ട്രെന്‍ടണ്‍- ലൈംഗികാതിക്രമം തടയുന്നതിന് കാലുകള്‍ അമര്‍ത്തിപ്പിടിക്കണമെന്നും വിടര്‍ത്തരുതെന്നും സ്ത്രീയോട് ഉത്തരവിട്ട ജഡ്ജിയെ മൂന്ന് മാസത്തേക്ക് ശമ്പളമില്ലാതെ സസ്‌പെന്‍ഡ് ചെയ്യാന്‍ ശുപാര്‍ശ. അമേരിക്കന്‍ സ്റ്റേറ്റായ ന്യൂജഴ്‌സയിലാണ് സംഭവം. ദക്ഷിണ ന്യജഴ്‌സിയിലെ ഓഷ്യന്‍ കൗണ്ടി മേല്‍ കോടതി ജഡ്ജി ജോണ്‍ റുസ്സോക്കെതിരെയാണ് എത്തിക്‌സ് കമ്മിറ്റി സുപ്രീം കോടതിക്ക് ശുപാര്‍ശ നല്‍കിയത്. 2017 മുതല്‍ അവധിയില്‍ പ്രവേശിച്ചിരിക്കയാണ് ജഡ്ജി റുസ്സോ.
തന്നെ ലൈംഗികമായി പീഡിപ്പിച്ചയാള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് 2016-ലാണ് സ്ത്രീ ജഡ്ജി റുസ്സോയെ സമീപിച്ചത്. തന്റെ ദുരനുഭവം വിശദികരിച്ചപ്പോഴാണ് ജഡ്ജി സ്ത്രീയോട് മോശം പരാമര്‍ശം നടത്തിയത്. ആരെങ്കെലും ലൈംഗിക ബന്ധത്തിനു മുതിര്‍ന്നാല്‍ എങ്ങനെ തടയുമെന്നായിരുന്നു സ്ത്രീയോട് ജഡ്ജിയുടെ ചോദ്യം. ഓടി രക്ഷപ്പെടണമെന്നായിരുന്നു സ്ത്രീയുടെ മറുപടി. കാലുകള്‍ അമര്‍ത്തിപ്പിടിക്കുക, പോലീസിനെ വിളിക്കുക ഇതില്‍ ഏതെങ്കിലും ചെയ്‌തോ എന്നായിരുന്നു ജഡ്ജിയുടെ അടുത്ത ചോദ്യം.
സ്ത്രീയെ അപമാനിക്കാനല്ല, കൂടുതല്‍ വിവരങ്ങള്‍ അറിയാനായിരുന്നു തന്റെ ചോദ്യങ്ങളെന്നാണ് എത്തിക്‌സ് കമ്മിറ്റി മുമ്പാകെ ഹാജരായ ജഡ്ജി റുസ്സോ വാദിച്ചത്.
ജഡ്ജി റുസ്സോയുടെ പെരുമാറ്റം മര്യാദകേട് മാത്രമല്ല, ഇരയെ വീണ്ടും പീഡിപ്പിച്ചതിനു തുല്യമാണെന്ന് കമ്മിറ്റി വിലയിരുത്തി. മറ്റു ചില സന്ദര്‍ഭങ്ങളിലും ജഡ്ജി പെരുമാറ്റ ചട്ടങ്ങള്‍ ലംഘിച്ചിട്ടുണ്ടെന്ന് കമ്മിറ്റി കണ്ടെത്തി. ഒരു ജീവനാംശ കേസില്‍ ഉത്തരവിടുമ്പോള്‍ ഇരുവരേയും തനിക്കറിയാമെന്ന് ജഡ്ജി വ്യക്തമാക്കിയിരുന്നു. 10,000 ഡോളര്‍ ജീവനാശം നല്‍കുന്നില്ലെങ്കില്‍ പ്രതിയെ അറസ്റ്റ് ചെയ്യണമെന്ന മറ്റൊരു ജഡ്ജിയുടെ ഉത്തരവ് ജഡ്ജി റുസ്സോ 300 ഡോളറായി കുറച്ചിരുന്നു.
സസ്‌പെന്‍ഷനു പുറമെ, ജഡ്ജി റുസ്സോ കോടതി മുറിയിലെ പെരുമാറ്റം സംബന്ധിച്ച പരിശീലനത്തില്‍ പങ്കെടുക്കണമെന്നും എത്തിക്‌സ് കമ്മിറ്റി നിര്‍ദേശിച്ചിരുന്നു. ജൂലൈയില്‍ അന്തിമ വാദം കേള്‍ക്കുന്നതിനു മുമ്പ് കമ്മിറ്റിയുടെ ശുപാര്‍ശക്കെതിരെ അപ്പീല്‍ നല്‍കാന്‍ ജഡ്ജി റുസ്സോക്ക് അവസരമുണ്ട്.






