സേനാ മേധാവിക്കെതിരായ പരാമർശം; കോൺഗ്രസ് നേതാവിനെ വിമർശിച്ച് രാഹുൽ

ന്യൂദൽഹി - കോൺഗ്രസ് നേതാവ് സന്ദീപ് ദീക്ഷിത് കരസേന മേധാവി ബിപിൻ റാവത്തിനെ തെരുവു ഗുണ്ടകളോട് ഉപമിച്ചതിനെ വിമർശിച്ച് പാർട്ടി ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. ഇത്തരം പ്രസ്താനവകൾ തീർത്തും തെറ്റാണെന്ന് പറഞ്ഞ രാഹുൽ, നമ്മുടെ സൈന്യം രാജ്യത്തെ സേവിക്കുന്നവരാണെന്നും, ഒരു രാഷ്ട്രീയ നേതാവും സേനാ മേധാവിക്കെതിരെ ഇത്തരം പരാമർശങ്ങൾ പറയരുതെന്നും വ്യക്തമാക്കി. ബംഗളൂരുവിൽ ഒരു പൊതുപരിപാടിക്കെത്തിയതായിരുന്നു രാഹുൽ.
കശ്മീരി പ്രക്ഷോഭത്തെ സൈന്യം കൈകാര്യം ചെയ്യുന്ന രീതിയെയും യുവാവിനെ ജീപ്പിന് മുന്നിൽ കെട്ടിയിട്ട നടപടിയെയും പരാമർശിച്ചാണ് മുതിർന്ന കോൺഗ്രസ് നേതാവും മുൻ എം.പിയമായ സന്ദീപ് ദീക്ഷിത് കഴിഞ്ഞ ദിവസം കരസേനാ മേധാവിയെ വിമർശിച്ചത്. പാക്കിസ്ഥാനിലെ പോലെയുള്ള സൈന്യമല്ല ഇന്ത്യയുടേതെന്നും തെരുവു ഗുണ്ടകൾക്ക് സമാനമായുള്ള പ്രസ്താവനകൾ കരസേന മേധാവി പറയുന്നത് ശരിയല്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്. ഇന്ത്യൻ സൈന്യം എങ്ങനെയായിരിക്കണമെന്ന തന്റെ സങ്കൽപത്തിനൊപ്പം ഉയരുന്നതല്ല, ഇപ്പോഴത്തെ സേനാ മേധാവിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 
പ്രസ്താവന വിവാദമാവുകയും ബി.ജെ.പി ശക്തിയായി പ്രതിഷേധിക്കുകയും ചെയ്തതിനു പിന്നാലെ സന്ദീപ് ദീക്ഷിത് ക്ഷമാപണം നടത്തിയിരുന്നു. പറഞ്ഞത് തെറ്റായിപ്പോയെന്ന് താൻ ആത്മാർഥമായി വിശ്വസിക്കുന്നുവെന്നും അതിനാൽ തന്നെ മാപ്പ് പറയുകയും പ്രസ്താവന പിൻവലിക്കുകയും ചെയ്യുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്. ഇതിനു പിന്നാലെയാണ് രാഹുൽ ഗാന്ധിയും ദീക്ഷിതിന്റെ പ്രസ്താവനയെ വിമർശിച്ചത്. എന്നാൽ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി തന്നെ ഇക്കാര്യത്തിൽ മാപ്പ് പറയണമെന്നാണ് ബി.ജെ.പി ആവശ്യപ്പെടുന്നത്. സൈന്യത്തെ അപമാനിക്കുക എന്നത് കോൺഗ്രസിന്റെ നയമാണോ എന്ന് കേന്ദ്ര മന്ത്രി നിർമല സീതാരാമൻ ചോദിച്ചു.
സന്ദീപ് ദീക്ഷിതിനെ കോൺഗ്രസിൽനിന്ന് പുറത്താക്കണമെന്നും കോൺഗ്രസ് നേതാക്കളുടെ ഭാഗത്തു നിന്നും ഉണ്ടാകുന്ന ഇത്തരം നടപടികൾക്ക് സോണിയ മാപ്പു പറയണമെന്നും അവർ ആവശ്യപ്പെട്ടു. 
 

Latest News