Sorry, you need to enable JavaScript to visit this website.

ജസീന്തക്കും രാഹുലിനുമെന്ത് പച്ച, എന്ത് ചുവപ്പ് 

സ്വതന്ത്ര ഇന്ത്യയിലെ ജനങ്ങൾ ഏറ്റവുമധികം കാത്തിരുന്ന് സ്വീകരിച്ച നേതാവ് രാഹുൽഗാന്ധിയുടെയും, പ്രിയങ്കയുടെയും വലിയച്ഛൻ ജവഹർലാൽ നെഹ്‌റുവായിരിക്കും. തെരഞ്ഞെടുപ്പ് പ്രചാരണ നാളുകളിലെ  നെഹ്‌റുവിനെ ഇങ്ങിനെയാണ് ചരിത്രം രേഖപ്പെടുത്തിയത്- ഉറങ്ങിയതിനെക്കാൾ ഏറെ യാത്ര ചെയ്തു. യാത്ര ചെയ്തതിനേക്കാൾ ഏറെ സംസാരിച്ചു. മുന്നൂറും, നാനൂറും യോഗങ്ങളിലായിരുന്നു പ്രസംഗം. വഴിയോരങ്ങളിലെ ജനങ്ങളെ പരമാവധി നേരിൽ കണ്ടതും, കുട്ടികളെ താലോലിച്ചതുമൊക്കെ ചരിത്രം. സമാന വഴിയിലായിരുന്നു മകൾ ഇന്ദിരാഗാന്ധിയും. ഇപ്പോഴിതാ,  ഈ കാലത്തിന്  ചേരുംവിധം കൊച്ചുമക്കളായ രാഹുലും, പ്രിയങ്കയും അവരുടെ വഴിയിൽ ജനങ്ങൾക്കിടയിൽ ഇറങ്ങിനടക്കുന്നു. വെറുതെ ഇറങ്ങി നടക്കുകമാത്രമല്ല, അവർ ഇടപെടുകയും ചെയ്യുന്നു. വലിയ വലിയ പ്രസംഗങ്ങൾക്കൊന്നും തങ്ങളുടെ  കാലത്തെ ജനത വലിയ വില കൽപ്പിക്കുന്നില്ലെന്ന് അവർക്കറിയാം. അതു കൊണ്ടാണവർ കൃതിമ ലേശമില്ലാത്ത ഇടപെടലുകൾ വഴി ജന ഹൃദയങ്ങളിലേക്ക് കയറിപ്പോകുന്നത്. ഒരൊറ്റ ദിവസം കൊണ്ട് വയനാട്ടിൽ സംഭവിച്ചതെല്ലാം ഇന്ത്യ കണ്ടു, കേട്ടു. വയനാട് യാത്രയുടെ അലയൊലി ഇനിയും അടങ്ങിയിട്ടില്ല. അടുത്തൊന്നും അടങ്ങാനും പോകുന്നില്ലെന്ന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്നലെയും തെളിയിച്ചിട്ടുണ്ട്. ഹോ, വയനാടോ, അങ്ങോട്ട് പോകേണ്ട, ലീഗുണ്ട്, പച്ചയുണ്ട്, പച്ചകളാണ് കൂടുതൽ  എന്ന് രാഹുൽ ഗാന്ധിയെ  ആദ്യമാദ്യം പേടിപ്പിച്ചവരിൽ കൂടുതലും കമ്യൂണിസ്റ്റുകാരായിരുന്നു.
നെഹ്‌റുവിനോടും കമ്യൂണിസ്റ്റുകാർ അങ്ങിനെയൊക്കെ തർക്കിച്ചിരുന്നു. അത് പക്ഷെ ഇതുപോലെ പച്ചയായ കാര്യമായിരുന്നില്ലെന്ന് മാത്രം.  അരിവാളും ചുറ്റികയും പതിച്ച കൊടി വീശി എത്തിയ കമ്യൂണിസ്റ്റുകാരോട് അന്നദ്ദേഹം പറഞ്ഞു. നിങ്ങൾ ഏത് രാജ്യത്തിന്റെ കൊടിയാണോ പിടിക്കുന്നത് അവിടെതന്നെ പോയി ജീവിക്കുക. കൂടുതൽ ധീരരായിരുന്ന അന്നത്തെ കമ്യൂണിസ്റ്റുകാർ തിരിച്ചടിച്ചു: താങ്കൾക്ക് ന്യൂയോർക്കിൽപോയി വാൾ സ്റ്റ്രീറ്റ് സാമ്രാജ്യത്വ വാദികൾക്കൊപ്പം ജീവിച്ചു കൂടെ?  
വയനാട്ടിലെത്തിയ രാഹുൽ ഗാന്ധിയുമായുളള കൂടിക്കാഴ്ചയിൽ കേരളനേതാക്കൾ  കമ്യൂണിസ്റ്റുകാർക്കെതിരെ എന്തൊക്കെ പറയണമെന്ന് അക്കമിട്ട് നിരത്തിയിരുന്നുവെന്നാണറിവ്. അൽപ്പനേരം മൗനിയായ രാഹുൽ താൻ മറ്റൊരു സമീപനമായിരിക്കും സ്വീകരിക്കുകയെന്ന് അറിയിച്ചിരുന്നു. എന്തു പറഞ്ഞാലും തിരിച്ചു പറയാനില്ലെന്ന നിലപാട് പ്രഖ്യാപനത്തിലൂടെ അദ്ദേഹം അവരെയും ഞെട്ടിച്ചു.
ലീഗുമായി ബന്ധപ്പെടുത്തി ഉണ്ടായ പേടിപ്പിക്കലുകൾ  കേട്ടവർ കരുതിയത് രാഹുൽ, പണ്ട് പട്ടേലോ മറ്റോ പറഞ്ഞതുപോലെ ആരവിടെ, അഴിച്ചു മാറ്റൂ ആ കൊടികൾ  എന്ന് പച്ചക്കൊടികൾ കണ്ട് ആക്രോശിക്കുമെന്നായിരുന്നു. പക്ഷെ സംഭവിച്ചത് മറ്റൊന്നായിരുന്നു. ആ കൊടിയിങ്ങു താ എന്ന് പച്ചയുടെ നാടായ വയനാട്ടിൽ രാഹുലും പച്ചയായി.  ഇന്ത്യയുടെ സാംസ്‌കാരിക വൈവിധ്യത്തിനുമേൽ നാഗ്പ്പൂരിൽ നിന്ന് ആർ.എസ്.എസും ബി.ജെ.പിയും നടത്തുന്ന അക്രമങ്ങൾ, ജനാധിപത്യത്തിനെതിരായ ആക്രമണങ്ങൾ അതിനെതിരെ ഒരു സന്ദേശം നൽകുകയാണ് താനെന്നാണ് ഇത്തരം ഭയപ്പെടുത്തലുകളോട് രാഹുൽ ഗാന്ധി ധീരനായത്. ലീഗും പച്ചയും കാണിച്ച് വൈറസിന്റെ കാര്യം പറഞ്ഞ യോഗി ആദിത്യനാഥിനോട് നിങ്ങളാണ് ശരിക്കുമുള്ള വൈറസ് എന്ന് കോൺഗ്രസ് മുഖത്തടിച്ചിട്ടുണ്ട്. 
അല്ലെങ്കിൽ നവകാലത്തിന്റെ മനുഷ്യ ശത്രുക്കളെ നേരിടുന്ന ന്യൂസിലാൻഡ് പ്രധാനമന്ത്രി ജസീന്ത ആർഡേണിനും രാഹുൽ ഗാന്ധിക്കും പ്രിയങ്കക്കുമൊക്കെ എന്ത്, പച്ച എന്ത് ചുവപ്പ്. മനുഷ്യവർഗത്തിന്റെ ശത്രുക്കളാണ് അവരുടെയും ശത്രുക്കൾ. തങ്ങളെ പിന്തുണക്കുകയും തങ്ങളോട് സ്‌നേഹം കാണിക്കുകയും ചെയ്യുന്ന ജനതയെ മറ്റാരേക്കാൾ അവർക്കറിയാം. അതുകൊണ്ട് അവരുടെ ഹൃദയ കൊട്ടാരങ്ങളിലേക്ക് പതുക്കെയെങ്കിലും  അവർ നടന്നു കയറുന്നു. മാധ്യമ സമൂഹത്തെ, പ്രത്യേകിച്ച് ദൃശ്യമാധ്യമക്കാരെ മനസ്സിന്റെ നാലയലത്ത് നിർത്തുന്നവരാണ്  പൊതുവെ രാഷ്ട്രീയക്കാർ. പക്ഷെ കഴിഞ്ഞ ദിവസം കൽപ്പറ്റയിൽ പരിക്കേറ്റ മാധ്യമ പ്രവർത്തകൻ റിക്‌സൺ ഉമ്മനും ( ഇന്ത്യ എഹെഡ് റിപ്പോർട്ടർ) സംഘത്തിനും രാഹുൽ  ഗാന്ധിയിൽ നിന്നും പ്രിയങ്കയിൽ നിന്നുമുണ്ടായ ഹൃദയഹാരിയായ അനുഭവം അവരുടെ മനസ്സിൽ എന്ത് വികാരമായിരിക്കും സൃഷ്ടിച്ചിരിക്കുക എന്നാലോചിക്കാവുന്നതെയുള്ളൂ. എപ്പോഴും സി.പി.എമ്മിനെ പിന്തുണക്കുന്ന സോഷ്യൽ മീഡിയ ആക്ടീവിസ്റ്റ് കിരൺ തോമസ്  ഇതേക്കുറിച്ച് പ്രതികരിച്ചതിങ്ങിനെയാണ്. യെച്ചൂരിയിൽനിന്ന് രാഹുലിന് രാഷ്ട്രീയം പഠിക്കേണ്ടതുണ്ടാകും. എന്നാൽ മാധ്യമ പ്രവർത്തകരെ എങ്ങനെ സ്‌നേഹിക്കണമെന്ന് കേരളത്തിലെ സി.പി.എമ്മിന് രാഹുൽ ഗാന്ധിയിൽ നിന്നു പഠിക്കാനുണ്ട്
ദൽഹിയിലെത്തിയ ഉടൻ പ്രിയങ്ക,  ആശുപത്രിയിൽ പരിക്ക് പറ്റികിടക്കുന്ന മാധ്യമ പ്രവർത്തകരെ  വിളിച്ച് സുഖവിവരം അന്വേഷിച്ചുവെന്ന വാർത്തയും വന്നതോടെ അവർ ഇനിയും കുറച്ചധികം പേരുടെയെങ്കിലും ഹൃദയം തൊട്ടിരിക്കും. രാഷ്ട്രീയ പ്രവർത്തനം ഇങ്ങിനെയൊക്കെയാണെന്ന് അവർ മുതിർന്നവർക്ക് പറഞ്ഞു തന്നുകൊണ്ടേയിരിക്കുന്നു.  
കാലം മാറിയിരിക്കുന്നു എന്ന് ഇവർ എല്ലാ മുതിർന്ന രാഷ്ട്രീയക്കാരെയും ഓർമ്മിപ്പിച്ചു തരുന്നു. 
വയനാട്ടിൽ രാഹുൽ ഗാന്ധി ഏത് കൊടിയുടെ അടുത്താണ് നിന്നത് എന്ന് നോക്കാനൊന്നും പുതുതലമുറക്ക് അത്രയൊന്നും നേരമില്ല. അവർക്കാവശ്യം ജസീന്തയെപ്പോലൊരു പ്രിയങ്കയെയാണ്, രാഹുലിനെയാണ്. എങ്കിലെ, അവരും അവരുടെ ഇന്ത്യയും നിലനിൽക്കുകയുളളൂവെന്ന് യുവാക്കളിലും, യുവതികളിലും പെട്ട കുറച്ചു പേരെങ്കിലും തിരിച്ചറിഞ്ഞു തുടങ്ങിയതിന്റെ ആവേശമാണ് വയനാട്ടിലും പുറത്തുമെല്ലാം ഇപ്പോൾ കാണുന്നത്. നിങ്ങളോടാരാണ് എന്റെ ജനങ്ങളെ തല്ലാൻ പറഞ്ഞത് എന്ന് യാത്രക്കിടയിൽ  ഒരിടത്ത് പോലീസ് മർദ്ദനം കണ്ട രാഹുൽ പോലീസിനോട് കയർക്കുന്ന വാർത്ത കഴിഞ്ഞ ദിവസം വന്നിരുന്നു- കാലം നമുക്കായി കാത്തു വെക്കുന്ന ഓരോരോ സന്തോഷം.  
 

Latest News