മോഡിയെ പുകഴ്ത്തി, രാജസ്ഥാന്‍  ഗവര്‍ണര്‍ പുലിവാല് പിടിച്ചു  

ന്യൂദല്‍ഹി- പ്രധാനമന്ത്രി നരേന്ദ്രമോഡിയെ പുകഴ്ത്തിയ രാജസ്ഥാന്‍ ഗവര്‍ണര്‍ കല്യാണ്‍ സിംഗിന്റെ നടപടിയില്‍ രാഷ്ട്രപതി കേന്ദ്രസര്‍ക്കാരിനോട് വിശദീകരണം തേടി. 
കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് രാഷ്ട്രപതി വിശദീകരനം തേടിയിരിക്കുന്നത്. ഗവര്‍ണര്‍മാര്‍ രാഷ്ട്രപതിയുടെ പ്രതിനിധികളാണ്, മാത്രമല്ല, രാഷ്ട്രപതിയുടെ കാര്യാലയമാണ് ഗവര്‍ണര്‍മാരെ നിയമിക്കുന്നത്. ഇക്കാരണത്താലാണ് 
ചട്ടലംഘനത്തെക്കുറിച്ച് രാഷ്ട്രപതിയ്ക്ക്തന്നെ റിപ്പോര്‍ട്ട് നല്‍കിയത്. കൂടാതെ ഗവര്‍ണര്‍ പെരുമാറ്റചട്ട ലംഘനം നടത്തുമ്പോള്‍ സ്വാഭാവികമായും നടപടി കൈക്കൊള്ളേണ്ടത് രാഷ്ട്രപതിയുടെ ചുമതലയായി മാറുന്നു. റിപ്പോര്‍ട്ട് പരിശോധിച്ച രാഷ്ട്രപതി ഫയല്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് കൈമാറുകയായിരുന്നു. 
'ഞങ്ങളെല്ലാം ബി.ജെ.പി പ്രവര്‍ത്തകരാണ്. ബിജെപി ജയിക്കും, പ്രധാനമന്ത്രി നരേന്ദ്രമോഡി വീണ്ടും തിരഞ്ഞെടുക്കപ്പെടേണ്ടത് രാജ്യത്തെ സംബന്ധിച്ച് സുപ്രധാനമാണ്.' എന്നായിരുന്നു കല്യാണ്‍ സിംഗിന്റെ  വാക്കുകള്‍. കഴിഞ്ഞ 25ന് അലിഗഡില്‍ വച്ച് മാധ്യമങ്ങളോട് സംസാരിക്കവേ ആണ് അദ്ദേഹം ഇപ്രകാരം പറഞ്ഞത്. ഗവര്‍ണര്‍ സ്ഥാനത്തു നിന്ന് ഇത്തരമൊരു പരാമര്‍ശം നടത്തിയത് തിരഞ്ഞെടുപ്പ് ചട്ടലംഘനം തന്നെയാണെന്ന് കേന്ദ്ര തിരഞ്ഞെ!ടുപ്പ് കമ്മീഷന്‍ രാഷ്ട്രപതിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് 'വേണ്ട നടപടി' എടുക്കണമെന്ന് കാട്ടി രാഷ്ട്രപതി ഫയല്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് കൈമാറിയത്. 
കല്യാണ്‍ സിംഗിനെതിരെ നടപടി വന്നേക്കുമെന്നാണ് സൂചന. കല്യാണ്‍ സിംഗിനെതിരെ പരാതി നല്‍കാന്‍ കോണ്‍ഗ്രസ് രാഷ്ട്രപതിയുടെ സമയം തേടിയിരിയ്ക്കുകയാണ്. 
കല്യാണ്‍ സിംഗിന്റെ പരാമര്‍ശത്തിനെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ന്നിരുന്നെങ്കിലും പരാതി ലഭിച്ചിട്ടില്ല എന്നായിരുന്നു രാഷ്ട്രപതിഭവന്റെ  നിലപാട്. ഈ ഘട്ടത്തിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഇടപെടല്‍. ഗവര്‍ണര്‍ പദവിയുടെയും കാര്യാലയത്തിന്റെയും അന്തസ്സ് കാറ്റില്‍ പറത്തും വിധമായിരുന്നു രാജസ്ഥാന്‍ ഗവര്‍ണര്‍ കല്യാണ്‍ സിംഗിന്റെ പ്രസ്താവനയെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിലയിരുത്തിയിരുന്നു. 
ഗവര്‍ണര്‍ സ്ഥാനത്ത് ഇരിക്കുന്ന വ്യക്തി ഒരു രാഷ്ട്രീയ പാര്‍ട്ടിയോടും ചായ്‌വ് പ്രകടിപ്പിക്കരുതെന്നാണ് ഇന്ത്യന്‍ ഭരണഘടനയില്‍ പറയുന്നത്. മോഡിയോടുള്ള ചായ്‌വ് പരസ്യമാക്കുക വഴി അദ്ദേഹം അത് ലംഘിച്ചിരിക്കുകയാണ്. 
ഇത് രണ്ടാം തവണയാണ് ഗവര്‍ണര്‍ പദവിയിലിരിക്കുന്ന ഒരു വ്യക്തി പ്രത്യേക രാഷ്ട്രീയ ചായ്‌വ് പ്രകടിപ്പിച്ച് കുരുങ്ങുന്നത്. 1993ല്‍ ഹിമാചല്‍പ്രദേശ് ഗവര്‍ണറായിരുന്ന ഗുല്‍ഷെര്‍ അഹമദ് തന്റെ മകനായ സയീദ് അഹമദിനുവേണ്ടി പ്രചാരണത്തിന് ഇറങ്ങിയതുമൂലം പദവിയില്‍നിന്നും രാജി വയ്‌ക്കേണ്ടതായി വന്നിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ പെരുമാറ്റചട്ടം ലംഘിച്ചതായി കണ്ടെതിയതിനെ തുടര്‍ന്നായിരുന്നു അത്. 

Latest News