ന്യൂദൽഹി/ ബംഗളൂരു- സത്യത്തിന്റെ ശക്തിയുടെ സ്ഥാനത്ത് ശക്തിയുടെ സത്യമാണ് ഇന്ന് രാജ്യത്ത് നിലനിൽക്കുന്നതെന്ന് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ ട്വീറ്റ്. ജവാഹർലാൽ നെഹ്‌റു സ്ഥാപിച്ച നാഷണൽ ഹെറാൾഡ് പത്രത്തിന്റെ അനുസ്മരണ എഡിഷൻ ബംഗളൂരുവിൽ പ്രകാശനം ചെയ്യുന്നതിനോടനുബന്ധിച്ചാണ് രാഹുൽ രാജ്യത്ത് മാധ്യമ പ്രവർത്തകർ നേരിടുന്ന സമ്മർദത്തെക്കുറിച്ച് ട്വിറ്ററിൽ കുറിച്ചത്.
സത്യം പറയുന്നവർ ആരായാലും അവരെ ഭീഷണിപ്പെടുത്തി നിശ്ശബ്ദരാക്കുന്ന അവസ്ഥയാണ് രാജ്യത്ത് ഇപ്പോഴുള്ളതെന്ന് ബംഗളൂരുവിലെ ചടങ്ങിൽ അദ്ദേഹം പറഞ്ഞു. ആയിരക്കണക്കിന് മാധ്യമ പ്രവർത്തകർക്ക് അവർ ആഗ്രഹിക്കുന്നത് എഴുതാൻ കഴിയാത്ത അവസ്ഥയാണ്. ഞാനവരെ കണ്ടപ്പോൾ അവർ ഇക്കാര്യം എന്നോട് പറഞ്ഞു. സർക്കാർ എല്ലാവരെയും ശക്തിയുപയോഗിച്ച് നിശ്ശബ്ദരാക്കുകയാണ്. എന്നാൽ വിമർശനങ്ങളെ താൻ സ്വാഗതം ചെയ്യുകയും പ്രോൽസാഹിപ്പിക്കുകയുമാണ് ചെയ്യുന്നതെന്നും രാഹുൽ വ്യക്തമാക്കി.
നാഷണൽ ഹെറാൾഡ് സത്യമാണ് പറയേണ്ടത്. കോൺഗ്രസിനെ വിമർശിക്കേണ്ടപ്പോൾ വിമർശിക്കുക. എന്നെക്കുറിച്ചോ, എന്റെ പാർട്ടിയെക്കുറിച്ചോ നിങ്ങൾക്ക് എന്തെങ്കിലും പറയണമെന്ന് തോന്നുമ്പോൾ പറയുന്നതിൽ എനിക്ക് ഒരു പ്രശ്‌നവുമില്ല. നിശ്ശബ്ദരാകാതെ സത്യം പറയുക. ഇതാണ് ദേശീയ തലത്തിലും നമ്മൾ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.






