ന്യൂദൽഹി- സിവിൽ സർവീസ് പരീക്ഷയിൽ ചരിത്രനേട്ടം സ്വന്തമാക്കിയ ആദിവാസി യുവതിക്ക് ആശംസയുമായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. വയനാട് പൊഴുതന ഇടിയംവയൽ അമ്പളക്കൊല്ലി ശ്രീധന്യ സുരേഷിനാണ്(25) രാഹുലിന്റെ ആശംസയെയത്തിയത്. ശ്രീധന്യയെ ഫോണിൽവിളിച്ച രാഹുൽ ആശംസയറിയിച്ച് ട്വീറ്റ് ചെയ്തു. കഠിനാദ്ധ്വാനവും സമർപ്പണവും ശ്രീധന്യക്ക് തന്റെ സ്വപ്നം കീഴടക്കാൻ സഹായിച്ചുവെന്ന് രാഹുൽ ട്വീറ്റ് ചെയ്തു. ശ്രീധന്യയെയും കുടുംബത്തെയും അഭിനന്ദിക്കുന്നുവെന്നും രാഹുൽ ആശംസിച്ചു.
ഇതാദ്യമായാണ് കുറിച്യ വിഭാഗത്തിൽനിന്നുള്ള വനിത സിവിൽ സർവീസ് പരീക്ഷയിൽ മികച്ച വിജയം നേടുന്നത്. അമ്പളക്കൊല്ലി സുരേഷ്-കമല ദമ്പതികളുടെ മകളാണ് ശ്രീധന്യ. മൂത്ത സഹോദരി സുഷിതയും അനുജൻ ശ്രീരാഗും അടങ്ങുന്നതാണ് കുടുംബം. ആദിവാസികളിലെ കുറിച്യ സമുദായാംഗമാണ് ശ്രീധന്യ. സിവിൽ സർവീസ് പരീക്ഷയിൽ 410-ാം റാങ്കാണ് ലഭിച്ചത്.
ഇതോടെ ശ്രീധന്യക്കു മുന്നിൽ തുറന്നത് ഐ.എ.എസിലേക്കുള്ള വാതിൽ.
പരിമിതികളുമായി പടവെട്ടിയാണ് ശ്രീധന്യയുടെ നേട്ടം. കൂലിപ്പണിക്കാരാണ് മാതാപിതാക്കൾ. തരിയോട് നിർമല ഹൈസ്‌കൂളിൽനിന്നു 85 ശതമാനത്തിലധികം മാർക്കോടെ എസ്.എസ്.എൽ.സി പാസായ ശ്രീധന്യ തരിയോട് ഗവൺമെന്റ് ഹയർ സെക്കന്ററി സ്‌കൂളിൽനിന്നാണ് പ്ലസ് ടു ജയിച്ചത്. സുവോളജി ഐച്ഛിക വിഷയമാക്കി കോഴിക്കോട് ദേവഗിരി കോളേജിലായിരുന്നു ബിരുദപഠനം. അപ്ലൈഡ് സുവോളജിയിൽ ബിരുദാനന്തര ബിരുദവും നേടി. പിന്നീട് എട്ടു മാസത്തോളം വയനാട് എൻ ഊരു ടൂറിസം പ്രൊജക്ടിൽ അസിസ്റ്റന്റായി ജോലി ചെയ്തു. തുടർന്നു സിവിൽ സർവീസ് പരീക്ഷ പരിശീലനത്തിനു ചേരുകയായിരുന്നു. തിരുവനന്തപുരം സിവിൽ സർവീസ് എക്‌സിമിനേഷൻ ട്രെയിനിംഗ് സൊസൈറ്റിക്കു കീഴിലായിരുന്നു പരിശീലനം. മലയാളമായിരുന്നു പ്രധാന വിഷയം.