Sorry, you need to enable JavaScript to visit this website.

ഇന്‍ഡോര്‍ സീറ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി വൈകുന്നു; സ്വയം മാറി സുമിത്ര മഹാജന്റെ കത്ത്

ന്യൂദല്‍ഹി- ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താല്‍പര്യമില്ലെന്ന് കാണിച്ച് ലോക്‌സഭാ സ്പീക്കറും മുതിര്‍ന്ന ബി.ജെ.പി നേതാവുമായ സുമിത്ര മഹാജന്‍ പാര്‍ട്ടി നേതാക്കള്‍ക്ക് കത്തെഴുതി. മധ്യപ്രദേശിലെ ഇന്‍ഡോര്‍ ലോക്‌സഭാ മണ്ഡലത്തില്‍നിന്ന് മത്സരിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് മേലില്‍ മത്സരിക്കാനില്ലെന്ന സുമിത്രാ മഹാജന്റെ കത്ത്.
ഇന്‍ഡോര്‍ മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാത്ത സാഹചര്യത്തില്‍ താന്‍ വഴിമുടക്കുന്നില്ലെന്ന് വ്യക്തമാക്കിയാണ് സുമിത്ര മഹാജന്റെ പിന്മാറ്റം. ഇക്കാര്യം കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഇന്‍ഡോറിലെ സ്ഥാനാര്‍ഥിയെ പാര്‍ട്ടി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. അവര്‍ക്ക് ചില സംശയങ്ങളുണ്ടാകാന്‍ സാധ്യതയുണ്ട്. പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കളുമായി സംസാരിച്ച ശേഷം തീരുമാനം അവര്‍ക്ക് വിട്ടതായിരുന്നു. ഇപ്പോഴും നേതൃത്വം ചിന്താക്കുഴപ്പത്തിലാണെന്നാണ് മനസ്സിലാകുന്നത്. ഈ പശ്ചാത്തലത്തിലാണ് താന്‍ ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാക്കുന്നത്- കത്തില്‍ സുമിത്ര മഹാജന്‍ പറഞ്ഞു.
പാര്‍ട്ടി നേതാക്കളെ പരോക്ഷമായി വിമര്‍ശിച്ചുകൊണ്ട് മുതിര്‍ന്ന നേതാവ് എല്‍.കെ. അദ്വാനി എഴുതിയ ബ്ലോഗ് വിവാദമായതിനു പിന്നാലെയാണ് എട്ട് തവണ എം.പിയായ സുമിത്ര മഹാജന്റെ കത്ത്. ഗാന്ധിനഗറില്‍ മത്സരിച്ചിരുന്ന അദ്വാനിക്ക് പകരം അമിത് ഷാ സ്ഥാനാര്‍ഥിയായതിനു ശേഷം ആദ്യത്തെ പ്രതികരണത്തിലാണ് ബി.ജെ.പി നേതാക്കളെ അദ്വാനി വിമര്‍ശിച്ചത്. ബി.ജെ.പിയുടെ മറ്റൊരു മുതിര്‍ന്ന നേതാവായ മുരളീ മനോഹര്‍ ജോഷിക്കും പാര്‍ട്ടി ഇക്കുറി സീറ്റ് നിഷേധിച്ചിരുന്നു.

 

Latest News