Sorry, you need to enable JavaScript to visit this website.

ഏഴു വയസുകാരന്റെ കൊല; വിറങ്ങലിച്ച് കേരളം; അമ്മയും കാമുകനും ചേർന്ന് നടത്തിയ ക്രൂരത

ഏഴു വയസുകാരൻ മർദനത്തിനിരയായ തൊടുപുഴ കുമാരമംഗലത്തെ വാടകവീട്  

തൊടുപുഴ- അമ്മയുടെ കൂട്ടുകാരന്റെ ക്രൂരമർദനത്തിനും ലൈംഗീകപീഡനത്തിനും ഇരയായി ഏഴുവയസുകാരൻ കൊല്ലപ്പെട്ട തിന്റെ ഞെട്ടലിൽകേരളം വിറങ്ങലിച്ചുനിൽക്കുുന്നു. പത്തുദിവസമായി വെന്റിലേറ്ററിൽ കഴിയുകയായിരുന്ന കുഞ്ഞിനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ മെഡിക്കൽ സംഘം കഴിവതും ശ്രമിക്കുച്ചിരുന്നെങ്കിലും വിജയിച്ചില്ല. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് കുഞ്ഞിന്റെ ജീവൻ നിലനിർത്തിയിരുന്നത്. ഇന്ന് രാവിലെ പതിന്നൊന്നരക്കാണ് കുഞ്ഞ് മരിച്ചത്. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. പ്രതി അരുൺ ആനന്ദിന്റെ പേരിൽ കൊലക്കുറ്റത്തിന് കൂടി കേസെടുത്തു. 
അതിക്രൂരമായ പീഡനമാണ് കുഞ്ഞിന് ഏൽക്കേണ്ടി വന്നത്. ചവിട്ടുകയും കുത്തുകയും ചെയ്ത ശേഷം ചുമരിലേക്ക് വലിച്ചെറിഞ് കുഞ്ഞിന്റെ തലയോട്ടി പിളരുകയായിരുന്നു. കുഞ്ഞിന്റെ അഞ്ചു വയസുള്ള സഹോദരന്റെ മൊഴിയാണ് കേസിൽ വഴിത്തിരിവായത്. സോഫയിൽനിന്ന് വീണാണ് തലയ്ക്ക് പരിക്കേറ്റതെന്ന കുട്ടിയുടെ അമ്മയുടെയും അവരുടെ സുഹൃത്തിന്റെ മൊഴി തെറ്റാണെന്ന് തുടക്കത്തിൽതന്നെ ആശുപത്രി അധികൃതർക്ക് വ്യക്തമായിരുന്നു. പോലീസിന്റെ ചോദ്യം ചെയ്യലിൽ കുട്ടിയുടെ അമ്മയും അരുൺ ആനന്ദ് മർദ്ദിച്ചതായി വ്യക്തമായി. തുടർന്ന് ആശുപത്രിയിൽ വെച്ചുതന്നെ അരുൺ ആനന്ദിനെ പോലീസ് കസ്റ്റഡിയിലെടുത്തു. 
കടുത്ത ക്രിമിനൽ പശ്ചാത്തലമുള്ള അരുൺ ആനന്ദ് കുട്ടികളെ മിക്കസമയത്തും ക്രൂരമർദ്ദനത്തിന് ഇരയാക്കാറുണ്ടായിരുന്നു. ഏഴു വയസുകാരന്റെയും സഹോദരന്റെയും പേരിൽ ബാങ്കിലുണ്ടായിരുന്ന ലക്ഷങ്ങൾ അമ്മയും കാമുകനും ചേർന്ന് വ്യാജരേഖ ഹാജരാക്കി പിൻവലിച്ചു. യുവതിയുടെ ദുരുഹസാഹചര്യത്തിൽ മരിച്ച ഭർത്താവ് ബിജു മക്കളുടെ പേരിൽ തൊടുപുഴയിലെ ഷെഡ്യൂൾഡ് ബാങ്കിൽ നിക്ഷേപിച്ചിരുന്ന മൂന്നര ലക്ഷം രൂപയാണ് ഇവർ എടുത്തത്. കുട്ടികളുടെ മാതാപിതാക്കളാണെന്ന് ബാങ്ക് അധികൃതരെ തെറ്റിദ്ധരിപ്പിച്ചാണ് പണം പിൻവലിച്ചത്. 
യുവതിയുടെ കാമുകൻ അരുൺ ആനന്ദ് ഏഴുവയസുകാരനെ മൃഗീയമായി മർദിച്ച സംഭവത്തിൽ യുവതിയുടെ നീക്കങ്ങൾ പലതും യുക്തിക്കു നിരക്കാത്തതും ദുരൂഹതകൾ ഒളിപ്പിച്ചതുമായിരുന്നു. കുട്ടിയെ ആക്രമിച്ച കേസിൽ കൂട്ടുപ്രതിയായ യുവതിക്കെതിരെയും കേസെടുത്ത പോലീസ് ഇവരുടെ ഭർത്താവ് ബിജുവിന്റെ മരണത്തിലും അന്വേഷണം നടത്തുന്നുണ്ട്. മണക്കാട് കല്ലാട്ടുമുക്ക് ബാബുവിന്റെയും രമണിയുടെയും മകനാണ് ബിജു. കഴിഞ്ഞ വർഷം മേയ് 23നാണ് ബിജു ദുരൂഹസാഹചര്യത്തിൽ മരണമടയുന്നത്.
ഹൃദയാഘാതമെന്നാണ് യുവതി  പറഞ്ഞിരുന്നത്. പിന്നീട് കാമുകനായ അരുണിനൊപ്പം ഒളിച്ചോടിയ യുവതി പറഞ്ഞ വിവരം മാത്രമാണ് ഇക്കാര്യത്തിൽ ബിജുവിന്റെ വീട്ടുകാർക്കുമുള്ളത്. യുവതിയുടെ ഉടുമ്പന്നൂരിലെ വീട്ടിൽ വച്ചായിരുന്നു ബിജുവിന്റെ മരണം. ഭക്ഷണശേഷം അസ്വസ്ഥത അനുഭവപ്പെട്ട ബിജുവിനെ യുവതി ആശുപത്രിയിലേക്ക് തനിച്ച് കൊണ്ടുപോകുന്നതിനിടെ മരണപ്പെട്ടെന്നാണ് വീട്ടുകാരോട് യുവതി പറഞ്ഞിരുന്നത്.
അന്ന് ബിജുവിന്റെ മരണത്തിൽ സുഹൃത്തുക്കളും ബന്ധുക്കളും സംശയം പ്രകടിപ്പിച്ചിരുന്നു. എന്നാൽ കൂടുതൽ പരാതികളോ സംശയങ്ങളോ ഉണ്ടാകാതിരുന്നതോടെ കാര്യങ്ങൾ അവിടെ അവസാനിച്ചു. ബിജു മരിച്ചതിന് പിന്നാലെ അരുൺ ഉടുമ്പന്നൂരിലെ വീട്ടിൽ സ്ഥിരം വരാൻ തുടങ്ങി. രാത്രികളിലും അവിടെ താമസിക്കാൻ തുടങ്ങി. ഭർത്താവ് മരിച്ച് ദിവസങ്ങൾ തികയുന്നതിന് മുമ്പ് തന്നെ യുവതി അരുണിനൊപ്പം സന്തോഷവതിയായി തൊടുപുഴ പ്രദേശങ്ങളിൽ കറങ്ങി നടന്നിരുന്നതായി നാട്ടുകാരും ഓർമ്മിക്കുന്നു. പിന്നീടായിരുന്നു ഇയാൾക്കൊപ്പമുള്ള ഒളിച്ചോട്ടം.
തന്നെ മാരകമായി അരുൺ ഉപദ്രവിക്കാറുണ്ടെന്നാണ് യുവതി പോലീസിനോട് പറഞ്ഞത്. എന്തുകൊണ്ടാണ് ഇത്രയും ഉപദ്രവം ഉണ്ടായിട്ടും യുവതി ഇയാളിൽ നിന്ന് ഒഴിഞ്ഞുമാറാൻ ശ്രമിക്കാതിരുന്നതെന്ന് സംബന്ധിച്ചും ദുരൂഹതയുണ്ട്. യുവതി തന്നെവിട്ട് പോകില്ലെന്ന് അരുണിന് കൃത്യമായി അറിയാമായിരുന്നുവെന്ന് ഏഴുവയസുകാരന് മർദനമേൽക്കുന്നതിന് ദിവസങ്ങൾ മുമ്പു നടന്ന സംഭവങ്ങൾ സൂചിപ്പിക്കുന്നു.മൂന്നാഴ്ച മുമ്പ് ഒരു രാത്രിയിൽ തൊടുപുഴയിലെ പാർക്കിനു സമീപം നടന്ന സംഭവമാണ് ഇത്തരമൊരു സംശയത്തിന് വഴിയൊരുക്കുന്നത്. റോഡുസൈഡിൽനിന്ന് അരുൺ ആരോടോ ഫോണിൽ തെറിവിളിക്കുന്നു. ഇളയകുട്ടി ഒപ്പമുണ്ട്. അൽപ്പം കഴിഞ്ഞപ്പോൾ ഇതേ യുവതി ഒരു കാറിൽ ഇവിടെയെത്തി. അവിടെവച്ച് യുവതിയുടെ കരണത്തടിച്ച അരുൺ അസഭ്യം പറഞ്ഞു. അടികൊണ്ട യുവതി മറുത്തൊന്നും പറയാതെ അരുണും ഇളയകുട്ടിയുമായി കാറോടിച്ചു പോയി. ബിജുവിന്റെ മരണവുമായി ബന്ധപ്പെട്ട എന്തെങ്കിലും രഹസ്യങ്ങൾ അരുണിന് അറിയാമായിരുന്നതിനാലാണ് യുവതി പ്രതികരിക്കാത്തതെന്നാണ് സംശയം. തൊടുപുഴ നഗരത്തിലെ ബിജുവിന്റെ വർക്ക്ഷോപ്പും ഇവർ സ്വന്തമാക്കിയിരുന്നു. അരുണിന്റെ എല്ലാ നീക്കങ്ങൾക്കും യുവതിയുടെ പൂർണ പിന്തുണയുണ്ടെന്നാണ് ഇതെല്ലാം സൂചിപ്പിക്കുന്നത്. അരുൺ കുടുങ്ങുമെന്ന് ഉറപ്പായപ്പോൾ ഇയാളെ തള്ളിപ്പറഞ്ഞ് സ്വയം രക്ഷപ്പെടാനുള്ള നീക്കങ്ങളായിരുന്നു യുവതി നടത്തിയത്. യാതൊരു ജോലിയും ഇല്ലാതിരുന്ന അരുണും യുവതിയും ധരിച്ചിരുന്നത് മുന്തിയ വസ്ത്രങ്ങളായിരുന്നു. കുമാരമംഗലത്തെ വാടകവീട്ടിൽ നിന്ന് പകൽസമയങ്ങളിൽ ഇവർ പുറത്തു പോയിരുന്നില്ല. എന്നാൽ രാത്രിസമയങ്ങളിൽ, പലപ്പോഴും അർധരാത്രി 12 മണിക്കുശേഷം ഇരുവരും പുറത്തേക്ക് പോയിരുന്നു. തിരിച്ചെത്തുന്നത് പുലർച്ചെ സമയങ്ങളിലും. ഭക്ഷണം കഴിക്കാനാണ് പോയിരുന്നതെന്നാണ് യുവതി പറയുന്നതെങ്കിലും അതത്ര വിശ്വസനീയമല്ല.
മറ്റൊരു സംഭവം കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച സമയമാണ്. തൊടുപുഴയിലെ ആശുപത്രിയിൽ കുട്ടിയെ എത്തിച്ചപ്പോൾ പോലീസുകാർ അവിടെ എത്തിയിരുന്നു. കുട്ടിയുടെ പരുക്കിൽ സംശയം തോന്നിയ പോലീസുകാർ യുവതിയോട് പല കാര്യങ്ങളും ചോദിച്ചു. വീട്ടുകാരെപ്പറ്റി ചോദ്യങ്ങൾ ആവർത്തിച്ചപ്പോൾ യുവതി അവരോട് കയർത്തു സംസാരിച്ചു.കുട്ടിയെ ആംബുലൻസിൽ കോലഞ്ചേരിയിലേക്ക് കൊണ്ടുപോകാൻ തുടങ്ങിയപ്പോൾ കാറിൽ പുറകെ വരാമെന്നാണ് അരുൺ അറിയിച്ചത്. യുവതിക്കും ഇയാളോടൊപ്പം പോകാനാണ് താൽപര്യം ഉണ്ടായിരുന്നത്. മനസില്ലാ മനസോടെ യുവതി അംബുലൻസിൽ കയറുകയും പോലീസിന്റെ നിർബന്ധത്താൽ അരുൺ ആംബുലൻസിന്റെ മുന്നിൽ കയറുകയുമായിരുന്നു.തൊടുപുഴ ഉടുമ്പന്നൂരിനടുത്ത് സ്‌കൂൾ അധ്യാപികയായിരുന്നു യുവതിയുടെ മാതാവ്. യുവതി കുട്ടിയായിരുന്നപ്പോൾ തന്നെ പിതാവ് ഉപേക്ഷിച്ചു പോയിരുന്നു.
 

Latest News