Sorry, you need to enable JavaScript to visit this website.

മലയാളി സമൂഹം ഒന്നിച്ചു, കോണ്‍സുലേറ്റ് സഹകരിച്ചു; അഞ്ച് വര്‍ഷത്തിനുശേഷം രാജന്‍ നാടണഞ്ഞു

നാട്ടിലേക്കു മടങ്ങുന്നതിനു മുമ്പ് രാജന്‍ കോണ്‍സല്‍ ജനറല്‍ മുഹമ്മദ് നൂര്‍ റഹ്മാന്‍ ശൈഖിനെ കാണാനെത്തിയപ്പോള്‍.

ജിദ്ദ- ബാങ്ക് വായ്പയിന്മേല്‍ വന്ന ഭീമമായ സാമ്പത്തിക ബാധ്യതയാലും നിയമപരമായ തടസ്സങ്ങളാലും അഞ്ചു വര്‍ഷത്തിലേറെയായി നാട്ടിലേക്കു മടങ്ങാന്‍ കഴിയാതെ പ്രയാസപ്പെട്ടിരുന്ന മലപ്പുറം വെട്ടത്തൂര്‍ സ്വദേശി രാജന്‍ പാലക്കുണ്ട് പറമ്പില്‍ മലയാളികളുടെ കൂട്ടായ്മയുടെ കരുത്തിലും കോണ്‍സുലേറ്റിന്റെ സഹകരണത്തിലും നാട്ടിലേക്കു മടങ്ങി.

നാട്ടിലെ സാമൂഹ്യ പ്രവര്‍ത്തനം വിട്ട് ജീവിതം കരുപ്പിടിപ്പിക്കുന്നതിനായാണ് അഞ്ചു വര്‍ഷം മുമ്പ് നജ്‌റാനിലെ സ്വകാര്യ കമ്പനിയില്‍ ഡ്രൈവറായി രാജനെത്തിയത്. ജോലിയും മറ്റു സാഹചര്യങ്ങളും രാജന് ഇണങ്ങിയതായിരുന്നു.  ഇതോടെ ജോലിക്കിടെ സമയം കണ്ടെത്തി കോണ്‍സുലേറ്റ് കമ്യൂണിറ്റി വെല്‍ഫെയര്‍ കമ്മിറ്റിയുമായി സഹകരിച്ചും മറ്റു സംഘടനകളുമായി കൈകോര്‍ത്തും രാജന്‍ നാട്ടിലേതു പോലെ സാമൂഹ്യ പ്രവര്‍ത്തനം നജ്‌റാനിലും തുടര്‍ന്നു. ഇതിനിടെ കമ്പനി തവണ വ്യവസ്ഥയില്‍ ഒരു വാഹനം എടുത്തു. അത് ഓടിക്കുന്നത് രാജനായതിനാല്‍ രാജന്റെ പേരിലായിരുന്നു വാഹനം വാങ്ങിയത്. ഏതാനും മാസം കമ്പനി ലോണ്‍ കൃത്യമായി അടച്ചു. അതിനിടെ അതിര്‍ത്തിയില്‍ യുദ്ധം കനത്തപ്പോള്‍ കമ്പനിയുടെ പ്രവര്‍ത്തനം അവതാളത്തിലായി. കമ്പനിയുടെ പ്രവര്‍ത്തനം നിലച്ചു. വാഹനം തിരിച്ചേല്‍പ്പിച്ചുവെങ്കിലും ബാങ്കുമായുള്ള ഇടപാടുകള്‍ ശരിയാംവണ്ണം തീര്‍ത്തിരുന്നില്ല. ഇതാണ് രാജന് പൊല്ലാപ്പായത്. ജോലി നഷ്ടപ്പെട്ട് പുതിയ ജോലി തേടിയെങ്കിലും അതുകൊണ്ടും മെച്ചമില്ലാതായ അവസരത്തില്‍ നാട്ടിലേക്കു മടങ്ങാന്‍ തീരുമാനിച്ച് എക്‌സിറ്റിനു ശ്രമിച്ചപ്പോഴാണ് വന്‍ ബാധ്യതയില്‍ കുടുങ്ങിക്കിടക്കുന്ന വിവരം രാജന്‍ അറിഞ്ഞത്.

http://malayalamnewsdaily.com/sites/default/files/2019/04/05/p3rajanmalayali.jpg

ബാധ്യതകള്‍ തീര്‍ക്കാതിരുന്നതിനാല്‍ കമ്പനി നല്‍കിയ കേസ് പ്രകാരം 67,000 റിയാലിന്റെ കടബാധ്യതയാണ് രാജനുണ്ടായത്. ഇതിനിടെ പുതിയ കഫീല്‍ ഹുറൂബ് ആക്കുകയും ചെയ്തിരുന്നു. എല്ലാം കൂടി നാട്ടിലേക്കുള്ള മടക്കം ഇനി സാധ്യമാകുമോ എന്ന ആശങ്കയില്‍ കഴിയുന്നതിനിടെയാണ് രാജന്റെ പ്രശ്‌നം മലയാളി സമൂഹത്തിന്റെ ശ്രദ്ധയില്‍പ്പെടുകയും വിവിധ സംഘടനകള്‍ യോഗം ചേര്‍ന്ന് രാജനെ സഹായിക്കാന്‍ രാജന്‍ സഹായ സമിതി രൂപീകരിച്ചതും.

ടി.എം.എ റഊഫ് കണ്‍വീനറും ഇസ്മായില്‍ കല്ലായി ഫിനാന്‍സ് കോ-ഓര്‍ഡിനേറ്ററും മോഹന്‍ ബാലന്‍ കോര്‍ഡിനേറ്ററുമായ സഹായ സമിതി രാജന്റെ ദുരവസ്ഥയുടെ സന്ദേശം മലയാളി സമൂഹത്തിനൊന്നാകെ പകര്‍ന്നു. ഇതിന്റെ ഫലമായി രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക, മത രംഗത്തുള്ള വിവിധ സംഘടനകള്‍ പല തവണ ഒത്തുകൂടി രാജന്റെ വിഷയം ചര്‍ച്ച ചെയ്തു. ഇതോടെ വിവിധ സംഘടനകളും വ്യക്തികളും കൈയയച്ചു സഹായിക്കാന്‍ രംഗത്തെത്തി.

അതിനിടെ ടി.എം.എ റഊഫ്, രാജന്‍ പണം അടക്കേണ്ട അറബ് നാഷണല്‍ ബാങ്ക് ഉദ്യോഗസ്ഥരുമായി പല തവണ ചര്‍ച്ചകള്‍ നടത്തി 67,000 റിയാലിന്റെ ബാധ്യത 31,000 റിയാലായി കുറച്ചു. ഇത് തെല്ലൊന്നുമല്ല സമിതിക്ക് ആശ്വാസം നല്‍കിയത്. സൗദി ഉദ്യോഗസ്ഥരുമായി ഹുറൂബും മറ്റു കുരുക്കുകളും അഴിക്കുന്നതിനും ശ്രമം നടത്തി. കോണ്‍സല്‍ ജനറല്‍ മുഹമ്മദ് നൂര്‍ റഹ്മാന്‍ ശൈഖിന്റെ നിര്‍ദേശാനുസരണം വെല്‍ഫെയര്‍ കമ്യൂണിറ്റി വിഭാഗത്തിലെ ഉദ്യോഗസ്ഥരും രാജന്‍ സഹായ സമിതിക്കു പിന്തുണ നല്‍കി.

നിയമക്കുരുക്കുകള്‍ ഓരോന്നായി അഴിഞ്ഞതോടെ അവശേഷിക്കുന്ന തുകയും മറ്റ് നടപടിക്രമങ്ങള്‍ക്കാവശ്യമായ തുകയും മലയാളി സമൂഹം കൈകോര്‍ത്ത് ശേഖരിച്ചു. ഇതോടൊപ്പം കോണ്‍സുലേറ്റ് വെല്‍ഫെയര്‍ ഫണ്ടില്‍ നിന്നുള്ള സഹായവും  ലഭിച്ചു. എല്ലാം കൂടിയായപ്പോള്‍ ആവശ്യമായതിലും കൂടുതല്‍ ഫണ്ട് എത്തുകയും ചെലവുകള്‍ കഴിഞ്ഞുള്ള തുക രാജന്റെ തുടര്‍ ജീവിതം കരുപ്പിടിപ്പിക്കുന്നതിനു നല്‍കുകയും ചെയ്തു. ബാധ്യതകള്‍ തീര്‍ത്തതിനു പുറമെ രണ്ടു ലക്ഷത്തിലേറെ രൂപയുടെ സഹായം കൂടി സ്വീകരിച്ചാണ് രാജന്‍, സഹകരിച്ച എല്ലാവര്‍ക്കും തീര്‍ത്താല്‍ തീരാത്ത കടപ്പാടും നന്ദിയും അറിയിച്ച് കഴിഞ്ഞ ദിവസം നാട്ടിലേക്കു മടങ്ങിയത്.

 

 

 

Latest News