Sorry, you need to enable JavaScript to visit this website.

ദല്‍ഹിയില്‍ കോണ്‍ഗ്രസ്-ആം ആദ്മി ധാരണ

ന്യൂദല്‍ഹി: ആം ആദ്മിയുമായി ഡല്‍ഹിയില്‍ സഖ്യനീക്കം നടത്താന്‍ ഡല്‍ഹി കോണ്‍ഗ്രസ് ഘടകത്തിന് പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അനുമതി നല്‍കി. ഇന്ന് രാവിലെ ഡല്‍ഹി പിസിസി അധ്യക്ഷ ഷീലാ ദീക്ഷിത്, സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍, ഡല്‍ഹിയുടെ ചുമതലയുള്ള പിസി ചാക്കോ എന്നിവരുമായി നടത്തിയ ചര്‍ച്ചയിലാണ് ആം ആദ്മി പാര്‍ട്ടിയുമായി സീറ്റ് വിഭജനം അടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ നേതാക്കള്‍ക്ക് രാഹുല്‍ അനുമതി നല്‍കിയത്.
ഡല്‍ഹിയില്‍ ആകെയുള്ള ഏഴ് സീറ്റില്‍ നാല് സീറ്റുകളില്‍ ആം ആദ്മിയും മൂന്ന് സീറ്റുകളില്‍ കോണ്‍ഗ്രസും മത്സരിക്കും എന്നതാണ് നിലവില്‍ ഇരുപാര്‍ട്ടികള്‍ക്കുമിടയില്‍ രൂപംകൊണ്ടിരിക്കുന്ന ധാരണ. ന്യൂഡല്‍ഹി,ചാന്ദ്‌നി ചൗക്ക്, നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹി സീറ്റുകള്‍ കോണ്‍ഗ്രസിനും ബാക്കി സീറ്റുകള്‍ ആം ആദ്മിക്കും എന്ന രീതിയിലാണ് ചര്‍ച്ചകള്‍ മുന്നോട്ട് പോകുന്നത്.
അതേസമയം ഡല്‍ഹിക്കൊപ്പം ഹരിയാനയിലും സഖ്യം വേണമെന്ന് ആം ആദ്മി പാര്‍ട്ടി കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ടതായി വാര്‍ത്തകള്‍ പുറത്തു വരുന്നുണ്ട്. ഹരിയാനയിലെ പത്ത് സീറ്റില്‍ ഒന്ന് ആം ആദ്മി പാര്‍ട്ടിക്ക് വിട്ടു കൊടുത്തു കൊണ്ടുള്ള രാഷ്ട്രീയസഖ്യം വേണമെന്നാണ് ആം ആദ്മി പാര്‍ട്ടി ആവശ്യപ്പെടുന്നത്. ഇക്കാര്യം കോണ്‍ഗ്രസിന്റെ സജീവ പരിഗണനയിലാണെന്നാണ് ലഭിക്കുന്ന വിവരം.

Latest News