Sorry, you need to enable JavaScript to visit this website.

രാഹുലിന് സ്‌നേഹമായി ലീലാവതി ടീച്ചറുടെ കവിത, കെ.എസ്.യു കാലത്തെ ആവേശത്തിൽ കോൺഗ്രസുകാരും

മുഖ്യമന്ത്രി പിണറായി വിജയൻ കോഴിക്കോട്ടെ തെരഞ്ഞെടുപ്പ് പ്രചാരണ യാത്രക്കിടയിൽ  പതിവ് പോലെ  കഴിഞ്ഞ ദിവസം താമസിച്ചത് കോഴിക്കോട് വെസ്റ്റ് ഹില്ലിലെ ചരിത്രമുറങ്ങുന്ന ഗസ്റ്റ് ഹൗസിന്റെ വി.വി.ഐ.പി മുറിയായ  സ്യൂട്ട്  നമ്പർ ഒന്നിലായിരുന്നു,  അദ്ദേഹത്തിന്റെ താമസം കഴിഞ്ഞ ശേഷം ആ മുറിയിലെത്തിയത് രാഹുൽ ഗാന്ധിയും  പെങ്ങൾ  പ്രിയങ്കയും.  സർക്കാർ ഗസ്റ്റ്  ഹൗസിന്റെ രീതിയനുസരിച്ച് വി.വി.ഐ.പി മുറിയിൽ നിന്ന് ഒരാൾ പോയാൽ അടുത്തതായി വരുന്ന അതിഥിയാരെന്ന് രേഖപ്പെടുത്തും- അവർ കഴിക്കുന്ന ഭക്ഷണമുൾപ്പെടെ. പിണറായിക്ക് ശേഷം വരുന്ന അതിഥി  രാഹുൽ ഗാന്ധി-ഡിന്നർ പുലാവ് ചപ്പാത്തി എന്നവിടെ രേഖപ്പെടുത്തിയിരുന്നു.    രാഹുലിന്റെ പൂർവികരൊക്കെ എത്രയോ തവണ വന്ന് താമസിച്ച ഇടമാണ് കോഴിക്കോടിന്റെ ശാന്തതയിലുള്ള ആ പ്രൗഢ അതിഥി മന്ദിരം.  അടിയന്തരാവസ്ഥക്ക് ശേഷം അധികാര നഷ്ടത്തിന്റെ നാളുകളിലെപ്പോഴോ, മുത്തശ്ശി ഇന്ദിരാഗാന്ധി ഗസ്റ്റ് ഹൗസിൽ വന്നതും പത്രക്കാരെ കണ്ടതുമൊക്കെ പലരുമിപ്പോഴും ഓർക്കുന്നുണ്ടാകും. അധികാരമില്ലാത്ത ആ നാളുകൾ ആസ്വദിക്കുന്ന മട്ടും ഭാവവുമായിരുന്നു അന്നവർക്ക്. തന്നെ കാണാൻ എത്തിയ പത്രലേഖകരെയെല്ലാം തനിക്കൊരു തിരക്കുമില്ലെന്ന ഭാവത്തിൽ വ്യക്തിപരമായി പരിചരിച്ച ഇന്ദിരാഗാന്ധി കോഴിക്കോട്ടെ പത്രസമൂഹത്തിനും  വിസ്മയമായിരുന്നു. ഇതാണോ കേട്ടറിഞ്ഞ ഏകാധിപതി? എന്നത് അക്കാലത്ത്  സ്വാഭാവിക അതിശയം. 
ഇളമുറക്കാരനായ രാഹുൽ ഗാന്ധിയിലും ഇന്നലെ സമാന മാനറിസങ്ങൾ  മിന്നി മറയുന്നുണ്ടായിരുന്നു. അസാധ്യമെന്നറിയാമായിരുന്നുവെങ്കിലും, ജനങ്ങളിലേക്ക് ഇറങ്ങിപ്പോകാനുള്ള   ആഗ്രഹവും അതിനായുള്ള ശ്രമവും, തന്റെ പരിസരത്ത് പരിക്ക് പറ്റിയവരെ പരിചരിക്കാനുള്ള ശ്രദ്ധ. പരിക്ക് പറ്റിയയാളുടെ ഷൂസും കൈയിൽ പിടിച്ച് ആങ്ങളക്കൊപ്പം നടക്കുന്ന പ്രിയങ്ക ജനസമൂഹത്തിൽ സൃഷ്ടിക്കുന്ന ഇമേജെന്താണെന്ന് ചിന്തിക്കാവുന്നതെയുള്ളൂ.  കൽപറ്റയിൽ വരണാധികാരിയുടെ മുന്നിൽ നാമനിർദേശപത്രിക സമർപ്പിക്കുമ്പോൾ ഫോമിൽ ഒപ്പിടുന്നതിന് മുമ്പ് ഇത്തിരി നേരം മുന്നിലുള്ള രേഖയിലേക്ക് ശ്രദ്ധാപൂർവം നോക്കിയുള്ള ഇരിപ്പ്, ഇതെല്ലാം കഴിഞ്ഞ് പ്രസംഗിക്കാൻ കയറിയപ്പോൾ കാണിച്ച സവിശേഷ സമീപനം.  കേരളത്തിലെ കമ്യൂണിസ്റ്റ് പരിവാറിന്റെ കൺകണ്ട ശത്രുവാണിപ്പോൾ രാഹുൽ ഗാന്ധിയെന്ന് അവരുടെ നേതാക്കളും അണികളും വിളംബരം ചെയ്യുന്ന കാലം.  ഇളമുറക്കാരായ സഖാക്കൾ മുതൽ ഏറ്റവും മുതിർന്ന വി.എസ് അച്യുതാനന്ദൻ വരെ രാഹുലിനെതിരെ നിന്ദാപദങ്ങൾ ചൊരിയാൻ സൈബർ ലോകത്ത് ക്യൂവിലാണിപ്പോഴും.  മുഖ്യമന്ത്രി പിണറായി വിജയൻ രാഹുലിനോടുള്ള പാർട്ടിയുടെ എതിർപ്പ് ഇങ്ങനെയാണ് വ്യക്തമായി രേഖപ്പെടുത്തിയത് '... ആരെങ്കിലും വരുന്നെന്ന് കേട്ട് ഓടുന്നവരല്ല ഞങ്ങൾ. ഇടതുപക്ഷത്തിന്റെ കരുത്ത് എന്ത് എന്ന് വയനാട്ടിലെ അങ്കത്തട്ടിൽ കാണാം. വയനാട്ടിൽ ഇടതു സ്ഥാനാർഥിയെ നിർത്തിയത് ജയിക്കാൻ വേണ്ടിയാണ്. പതിനെട്ടിൽ  കൂടുതൽ സീറ്റ് ഇടതുപക്ഷത്തിന് കേരള ജനത സമ്മാനിക്കും. ''
സി.പി.എമ്മിന്റെ ഈ എതിർപ്പെല്ലാം താനറിയുന്നുണ്ടെന്ന് ഇന്നലെ പൊതുവേദിയിൽ എടുത്ത് പറഞ്ഞത് രാഹുൽ ഗാന്ധി തന്നെ.  ആ വാക്കുകൾ ഇങ്ങനെ 'കേരളത്തിലെ സഹോദരീസഹോദരൻമാരോട്, സി.പി.എമ്മിലേയും കോൺഗ്രസിലേയും സഹോദരീസഹോദരൻമാരോട് എനിക്ക് ഒരു കാര്യം വ്യക്തമായി പറയാൻ സാധിക്കും. സി.പി.എമ്മിന്  എന്നെ എതിർക്കേണ്ടി വരും. അവർക്കെന്നെ ആക്രമിക്കേണ്ടി വരും. സന്തോഷത്തോടെ ആ ആക്രമണമെല്ലാം ഞാൻ ഏറ്റുവാങ്ങും. എന്നാൽ എന്റെ  പ്രചാരണത്തിൽ എവിടെയും സി.പി.എമ്മിനെതിരെ ഒരു വാക്ക് പോലും  പറയില്ല. അവർ എന്നെ കുറിച്ച് എന്തു പറഞ്ഞാലും എന്റെ  വായിൽ നിന്നൊന്നും അവർക്കെതിരെ വരില്ല...' 
നരേന്ദ്ര മോഡിയെയും  സംഘ് പരിവാറിനെയും വിമർശിക്കുമ്പോൾ കഠിന പദങ്ങൾ മാത്രം ഉപയോഗിക്കുന്ന രാഹുലിന്റെ നിലപാടിലെ ഈ രാഷ്ട്രീയ സമവായ ഭാഷ  എതിരാളികളെയും അനുകൂലികളെയും ഒരുപോലെ  വരും ദിവസങ്ങളിൽ സ്വാധീനിക്കും.
സി.പി.എം സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രതികരണം വന്നു കഴിഞ്ഞു.  പന്നീട് പറയാം എന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത്. എന്തായാലും അദ്ദേഹവും മൂർച്ച കുറക്കാൻ സാധ്യതയില്ല. 
എ.ഐ.സി.സി സെക്രട്ടറി പ്രിയങ്ക ഇതാദ്യമായാണ് ഉത്തരേന്ത്യക്ക് പുറത്ത് ഒരു തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തുന്നത്. കിഴക്കൻ യു.പിയുടെ ചുമതലയുള്ള സെക്രട്ടറിയാണവർ. വസ്ത്ര ധാരണത്തിലും നടപ്പിലുമെല്ലാം ഇന്ദിരാഗന്ധിയുടെ തനിരൂപമായി തോന്നിക്കുന്ന അവരുടെ സാന്നിധ്യം തെക്കെ ഇന്ത്യയിലും പ്രചാരണത്തിൽ മുതൽക്കൂട്ടാകുമെന്ന് തന്നെയാണ്  കരുതുന്നത്.  ഇന്ദിരാഗാന്ധിയെ കണ്ടവരും അവരെ ഇഷ്ടപ്പെടുന്നവരും ഇപ്പോഴുമുണ്ട്. ഇന്ദിരാ ഗാന്ധിയെ കാണാത്തവരും പ്രിയങ്കയെ ഇന്ദിരയോട് ചേർത്തു പറയും. തലയെണ്ണി കാര്യം നിശ്ചയിക്കുന്ന തെരഞ്ഞെടുപ്പുകളിൽ നേതാക്കളുടെ ഉടുപ്പും നടപ്പും ഭാവവുമൊക്കെ പ്രധാനം തന്നെ.  സൈബർ ഇടങ്ങളിലെ കമ്യൂണിസ്റ്റ് എതിരാളികൾ ഇപ്പോൾ  ചോദിക്കുന്നൊരു ചോദ്യമുണ്ട്- ഇതെന്താ കോളേജ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കെ.എസ്.യുക്കാലമാണെന്നാണോ വിചാരമെന്ന്. അതിന് കോൺഗ്രസുകാർ നൽകുന്ന മറുപടി അതെ, ആ പഴയ കെ.എസ്.യു സജീവതയിലേക്ക് തിരിച്ചുപോക്ക് തന്നെയാണ് ലക്ഷ്യമെന്നാണ്. ഒരു കാര്യം ഉറപ്പാണ് കേരളത്തിലെ കോൺഗ്രസ് യുവത്വത്തെയും. വാർധക്യത്തെയുമെല്ലാം തെരഞ്ഞെടുപ്പ് കാലം വല്ലാതെ ഉണർത്തിയിരിക്കുന്നു.  എല്ലാവർക്കും പഴയ കെ.എസ്.യുക്കാലത്തേക്ക് പോകാനുള്ള  ആവേശം.  മറുപക്ഷത്തിന്റെ പാർട്ടി വികാരം എല്ലാ കാലത്തും ഒരുപോലെയായതിനാൽ പ്രത്യേകിച്ച്  ആവേശം ആവാഹിക്കേണ്ട കാര്യമൊന്നുമില്ല. പ്രമുഖ സാഹിത്യകാരി, പത്മശ്രീ ഡോ. എം ലീലാവവതിക്ക് 91 വയസ്സായി. അവരിലുറങ്ങിക്കിടന്ന കോൺഗ്രസ്-നെഹ്‌റുകുടുംബ  വികാരം കവിതയായാണ് വിരിഞ്ഞത്. 
വയനാട്ടിൽ മത്സരത്തിനെത്തുന്ന കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക്  പ്രിയ എഴുത്തുകാരി കവിതയിലൂടെയാണ് സ്‌നേഹാർപ്പണം നടത്തിയത്.
''ഭാരതത്തിന്റെ ധീരനാം പുത്രനു
കേരളമുറ്റ പോറ്റമ്മയാവണം
പെറ്റമ്മയ്‌ക്കെഴും 
സ്‌നേഹ വാത്സല്യങ്ങൾ
പോറ്റമ്മക്കുമുണ്ടെന്ന് തെളിയണം'' എന്നാണവർ കവിതയിൽ ഇന്ത്യയുടെ ഭാവി നേതാവിനായി ആവേശ ഭരിതയാകുന്നത്.
''രാഹുൽ ഗാന്ധിക്ക്  പച്ചക്കൊടികളായ്
ബാഹുവൃന്ദങ്ങൾ നീട്ടും വയനാട്ടിൽ 
മാമരങ്ങളപ്പോലെ മനുഷ്യരും
മാമകമെന്ന് സ്വാഗതമോതണം ..'' എന്ന വരികളിൽ തലമുറകളുടെ അധ്യാപികയുടെ മനസ്സിന്റെ നൈർമല്യ ഒഴുകിയെത്തുന്നു.  ഉത്തരേന്ത്യയിൽ നിന്ന് വരുന്ന ഒരു തരം ചീത്ത കാറ്റിന് കവിത കൊണ്ടൊരു ചെറു പ്രതിരോധം.
 

Latest News