശ്‌നമില്ല- വിശാഖപട്ടണത്ത് തെരഞ്ഞെടുപ്പ് റാലിയില്‍ ചന്ദ്രബാബു നായിഡു പറഞ്ഞു.
രണ്ടു തവണ രാജ്യസഭാംഗമായിരുന്ന രമേശിന്റെയും ബന്ധുക്കളുടേയും കഡപ്പയിലെ വീടുകളും ഓഫീസുകളും കഴിഞ്ഞ ദിവസം സായുധ പോലീസിന്റെ സഹായത്തോടെ ആദായനികുതി ഉദ്യോഗസ്ഥര്‍ പരിശോധിച്ചിരുന്നു.
പാര്‍ട്ടി സ്ഥാനാര്‍ഥികളെയടക്കം ലക്ഷ്യമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോഡി കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്യുകയാണെന്ന് നായിഡു ആരോപിച്ചു. സംസ്ഥാനത്തോട് കാണിച്ച അനീതി തുറന്നുകാട്ടാന്‍ തുടങ്ങിയതോടെയാണ് പ്രധാനമന്ത്രി മോഡി തന്നെ ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിജയവാഡയിലെ അംബേദ്കര്‍ പ്രതിമക്കുമുന്നില്‍ സത്യഗ്രഹമിരിക്കുന്നതിന് നേരത്തെ ചന്ദ്രബാബു നായിഡു തെരഞ്ഞെടുപ്പ് റാലി ഉപേക്ഷിച്ചിരുന്നു.
തെലുഗുദേശം പാര്‍ട്ടിയെ ദുര്‍ബലമാക്കാന്‍ വൈ.എസ്.ആര്‍ കോണ്‍ഗ്രസ് നോതവ് വൈ.എസ്. ജഗന്‍മോഹന്‍ റെഡ്ഡിയുമായും തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവുമായും മോഡി ഗൂഢാലോചന നടത്തിയെന്നും മേഡിയുടെ ഭരണം ചെകുത്താന്റെ വാഴ്ചയാണെന്നും നായിഡു ആരോപിച്ചു. ആദായ നികുതി, എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ്, സി.ബി.ഐ, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ തുടങ്ങിയ സ്ഥാപനങ്ങളെ അവഹേളിച്ച ശേഷം മോഡി തെരഞ്ഞെടുപ്പ് കമ്മീഷനേയും പ്രതിപക്ഷത്തിനെതിരെ ഉപയോഗിക്കുകയാണ്. ചീഫ് സെക്രട്ടറി അനില്‍ ചന്ദ്ര പുനേതയെ മാറ്റിയത് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി മോഡിക്ക് വേണ്ടിയാണ്. ആദ്യം ഒരു കലക്ടറേയും അതിനു പിന്നാലെ ഡയരക്ടര്‍ ജനറല്‍ ഉള്‍പ്പെടെ മൂന്ന് ഐ.പി.എസ് ഉദ്യോഗസ്ഥരേയുമാണ് മാറ്റിയത്. ഒടുവില്‍ കാരണമൊന്നും പറയാതെ ചീഫ് സെക്രട്ടറിയേയും മാറ്റി. തോന്നുന്നതു പോലെ പ്രവര്‍ത്തിക്കുന്നതാകരുത് ഇലക്്ഷന്‍ കമ്മീഷന്‍. അത് പക്ഷം ചേരാതെ പ്രവര്‍ത്തിക്കണം-അദ്ദേഹം പറഞ്ഞു. വൈ.എസ്.ആര്‍ കോണ്‍ഗ്രസിനെ സഹായിക്കാനാണ് സ്ഥലംമാറ്റങ്ങള്‍. ഏഴു ലക്ഷം വോട്ടുകള്‍ നീക്കം ചെയ്യാന്‍ ഫോറം 7 ദുരുപയോഗം ചെയ്തുവെന്ന വൈ.എസ്.ആര്‍ കോണ്‍ഗ്രസിനെതിരായ പരാതികളില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി സ്വീകരിച്ചില്ല. 40 വര്‍ഷം രാഷ്ട്രീയ ജീവിതത്തില്‍ ധാരാളം തെരഞ്ഞെടുപ്പ് കമ്മീഷനുകളെ കണ്ടിട്ടുണ്ട്. എന്നാല്‍ ഇതുപോലെ കേന്ദ്ര സര്‍ക്കാരിനുവേണ്ടി വഴങ്ങുന്ന കമ്മീഷനെ കണ്ടിട്ടില്ല. 50 ശതമാനം വിവിപാറ്റ് സ്ലിപ്പുകള്‍ എണ്ണണമെന്ന് 22 പാര്‍ട്ടികള്‍ ആവശ്യപ്പെട്ടപ്പോള്‍ അതു സാധ്യമല്ലെന്നാണ് ഇലക്്ഷന്‍ കമ്മീഷന്‍ പറയുന്നത്. ഇതേ കമ്മീഷന്‍ തന്നെയാണ് ഉദ്യോഗസ്ഥരെ മാറ്റി വൈ.എസ്.ആര്‍ കോണ്‍ഗ്രസിനെ സഹായിക്കുന്നതെന്നും നായിഡു പറഞ്ഞു.
ഉന്നത പോലീസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റാന്‍ കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടും നടപടി സ്വീകരിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സംസ്ഥാന ചീഫ് സെക്രട്ടറിയെ മാറ്റാന്‍ ഇലക്്ഷന്‍ കമ്മീഷന്‍ ഉത്തരവിട്ടത്. 1983 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥന്‍ എല്‍.വി സുബ്രഹ്്മണ്യത്തെ പുതിയ ചീഫ് സെക്രട്ടറിയായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിയമിച്ചിട്ടുണ്ട്.

 

Latest News