സല്‍മാന്‍ ഖാനും കോണ്‍ഗ്രസും ഹിന്ദു വികാരം വ്രണപ്പെടുത്തി; ആരോപണവുമായി ബി.ജെ.പി

ഭോപ്പാല്‍- ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാനും മധ്യപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാരും ഹിന്ദുവികാരം വ്രണപ്പെടുത്തുകയാണെന്ന ആരോപണവുമായി പ്രതിപക്ഷമായ ബി.ജെ.പി രംഗത്ത്. മതവികാരം വ്രണപ്പെടുത്തിയ സല്‍മാന്‍ ഖാനെതിരെ കേസെടുക്കണമെന്ന് പാര്‍ട്ടി ആവശ്യപ്പെട്ടു.
അതേസമയം, ബി.ജെ.പിക്ക് ഉന്നയിക്കാന്‍ യഥാര്‍ഥ പ്രശ്‌നങ്ങളൊന്നും ഇല്ലാതായിരിക്കയാണെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. പീഡനം തുടര്‍ന്നാല്‍ സിനിമയുടെ ചിത്രീകരണം മധ്യപ്രദേശില്‍നിന്ന് മാറ്റുമെന്ന് സല്‍മാന്‍ ഖാനും മുന്നറിയിപ്പ് നല്‍കി.
ശിവലിംഗത്തിന്റെ മുകളില്‍ മരപ്പലകയിട്ട് അതിന്മേല്‍ സിനിമാ ഷൂട്ടിംഗുകാര്‍ കയറിനിന്നുവെന്നാണ് ബി.ജെ.പിയുടെ ആരോപണം. ഇതിന്റെ വിഡിയോ ദൃശ്യങ്ങളില്‍ സമൂഹമാധ്യമങ്ങള്‍ പ്രചരിച്ചിരുന്നു. പ്രദേശവാസികള്‍ ഷൂട്ടിംഗിനെതിരെ രംഗത്തുവന്നതായും മഹേശ്വര്‍ പോലീസ് പറഞ്ഞു. മധ്യപ്രദേശിലെ മഹേശ്വറില്‍ ദബാങ് 3 ന്റെ ചിത്രീകരണമാണ് സല്‍മാന്‍ ഖാന്‍ തുടരുന്നത്.
മതവികാരം ഹനിക്കാന്‍ യാതൊരു നീക്കവും തങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്ന് സല്‍മാന്‍ ഖാന്‍ മഹേശ്വറില്‍ വാര്‍ത്താ ലേഖകരോട് പറഞ്ഞു.

സംസ്ഥാനത്ത് കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തില്‍വന്ന ശേഷം ഹിന്ദു വികാരം മനഃപൂര്‍വം വ്രണപ്പെടുത്തുകയാണെന്ന് ബി.ജെ.പി വൈസ് പ്രസിഡന്റും നിയമസഭാംഗവുമായ രാമേശ്വര്‍ ശര്‍മ ആരോപിച്ചു. സല്‍മാന്‍ ഖാനെതിരെ കേസെടുക്കാന്‍ മുഖ്യമന്ത്രി കമല്‍നാഥ് പോലീസിന് നിര്‍ദേശം നല്‍കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഉന്നയിക്കാന്‍ ബി.ജെ.പിക്ക് യഥാര്‍ഥ പ്രശ്‌നങ്ങളൊന്നും ഇല്ലാതായിരിക്കയാണെന്ന് സംസ്ഥാന കോണ്‍ഗ്രസ് വക്താവ് പങ്കജ് ചതുര്‍വേദി പറഞ്ഞു. സംസ്ഥാനത്തെ മുന്‍ ബി.ജെ.പി സര്‍ക്കാര്‍ വികസന പ്രവര്‍ത്തനങ്ങളൊന്നും നടത്തിയിരുന്നില്ല. അതുകൊണ്ടാണ് ഹിന്ദുക്കളേയും മുസ്്‌ലിംകളേയും ഭിന്നിപ്പിക്കാനുള്ള പ്രശ്‌നങ്ങള്‍ നോക്കി നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തില്‍ ബി.ജെ.പി വിജയിക്കാന്‍ പോകുന്നില്ലെന്നും കോണ്‍ഗ്രസ് വക്താവ് കൂട്ടിച്ചേര്‍ത്തു.

ശിവലിംഗത്തോട് ആരും അനാദരവ് കാണിക്കാതരിക്കാനാണ് മരപ്പലക കൊണ്ട് മറച്ചിരുന്നതെന്ന് സല്‍മാന്‍ ഖാന്‍ അവകാശപ്പെട്ടു. ഷൂട്ടിംഗിനു ശേഷം ഇത് നീക്കം ചെയ്തു. ആരുടേയും വികാരം വ്രണപ്പെടുത്തുക ഉദ്ദേശ്യമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പീഡനം തുടരുകയാണെങ്കില്‍ ഷൂട്ടിംഗ് ഉത്തര്‍പ്രദേശിലേക്ക് മാറ്റുന്ന കാര്യം ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

Latest News