Sorry, you need to enable JavaScript to visit this website.

യോഗിയ്‌ക്കെതിരെ നടപടിക്കൊരുങ്ങി ലീഗ് 

കോഴിക്കോട്: ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി അദിത്യനാഥിനെതിരേ നിയമ നടപടിയ്‌ക്കൊരുങ്ങി മുസ്ലീം ലീഗ്. മുസ്ലീം ലീഗ് വൈറസാണെന്നും കോണ്‍ഗ്രസിന് വൈറസ് ബാധയാണെന്നുമുള്ള അപകീര്‍ത്തിപരമായ പ്രസ്താവനയാണ് യോഗി ആദിത്യനാഥ് നടത്തിയത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ജയിച്ചാല്‍ ഈ വൈറസ് രാജ്യമാകെ പടരുമെന്നുമായിരുന്നു യോഗിയുടെ പരാമര്‍ശം. ഉത്തര്‍പ്രദേശിലെ ബുലന്ദ്ശഹറില്‍ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവേ ആണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
യോഗിയ്‌ക്കെതിരെ നിയമ നടപടിയ്‌ക്കൊരുങ്ങുന്ന വിവരം മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. പി.എ മജീദ് ആണ് മാധ്യമങ്ങളെ അറിയിച്ചത്. അദ്ദേഹം നടത്തിയ പരാമര്‍ശത്തിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്തുന്നവരെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. 
വയനാട്ടില്‍ പത്രിക സമര്‍പ്പണത്തിന് ശേഷം രാഹുല്‍ ഗാന്ധി നടത്തിയ റോഡ് ഷോയില്‍ ആയിരക്കണക്കിന് മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ തങ്ങളുടെ പതാകയേന്തി റാലിയില്‍ പങ്കെടുത്തിരുന്നു. ഇതാണ് യോഗിയുടെ പരിഹാസത്തിന് കാരണമായത്. 
രാഹുല്‍ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ കണ്ട മുസ്ലീം ലീഗിന്റെ കൊടി പാക്കിസ്ഥാന്‍ പതാകയാണെന്ന തരത്തില്‍ നേരത്തെ ട്വിറ്ററിലും മറ്റു സമൂഹമാധ്യമങ്ങളിലും വ്യാപകപ്രചാരണം നടന്നിരുന്നു. ഉത്തരേന്ത്യക്കാര്‍ക്ക് കേരളത്തിലെ മുസ്ലീം ലീഗിനെ കുറിച്ച് അറിയില്ല. ഇത് മനസ്സിലാക്കിയാണ് വ്യാജപ്രചരണം. അതു പരമാവധി പ്രയോജനപ്പെടുത്തിയുള്ള വര്‍ഗ്ഗീയ ധ്രൂവീകരണത്തിനാണ് യോഗിയുടെ ശ്രമം. 
സ്വാതന്ത്ര്യത്തിന് ശേഷമാണ് ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് രൂപീകൃതമായത്. ഇന്ത്യയോടുള്ള കൂറ് വ്യക്തമാക്കാന്‍ പേരില്‍ അവര്‍ രാജ്യത്തിന്റെ പേര് സ്വീകരിക്കുകയും ചെയ്തു. അത്തരമൊരു പാര്‍ട്ടിക്കെതിരെയാണ് വ്യാജ പ്രചരണം. എം. മുഹമ്മദ് ഇസ്മായിലാണ് 1948 മാര്‍ച്ച് 10നു ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് സ്ഥാപിച്ചത്. ഇന്ത്യയിലെ മുസ്ലിംകളുടെയും മറ്റു ന്യൂനപക്ഷ  പിന്നോക്ക ജനവിഭാഗത്തിന്റെയും ഭരണഘടനാപരമായ അവകാശങ്ങള്‍ നേടിയെടുക്കുന്നതിനും സമൂഹത്തില്‍ അഭിമാനകരമായ അസ്തിത്വം ഉയര്‍ത്തുന്നതിനും വേണ്ടിയായിരുന്നു ഇത്. 

Latest News