Sorry, you need to enable JavaScript to visit this website.

ഫീസ് പതിനായിരം മുതൽ 70000 വരെ; മന്ത്രവാദി ചികിത്സകന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ

-പതിനായിരം മുതൽ 70,000 വരെ ഫീസ്
-വയനാട്ടിൽ സ്വന്തമായി റിസോർട്ട്
-ഐ എന്ന പേരിൽ ഡിറ്റക്ടീവ് ഏജൻസി
-കേരളത്തിലുടനീളം വ്യാജ പാലിയേറ്റീവ് ഓഫീസുകൾ 
-എരുമേലിയിൽ ചന്ദനത്തിരി ഫാക്ടറി

വടകര- മാന്ത്രിക ചികിത്സയുടെ പേരിൽ വൻ തട്ടിപ്പ് നടത്തിയ വ്യാജ ഡോക്ടർ അറസ്റ്റിൽ. വയനാട് പെരിയമുള്ളൽ കളരിത്തൊടി ഉസ്മാൻ ഹാജി മുസ്‌ല്യാരെയാണ് (47) വടകര സി.ഐ എം.എം.അബ്ദുൽ കരീമും സംഘവും അറസ്റ്റ് ചെയ്തത്. വടകരക്കാരിയായ യുവതി നൽകിയ പരാതിയെ തുടർന്നാണ് അറസ്റ്റ്. 

പതിനായിരം മുതൽ 70,000 രൂപ വരെയാണ് ഇദ്ദേഹത്തിന്റെ ഫീസ്. വയനാട്ടിൽ സ്വന്തമായി റിസോർട്ട്, ഐ എന്ന പേരിൽ ഡിറ്റക്ടീവ് ഏജൻസി, കേരളത്തിലുടനീളം വ്യാജ പാലിയേറ്റീവ് ഓഫീസുകൾ, എരുമേലിയിൽ ചന്ദനത്തിരി ഫാക്ടറി എന്നിവയെല്ലാം ഇദ്ദേഹത്തിന് സ്വന്തമായുണ്ട്.

ബാണാസുര സാഗറിനടുത്ത് ഇയാളുടെ വൺഡേ റിസോർട്ടിൽ വെച്ചാണ് ഇയാളെ പോലീസ് കസ്റ്റഡിയിെലടുത്തത്. കൂടുതൽ ചോദ്യം ചെയ്തപ്പോൾ തട്ടിപ്പ് വ്യക്തമായതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. വടകരക്കാരിയായ യുവതി നൽകിയ പരാതിയെ തുടർന്നാണ് പോലീസ് അന്വേഷണം നടത്തിയത്. 2000 മുതൽ അറബ് മാന്ത്രിക ചികിത്സ ആരംഭിച്ച മുസ്‌ല്യാർ ഒരു സ്വകാര്യ ചാനലിൽ അറബ് മാന്ത്രിക ചികിത്സ അനുഭവസാക്ഷ്യം എന്ന പേരിൽ പരിപാടിയും അവതരിപ്പിച്ചിരുന്നു. ജീവിതത്തിലെ ഏത് പ്രശ്‌നങ്ങൾക്കും പരിഹാരം കാണാം എന്ന പരസ്യവുമായാണ് ഇയാൾ ചാനലിൽ പ്രത്യക്ഷപ്പെട്ടതെന്ന് പോലീസ് പറഞ്ഞു. കുട്ടികളില്ലാത്തവർ, ഭർത്താവുമായി അകന്നു കഴിയുന്ന സ്ത്രീകൾ, ഭൂമി വിൽപനക്കുള്ള തടസ്സം നീക്കൽ തുടങ്ങിയ പ്രശ്‌നങ്ങൾക്കാണ് ചികിത്സ നടത്തിയത്. അഞ്ഞൂറിലധികം ആളുകൾ ദിനേന ചികിത്സക്കായി എത്തിയെന്നാണ് ഇയാൾ പറഞ്ഞതെന്ന് പോലീസ് പറഞ്ഞു. പതിനായിരം മുതൽ 70,000 രൂപ വരെ ഓരോരുത്തരിൽ നിന്നും ചികിത്സക്കായി വാങ്ങിയത്. കാര്യങ്ങൾ നടക്കാതെ വന്നപ്പോൾ പണം തിരികെ നൽകാൻ തയാറായില്ല. ഇതേ തുടർന്നാണ് ഒരു യുവതി പോലീസിൽ പരാതി നൽകിയത്. കേരളത്തിനകത്തും പുറത്തു നിന്നുമായി ഇരുപത്തി അയ്യായിരത്തോളം പേർ ചികിത്സാക്കായി എത്തിയെന്നാണിയാൾ പോലീസിനോട് പറഞ്ഞത്. പാലക്കാട്, കണ്ണൂർ, കാസർകോട്, കോഴിക്കേട്, എറണാകുളം എന്നീ ജില്ലകളിൽ വ്യാജ സാന്ത്വനം പാലിയേറ്റീവ് സെന്ററുകളും ഓഫീസുകളും തുറന്നിരുന്നു. 
ഐ എന്ന പേരിൽ ഡിറ്റക്ടീവ് ഏജൻസി പ്രവർത്തിച്ചിരുന്നതായും പോലീസ് പറഞ്ഞു. റിട്ട. ചെയ്ത പോലീസ് ഉദ്യോഗസ്ഥരെയാണ് ചുമതലക്കായി നിയോഗിച്ചിരുന്നതെങ്കിലും ഒരു വർഷം കൊണ്ട് സ്ഥാപനം അടച്ചുപൂട്ടി. വ്യാജ വൈദ്യൻമാരെ അറസ്റ്റ് ചെയ്യാൻ തുടങ്ങിയതോടെ കുറച്ച് കാലത്തേക്ക് ചികിത്സ നിർത്തിയാണ് പാലിയേറ്റീവ് രംഗത്തേക്ക് കടന്നത്. ഉദുമൽപേട്ട കേന്ദ്രീകരിച്ചാണ് പിന്നെ ചികിത്സ തുടങ്ങിയത്. കൊളംബോ ഓപൺ യൂനിവേഴ്‌സിറ്റിയിൽ നിന്ന് പി.എച്ച്.ഡി ബിരുദവും നേടിയതായി പറയുന്നു. എന്നാൽ പ്രബന്ധത്തിന്റെ കണ്ടന്റ് എന്താണെന്ന് ഇയാൾക്കറിയില്ലെന്ന് പോലീസ് പറഞ്ഞു. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്ന് ഡിവൈ.എസ്.പി സദാനന്ദൻ പറഞ്ഞു. 


 

Latest News