ന്യൂദല്‍ഹി- നരേന്ദ്ര മോഡിയുടെ ഭരണത്തില്‍ ഭരണഘടനാ സ്ഥാപനങ്ങളെ തകര്‍ത്തുവെന്നും രാജ്യത്തിന്റെ ആത്മാവിനെ പിച്ചിച്ചീന്തിയെന്നും യു.പി.എ അധ്യക്ഷ സോണിയാ ഗാന്ധി ആരോപിച്ചു. ദല്‍ഹിയില്‍ പീപ്പിള്‍സ് അജണ്ട പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അവര്‍. രാഷ്ട്രീയമായി എതിര്‍ക്കുന്നവരെ ഇല്ലായ്മ ചെയ്യുകയെന്ന നയമാണ് കഴിഞ്ഞ അഞ്ച് വര്‍ഷവും മോഡി സര്‍ക്കാര്‍ കൈക്കൊണ്ടത്. സര്‍ക്കാര്‍ പറയുന്ന കാര്യങ്ങള്‍ക്ക് വില ഉണ്ടാകണം. വാഗ്ദാനങ്ങള്‍ പാലിക്കുന്നതിനു പകരം സുപ്രധാന ഭരണഘടനാ സ്ഥാപനങ്ങളെ തകര്‍ക്കുന്ന നയമാണ് മോഡി കൈക്കൊണ്ടത്.
വ്യക്തമായ ഗൂഢാലോചനയുടെ ഭാഗയമാണ് ഈ രാഷ്ട്രത്തിന്റെ ആത്മാവ് പിച്ചിച്ചീന്തപ്പെട്ടത്. ഇത് വലിയ ഉല്‍കണ്ഠയുളവാക്കുന്ന കാര്യമാണ്. 65 വര്‍ഷത്തിലേറെയായി രാജ്യത്തിന്റെ ക്ഷേമഘടനയുടെ അടിത്തറയായി പ്രവര്‍ത്തിച്ച സംവിധാനങ്ങളെ അട്ടിമറിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. ഇന്ത്യയുടെ വൈവിധ്യത്തെ ബി.ജെ.പി മാനിക്കുന്നില്ല. രാജ്യസ്‌നേഹത്തിന്റെ പുതിയ നിര്‍വചനമാണ് ഇപ്പോള്‍ പഠിപ്പിക്കുന്നത്. വൈവിധ്യങ്ങള്‍ നിരാകരിക്കുന്നവരെ രാജ്യസ്‌നേഹികളായി അവതരിപ്പിക്കുന്നു. ജാതിയുടേയും മതത്തിന്റേയും ആശയത്തിന്റേയും പേരില്‍ നമ്മുടെ പൗരന്മാര്‍ക്കിടയിലെ വിവേചനത്തെ ന്യായീകരിക്കുകയാണെന്നും സോണിയാ ഗാന്ധി ആരോപിച്ചു.
വിയോജിപ്പുകളെ മാനിക്കാന്‍ സര്‍ക്കാര്‍ ഒരിക്കലും തയറാകുന്നില്ല. ഭക്ഷണത്തിന്റേയും വസ്ത്രത്തിന്റേയും അഭിപ്രായ സ്വാതന്ത്ര്യത്തിന്റേയും കാര്യത്തില്‍ ഏതാനും പേരുടെ കല്‍പനകള്‍ അനുസരിക്കാനാണ് ആവശ്യപ്പെടുന്നതെന്ന് ബീഫ് നിരോധം സൂചിപ്പിച്ചുകൊണ്ട് സോണിയ പറഞ്ഞു. വിശ്വാസത്തിന്റെ ഭാഗമായി നിലകൊള്ളുന്നവര്‍ ആക്രമിക്കപ്പെടുമ്പോള്‍ സര്‍ക്കാര്‍ അതു കണ്ടില്ലെന്നു നടിക്കുകയാണ്. നിയമം നടപ്പിലാക്കണമെന്ന പ്രാഥമിക ദൗത്യം നിര്‍വഹിക്കാന്‍ സര്‍ക്കാര്‍ വിസമ്മതിക്കുകയാമെന്നും യു.പി.എ അധ്യക്ഷ കുറ്റപ്പെടുത്തി.