Sorry, you need to enable JavaScript to visit this website.

ഇത് വെറുമൊരു തെരഞ്ഞെടുപ്പല്ല 

പതിനേഴാമത് ലോക്‌സഭയിലേക്കുള്ള തെരഞ്ഞെടുപ്പ് സമാരംഭിക്കാൻ ഇനി ഏതാനും ദിവസങ്ങൾ മാത്രം. ഓരോ തെരഞ്ഞെടുപ്പും നമ്മുടെ ജനാധിപത്യ സമ്പ്രദായത്തിന്റെ വിജയാപചയങ്ങൾ വിലയിരുത്താനും ആത്മവിചാരം നടത്താനുമുള്ള അവസരമാണ്. പതിനാറു തവണ നാം പൊതുതെരഞ്ഞെടുപ്പുകളിലൂടെ കടന്നുപോയി. നൂറുകണക്കിന് തവണ കീഴ്ത്തട്ടുകളിൽ തെരഞ്ഞെടുപ്പ് നടന്നു. നമ്മുടെ ജനാധിപത്യത്തിന്റെ ശക്തിയും സൗന്ദര്യവും പ്രദർശിപ്പിക്കുന്നതായിരുന്നു ഓരോ തെരഞ്ഞെടുപ്പും. 
ഏഴു ദശാബ്ദങ്ങളിലൂടെ കടന്നുപോയ ഈ ജനാധിപത്യ യാത്ര ചിലപ്പോഴൊക്കെ അപകട മുനമ്പുകളിൽ പെട്ടുപോയിട്ടുണ്ട്. രാഷ്ട്രീയം തിളച്ചുമറിഞ്ഞ എഴുപതുകളിൽ അടിയന്തരാവസ്ഥയുടെ കരാള ഹസ്തങ്ങളിലൂടെ കടന്നുപോയ ഇരുണ്ട നീളുകൾ നാം തികച്ചും ഭയന്നു. തകർച്ചയുടെ അടയാളങ്ങൾ കണ്ടു. ഏകാധിപത്യം ഞെരിച്ചമർത്തിയ പൗരാവകാശങ്ങളെക്കുറിച്ച് വേവലാതി പൂണ്ടു. ഒരുവേള, ജനാധിപത്യം അസ്തമിക്കുകയാണോ എന്നു ഭീതിയോടെ ചിന്തിച്ചു. അയൽപക്കത്തെ പട്ടാള ഭരണം ഭയപ്പെടുത്തി. എന്നാൽ ആർജിത ശക്തിയാൽ, ഭാരതീയ ജനമനസ്സ് ആ ഏകാധിപത്യ വാഴ്ചയെ തകർത്തെറിഞ്ഞു. ഇന്ത്യ വീണ്ടും ജനായത്ത പാതയിലൂടെ തന്നെ നീങ്ങി.
ലോകത്തെ ഏറ്റവും ശക്തമായ ജനാധിപത്യം എന്ന ഖ്യാതി നാം നേടിയതിന് പിന്നിൽ ഉറച്ച തീരുമാനമെടുക്കാനുള്ള ഇന്ത്യൻ മനസ്സിന്റെ കരുത്തുണ്ട്. എഴുപതുകൾക്ക് ശേഷം വലിയൊരു കുതിച്ചുചാട്ടത്തിലൂടെ ഭരണഘടനാ സ്ഥാപനങ്ങളെ ശക്തമാക്കാൻ നമുക്ക് സാധിച്ചു. അടിത്തട്ട് വരെയെത്തുന്ന അധികാര വികേന്ദ്രീകരണം, പ്രാതിനിധ്യത്തിന്റെ വിപുലീകരണം, വിഭവങ്ങളുടെ പുനർവിതരണം എല്ലാം ഇന്ത്യയെ ശക്തിപ്പെടുത്തി. 
നമ്മുടെ ന്യൂനതകൾ മറന്നുകൊണ്ടോ മായ്ച്ചുകളയാനോ അല്ല ഇത് പറഞ്ഞത്. പലേടത്തും നമുക്ക് കാലിടറിയിട്ടുണ്ട്. അഴിമതി മഹാവ്യാധിയായി മാറി. കഴിഞ്ഞ രണ്ട് ദശാബ്ദക്കാലത്തെ എല്ലാ തെരഞ്ഞെടുപ്പുകളും അഴിമതിക്കെതിരായ ശബ്ദമായി പരിണമിച്ചു. സർക്കാരുകൾ മാറിയെങ്കിലും അഴിമതിക്ക് കുറവൊന്നുമുണ്ടായില്ല. ദുർബല വിഭാഗങ്ങളുടെ ശാക്തീകരണത്തിൽ ഏറെയൊന്നും മുന്നേറാൻ നമുക്ക് കഴിഞ്ഞില്ല. ഇന്നും ഉത്തരേന്ത്യൻ ഗ്രാമങ്ങൾ ജാതി ചോദിക്കാനും പറയാനുമുള്ള പാഠശാലകളായി തന്നെ നിലനിൽക്കുന്നു. സംവരണത്തിന്റെ ഭരണഘടനാസംരക്ഷണമുണ്ടായിട്ടും ദുർബല വിഭാഗങ്ങളെ അധികാര ഇടനാഴികളിൽ അധികമൊന്നും കാണാൻ കിട്ടുന്നില്ല. 
തെരഞ്ഞെടുപ്പുകളിലെ പണാധിപത്യവും കായബലവും ഇന്നും ഇന്ത്യൻ ജനാധിപത്യത്തിലെ ശാപമായി നിലനിൽക്കുകയാണ്. ജനാധിപത്യത്തെ അതിന്റെ അർഥതലങ്ങളിൽ ആവാഹിക്കാനും നവോത്ഥാനത്തിന്റെ അടിത്തറയാക്കി മാറ്റാനും കഴിഞ്ഞ കേരളത്തിൽ ഒരു പക്ഷേ അതത്ര പ്രകടമായെന്ന് വരില്ല. ഇന്നും പണം കൊടുത്തും സമ്മാനങ്ങൾ നൽകിയും വോട്ടു വാങ്ങുന്ന സമ്പ്രദായം രാജ്യത്തിന്റെ പല ഭാഗങ്ങളിലും നിലനിൽക്കുന്നു. 
സാമ്പത്തികമായും സാമൂഹികമായും ശക്തരായവർക്ക്, കായിക ബലമുപയോഗിച്ച് ദുർബല വിഭാഗങ്ങളെ ബൂത്തുകളിലേക്ക് ആട്ടിത്തെളിക്കാവുന്ന സ്ഥലങ്ങളുമുണ്ട്. രാജ്യത്തെ തെരഞ്ഞെടുപ്പ് കമ്മീഷൻ ഇത്തരം സംഭവങ്ങൾക്കെതിരെ നടപടിയെടുക്കാൻ വേണ്ട കെൽപ് കൈവരിച്ചിട്ട് അധികനാളായിട്ടില്ല. അതിനാൽ തന്നെ കള്ളപ്പണത്തിന്റേയും കായിക ശക്തിയുടേയും സ്വാധീനം തെരഞ്ഞെടുപ്പിൽനിന്ന് പൂർണമായും ഒഴിവാക്കാൻ ഇനിയും സാധിച്ചിട്ടില്ല. 
ജനാധിപത്യ സ്ഥാപനങ്ങളുടെ പ്രാതിനിധ്യ സ്വഭാവം വലിയ തോതിൽ പുരോഗതി പ്രാപിച്ചെങ്കിലും സ്ത്രീകളും മതന്യൂനപക്ഷങ്ങളുമടക്കമുള്ള വിഭാഗങ്ങളെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിൽ നാം പരാജയപ്പെട്ടു. ഇതെല്ലാം നമ്മുടെ ജനാധിപത്യത്തിന്റെ ക്ഷമത പരീക്ഷിക്കുന്ന മേഖലകളാണെങ്കിലും, തെരഞ്ഞെടുപ്പുകൾ ഇവിടെ വലിയ ഉത്സവങ്ങളായി തന്നെയാണ് നാം കൊണ്ടാടുന്നത്. 
നമ്മുടെ ഇഛയും കരുത്തും വിളിച്ചറിയിക്കുന്ന സ്വാഭിമാന വേദിയാണ് ഓരോ തെരഞ്ഞെടുപ്പും. ദശാബ്ദങ്ങളുടെ പ്രവർത്തനങ്ങളിലൂടെ നമ്മുടെ തെരഞ്ഞെടുപ്പ് കമ്മീഷൻ കൈവരിച്ച സുതാര്യതയും കാര്യക്ഷമതയും ഇന്ത്യയിൽ നീതിപൂർവകമായ തെരഞ്ഞെടുപ്പിന് വലിയൊരളവോളം സഹായിച്ചിട്ടുണ്ട്. ചിലപ്പോഴൊക്കെ, രാഷ്ട്രീയ ഭരണ ഇടപെടലുകൾ അതിനെ നിർജീവമാക്കാൻ ശ്രമിച്ചിട്ടുണ്ടെങ്കിലും. തെരഞ്ഞെടുപ്പിൽ വോട്ടർമാരുടെ പങ്കാളിത്തം വർധിപ്പിക്കാനുള്ള കമ്മീഷന്റെ കഠിന യത്‌നങ്ങൾ കഴിഞ്ഞ ഏതാനും പൊതുതെരഞ്ഞെടുപ്പുകളിൽ വർധിച്ചുവരുന്ന വോട്ടിംഗ് ശതമാനത്തിൽ പ്രതിഫലിക്കുന്നുണ്ട്. 
ഈ തെരഞ്ഞെടുപ്പിന് വലിയൊരു സവിശേഷതയുണ്ട്. വെറുമൊരു തെരഞ്ഞെടുപ്പല്ല ഇതെന്നത് തന്നെ കാരണം. കഴിഞ്ഞ അഞ്ചു വർഷം നമ്മുടെ ജനാധിപത്യം വലിയ വെല്ലുവിളി നേരിട്ടു. എതിർക്കുന്നവനും പ്രാതിനിധ്യം നൽകുന്ന വിശാല മനസ്സുള്ള ജനാധിപത്യത്തെ സങ്കുചിത താൽപര്യങ്ങളും ദേശീയ വികാരങ്ങളും ചേർന്ന് വിഴുങ്ങി. ഭരണഘടനാ സ്ഥാപനങ്ങൾ അട്ടിമറിക്കപ്പെട്ടു. ജനാധിപത്യത്തിനും പങ്കാളിത്തത്തിനും വിരുദ്ധമായ ആശയങ്ങളുള്ളവർ നിർണായക സ്ഥാനങ്ങളിൽ എത്തിപ്പെട്ടു. ജനങ്ങളെ വിഭജിക്കുന്ന ആശയധാരകൾ ഭരണ കേന്ദ്രങ്ങളിൽ ശക്തി പ്രാപിച്ചു. എല്ലാവരേയും ഉൾക്കൊള്ളുന്ന ജനാധിപത്യമല്ല, ചിലരെയൊക്കെ മാറ്റിനിർത്തുന്ന ഏകാധിപത്യത്തിന്റെ ദുസ്സൂചനകൾ കണ്ടു തുടങ്ങി. അതിനാൽ ഈ തെരഞ്ഞെടുപ്പ് ഇന്ത്യൻ ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങൾ ആവർത്തിച്ചുറപ്പിക്കാനും കരുത്തുറ്റതാക്കാനും കൂടിയുള്ളതാണ്. ജനാധിപത്യത്തിന്റെ പ്രാതിനിധ്യ സ്വഭാവം തിരിച്ചുപിടിക്കാനും കൂട്ടായ്മയുടേതായ ആവേശം പുനഃസൃഷ്ടിക്കാനുമുള്ളതാണ്.
നമ്മുടെ തെരഞ്ഞെടുപ്പുകൾക്ക് പുതിയ ദിശാബോധം നൽകിയ വോട്ടിംഗ് യന്ത്രങ്ങൾ പോലും ഇന്ന് സംശയ നിഴലിലാണ്. തങ്ങളുടെ വോട്ടുകൾ ഇഛാനുസൃതമാണ് രേഖപ്പെടുത്തുന്നത് എന്ന് ഉറച്ച ബോധ്യമില്ലാത്ത വോട്ടർമാർ, ജനാധിപത്യത്തെ ദുർബലപ്പെടുത്തും. ജനാധിപത്യ പ്രക്രിയയുടെ വിശ്വാസ്യത ഉറപ്പിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ പല നടപടികൾ കൈക്കൊള്ളുന്നുണ്ടെങ്കിലും ഈ തെരഞ്ഞെടുപ്പ് പൂർണമാകുമ്പോൾ അതിന്റെ വിശ്വാസ്യതയും സ്വീകാര്യതയും വർധിക്കേണ്ടതുണ്ട്. പൗരജീവിതങ്ങളെ നിശ്ചയിക്കുകയും നിയന്ത്രിക്കുകയും ചെയ്യാൻ ശക്തിയുള്ള വിധത്തിൽ നവമാധ്യമങ്ങൾ ഉയർന്നുവന്ന പുതിയ കാലത്ത് അവയുടെ ശരിയായ ഉപയോഗവും സാമൂഹിക ബാധ്യതയും ഉറപ്പിക്കാനുള്ള ശ്രമങ്ങൾക്കും തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടികളെടുത്തിട്ടുണ്ട്. തെരഞ്ഞെടുപ്പുകളിൽ പണമൊഴുക്ക് തടയാനുള്ള ശ്രമങ്ങൾ പല കാരണങ്ങളാൽ വിജയം കാണാൻ ഇടയില്ലെന്നതാണ് സത്യം. 
ഹിന്ദുത്വയുടെ അധികാര വാഗ്ദാനങ്ങളുമായി 2014 ൽ ഇരച്ചുകയറി വന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് രണ്ടാമൂഴത്തിനുള്ള ന്യായങ്ങൾ നിരത്തേണ്ടതുണ്ട്. എതിരാളികൾക്കാകട്ടെ, മോഡിയുടെ കീഴിൽ രാജ്യത്തിന്റെ അതിജീവനത്തിൽ തന്നെ അപകടം മണക്കുന്നു. ഒഴിവാക്കപ്പെട്ടവരേയും പാർശ്വവൽക്കൃതരേയും അവർക്ക് ചേർത്തുനിർത്തേണ്ടതുണ്ട്. അഞ്ചുവർഷത്തെ ഭരണ കാലത്തിനിടയിൽ ശക്തി ചോർത്തപ്പെട്ടവരെ സംരക്ഷിക്കേണ്ടതുണ്ട്. അതിനാൽ എല്ലാ പാർട്ടികളും സ്വന്തം താൽപര്യങ്ങളിൽനിന്ന് അൽപം ഉയർന്ന് രാജ്യത്തിന്റെ വിശാല താൽപര്യങ്ങളെക്കുറിച്ച് സംസാരിക്കേണ്ട സമയമാണിത്. വർഗീയ ധ്രുവീകരണത്തിലധിഷ്ഠിതമായ പ്രചാരണം, ജനാധിപത്യത്തെ ശിഥിലമാക്കാനേ സഹായിക്കൂ. നാം കണ്ട സ്വപ്‌നങ്ങൾ പൂർണമായും സാക്ഷാത്കരിക്കപ്പെട്ടിട്ടില്ലെന്നും ആ സ്വപ്‌നങ്ങളോട് പ്രതിബദ്ധത പുലർത്തണമെന്നും ഓരോ വോട്ടറും തിരിച്ചറിയണം. സമ്മതിദാനാവകാശം വലിയൊരു ശാക്തീകരണ ആയുധമാണ്. കേവലമൊരു ഭരണകൂടത്തെ നിശ്ചയിക്കുക എന്നതിലുപരി അതിന് ഇത്തവണ വിശാലമായ മാനങ്ങളുണ്ട്. അതെ, ഇത് വെറുമൊരു തെരഞ്ഞെടുപ്പല്ല.

Latest News