Sorry, you need to enable JavaScript to visit this website.

ലൂസിഫറും കേരള പോലീസും


ജനാധിപത്യ സംവിധാനത്തിനനുസൃതമായി പോലീസ് ആക്ട് പൊളിച്ചെഴുതുകയാണ് ഉടൻ ചെയ്യേണ്ടത്. അതിനായാണ് മനുഷ്യാവകാശ പ്രവർത്തകരും ജനാധിപത്യവാദികളും പോരാടേണ്ടത്. അതിനെയാണ് പോലീസ് അസോസിയേഷനും പിന്തുണക്കേണ്ടത്. അല്ലാതെ ഇത്തരം ബാലിശമായ പരാതികൾ നൽകിയല്ല.


കേരള പോലീസ് അസോസിയേഷൻ കൗതുകകരമായ ഒരു പരാതി മുഖ്യമന്ത്രിക്കു നൽകിയതായി വാർത്ത കണ്ടു. പൃഥ്വീരാജ് സംവിധാനം ചെയ്ത ലൂസിഫർ എന്ന സിനിമയുടെ പരസ്യത്തിനെതിരെയാണ് പരാതി. സിനിമയിൽ മോഹൻലാൽ അവതരിപ്പിക്കുന്ന കഥാപാത്രം ഒരു പോലീസുകാരന്റെ നെഞ്ചിൽ കാലുവെച്ച് എന്തോ പറയുന്ന ചിത്രം പോലീസിനെ കുറിച്ച് തെറ്റായ സന്ദേശം നൽകുമെന്നതിനാൽ അത് പിൻവലിക്കണമെന്നാണ് ആവശ്യം. സിനിമയിൽ നിന്ന് അത് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടോ എന്നറിയില്ല. 
ഏതാനും വർഷം മുമ്പ് ഏറെ ഹിറ്റായ ദൃശ്യം എന്ന സിനിമ ജനങ്ങൾക്ക് തെറ്റായ സന്ദേശം കൊടുക്കുമെന്നും കുറ്റകൃത്യങ്ങൾക്കും അവ മറച്ചുവെക്കാനും പ്രേരിപ്പിക്കുമെന്ന് അന്നത്തെ ഡിജിപിയായിരുന്ന സെൻകുമാർ പറഞ്ഞിരുന്നു. അടുത്തയിടെ പുറത്തിറങ്ങിയ ജോസഫ് എന്ന സിനിമ ഡോക്ടർമാരെ കുറിച്ചും അവയവ മാറ്റത്തെ കുറിച്ചും തെറ്റായ സന്ദേശം നൽകുമെന്ന് ഐഎംഎ പരാതിപ്പെട്ടിരുന്നു. വർഷങ്ങൾക്ക് മുമ്പ് ഏറെ ജനപ്രീതി നേടിയ പ്രശസ്ത ചിത്രം പൊന്മുട്ടയിടുന്ന താറാവിന്റെ ആദ്യ പേര് പൊന്മുട്ടയിടുന്ന തട്ടാൻ എന്നായിരുന്നു. തട്ടാന്മാർ പരാതി കൊടുത്താണ് പേരു മാറ്റിയത്. ഇത്തരം സംഭവങ്ങൾ പലതും ആവർത്തിച്ചിട്ടുണ്ട്.
ലൂസിഫറിലേക്കു തിരിച്ചുവരാം. മലയാളത്തിലെ എത്രയോ സിനിമകളിൽ മമ്മൂട്ടി, സുരേഷ് ഗോപി, മോഹൻ ലാൽ തുടങ്ങിയവർ അവതരിപ്പിക്കുന്ന എത്രയോ പോലീസ് കഥാപാത്രങ്ങൾ കുറ്റവാളികളേയും നിരപരാധികളേയും തെറി വിളിക്കുകയും നിയമ വിരുദ്ധമായി മർദിക്കുകയും കൊന്നുകളയുകയും ചെയ്യുന്ന രംഗങ്ങളുണ്ട്. എത്രയോ സിനിമകളിൽ പോലീസ് ഉദ്യോഗസ്ഥർ വില്ലന്മാരാണ്.  ഇന്ദ്രൻസ്, ജഗതി തുടങ്ങിയവരവതരിപ്പിച്ച കോമാളികളായ പോലീസുകാരുടെ രംഗങ്ങളുമുണ്ട്. ഇനി സിനിമ വിടുക. ലൂസിഫറിൽ കണ്ടപോലെ പോലീസിനെ  ആക്രമിക്കാൻ സാധാരണക്കാർക്ക് പറ്റില്ലെന്നാർക്കുമറിയാം. അഥവാ ചെയ്താൽ അവരുടെ പിന്നത്തെ അവസ്ഥ ഊഹിക്കാവുന്നതാണ്. എന്നാൽ സംഘടിതരായ എത്രയോ ശക്തികൾ അത് ചെയ്തിരിക്കുന്നു. അടുത്തയിടെ തിരുവനന്തപുരത്ത് പോലീസുകാരെ ഡി.വൈ.എഫ്.ഐ പ്രവർത്തകരും എസ്.എഫ്.ഐ പ്രവർത്തകരും മർദദ്ദിച്ച വാർത്തകൾ പുറത്തു വന്നിരുന്നല്ലോ. പിന്നീട് സംഭവിച്ചതോ?  പോലീസുകാർക്കെതിരെയാണ് നടപടിയെടുത്തത്. ഇക്കാര്യത്തിൽ അസോസിയേഷൻ ഇടപെട്ടതായി അറിയില്ല. കേരളത്തിലെ ലോക്കപ്പുകളിൽ പോലീസ് നടത്തുന്ന താണ്ഡവങ്ങളെ തുടർന്ന് എത്രയോ പേർ കൊല്ലപ്പെട്ടിരിക്കുന്നു. ജീവഛവങ്ങളായിരിക്കുന്നു. എന്നിട്ടും നിശ്ശബ്ദരായ അസോസിയേഷനാണ് ലൂസിഫറിന്റെ പരസ്യത്തിന്റെ പേരിൽ രംഗത്തു വന്നിരിക്കുന്നത്. ഇതൊന്നും പോലീസിനെ കുറിച്ച് ജനങ്ങൾക്കൊരു സന്ദേശവും നൽകുന്നില്ല, അവർക്ക് പോലീസിനെ കുറിച്ച് നന്നായറിയാം എന്ന് ഇവർക്കെന്താണാവോ മനസ്സിലാവാത്തത്?
ഏതാനും വർഷങ്ങളായി കേരളത്തിലെ പോലീസിനെതിരായ പരാതികൾ വർധിക്കുന്നതായി പോലീസ് കംപ്ലെയന്റ്‌സ് അതോറിട്ടിയും മനുഷ്യാവകാശ കമ്മീഷനുമൊക്കെ സർക്കാരിനു മുന്നിൽ ചൂണ്ടിക്കാണിക്കാറുണ്ട്. എന്നാൽ ആത്മവീര്യത്തിന്റെ പേരിലാണ് സർക്കാർ പോലീസിനു കവചമൊരുക്കുന്നത്. അടുത്ത കാലത്തായി പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ അതിക്രമങ്ങളുടെ ലിസ്റ്റ് ആരേയും ഞെട്ടിപ്പിക്കുന്നതാണ്.  ലോക്കപ്പ് കൊലപാതകങ്ങൾ നിരന്തരം ആവർത്തിക്കുന്നു. ലോക്കപ്പുകളിൽ സി സി ടി വി ക്യാമറ സ്ഥാപിക്കണമെന്ന ആവശ്യം പോലും ഇപ്പോഴും നടപ്പായിട്ടില്ല. ദളിതുകളും ദുർബലരുമായവർ തന്നെയാണ് പീഡനങ്ങൾക്ക് ഏറ്റവും വിധേയരാകുന്നവർ. ട്രാൻസ്ജെന്റർ സൗഹൃദ സംസ്ഥാനമെന്നു പറയുമ്പോഴും അവരെ കേരളത്തിൽ വെച്ചേക്കില്ല എന്ന തീരുമാനത്തിലാണെന്നു തോന്നുന്നു പോലീസ്. ജനകീയ സമരങ്ങളോടുള്ള സമീപനം പുതുവൈപ്പിനിലും ജിഷ്ണുവിന്റെ അമ്മയ്ക്കു നേരെയുള്ള അക്രമത്തിലും മറ്റും പോലീസ് വ്യക്തമാക്കിക്കഴിഞ്ഞു. വർഗീസ് വധത്തിനു വർഷങ്ങൾക്കു ശേഷം വീണ്ടും വ്യാജ ഏറ്റുമുട്ടൽ കൊലകൾ അരങ്ങേറുന്നു ഇതിനൊക്കെ പുറമേയാണ് ആരുമറിയാതെ സ്റ്റേഷനുകളിൽ അരങ്ങേറുന്ന പീഡന പരമ്പരകൾ. ഇപ്പോഴും ലോക്കപ്പ് കൊലപാതകങ്ങൾ ആവർത്തിക്കുന്നു. ലോക്കപ്പ് മർദനവും പീഡനവും സർക്കാരിന്റെ പോലീസ് നയമല്ല എന്ന പതിവു പല്ലവിയാണ് ഏതു സർക്കാരും പറയുക.  സർക്കാരിന്റെ പോലീസ് നയം എന്താണെന്നത് ഇവിടെ പ്രസക്തമല്ല. ഇന്ത്യൻ ഭരണഘടന അനുശാസിക്കുന്ന മനുഷ്യാവകാശങ്ങൾ ഓരോ പൗരനും ലഭ്യമാക്കാൻ സർക്കാർ ബാധ്യസ്ഥമാണ്. അതാണിവിടെ നിഷേധിക്കപ്പെടുന്നത്. സദാചാര പോലീസിംഗ് അനുവദിക്കില്ല എന്നു പറയുമ്പോഴും പോലീസ് തന്നെ സദാചാര പോലീസാകുന്ന സംഭവങ്ങളും നിരന്തരം അരങ്ങേറുന്നു. യുഎപിഎക്ക് എതിരാണെന്നു അവകാശപ്പെടുമ്പോഴും രാഷ്ട്രീയതാൽപര്യത്തോടെ അത് പ്രയോഗിക്കുന്നു. പലപ്പോഴും പോലീസിനു വീഴ്ച പറ്റി എന്നു സമ്മതിച്ചാലും ഫലപ്രദമായ നടപടികളൊന്നും സ്വീകരിക്കാറില്ല. 
ഇവിടെ നിലനിൽക്കുന്നത് രാജ്യഭരണമല്ല, ജനാധിപത്യമാണെന്ന വസ്തുതയാണ് അതിന്റെ തലപ്പത്തിരിക്കുന്നവർ തന്നെ മറക്കുന്നത്. അസോസിയേഷനും അതു മറക്കുന്നു. ഇന്ത്യക്കാരെ ഭയപ്പെടുത്തി ഭരിക്കാനായി ബ്രിട്ടീഷുകാർ രൂപം കൊടുത്ത പോലീസ് ആക്ടിലും മറ്റു സംവിധാനങ്ങളിലും ഇപ്പോഴും കാര്യമായ മാറ്റമൊന്നുമില്ല. ഇന്നും പോലീസ് സ്റ്റേഷനിൽ ഭയത്തോടെയല്ലാതെ കയറിപ്പോകാൻ ധൈര്യമുള്ളവർ കുറയും. ബ്രിട്ടനിൽ അതെല്ലാം മാറിയെന്നത് വേറെ കാര്യം. പോലീസ് ജനങ്ങളുടെ സുഹൃത്താകണം, സഹായിയാകണം എന്നൊക്കെ പറയുമ്പോഴും നിർഭാഗ്യവശാൽ അങ്ങനെ മാറ്റാൻ കമ്യൂണിസ്റ്റ് നേതൃത്വത്തിലുള്ള സർക്കാരിനു പോലും താൽപര്യമില്ല എന്നതാണ് യാഥാർത്ഥ്യം.  പോലീസിൽ വലിയൊരു ഭാഗം ക്രിമിനലുകളാണെന്നു മുൻ ഡി.ജി.പി സെൻകുമാർ പരസ്യമായി തന്നെ പറഞ്ഞിട്ടുണ്ട്. സ്വാധീനമില്ലാത്തവരുടെ കേസുകളോട് പലപ്പോഴും പോലീസ് ഉദാസീനരാണെന്ന് വാളയാർ സംഭവവുമായി ബന്ധപ്പെട്ട് ശ്രീലേഖ ഐ പി എസും പഞ്ഞു.  എ. കെ ആന്റണിയുടെ കാലത്താണ് ലോകത്തു തന്നെ അപൂർവമായ രീതിയിൽ ആദിവാസികൾക്കു നേരെ വെടിയുയർത്തിയത്. അടിയന്തരാവസ്ഥയിലെ അതിക്രമങ്ങളും മറക്കാറായിട്ടില്ലല്ലോ. മകന്റെ ജഡത്തിനെന്തു പറ്റി എന്നറിയാൻ ദശകങ്ങൾ അലഞ്ഞിട്ടും മറുപടി ലഭിക്കാതെ വിട പറഞ്ഞ ആ പിതാവിനെ മറക്കാൻ അത്ര പെട്ടെന്നു കഴിയുമോ? 
മുത്തങ്ങയിൽ ആദിവാസികളെ മർദിക്കുന്നതു കണ്ട് വേദനിച്ച ഐസക് ആന്റണി എന്ന പോലീസുകാരൻ ജനാധിപത്യത്തിലെ പോലീസ് എന്ന ഒരു പുസ്തകം രചിച്ചിട്ടുണ്ട്. പോലീസിന്റെ ഉദ്ഭവം മുതൽ ഇന്നു നിലനിൽക്കുന്ന പോലീസ് ആക്ടിന്റെ പരിമിതികൾ വരെയുള്ള മുഴുവൻ കാര്യങ്ങളും ഈ പുസ്തകം ചർച്ച ചെയ്യുന്നു. 50 വർഷം മുമ്പു പാസായ പോലീസ് ആക്ടാണ് ഇവിടെ നിലനിൽക്കുന്നത്. അതാകട്ടെ ബ്രിട്ടീഷുകാർ നടപ്പാക്കിയ പഴയ ആക്ടിന്റെ ചുവടുപിടിച്ചത്. അതിന്റെ ലക്ഷ്യം എന്തായിരുന്നു എന്നു വ്യക്തം. അടിച്ചമർത്തുക എന്നതു തന്നെ. കമ്യൂണിസ്റ്റുകാർ പറയാറുള്ള പോലെ പോലീസ് എന്നും ഭരണകൂടത്തിന്റെ മർദനോപകരണം തന്നെ. കുറ്റം തെളിയിക്കാൻ ആധുനിക രീതികൾ ഉപയോഗിക്കുന്നതിനെ കുറിച്ചും കാര്യമായ നടപടികൾ ഇന്നുമില്ല. അതിനുള്ള മാർഗം മർദനമാണെന്നു തന്നെയാണ് ഭൂരിഭാഗം പോലീസും ഇന്നും കരുതുന്നത്. മമ്മൂട്ടിയും സുരേഷ് ഗോപിയും പൃഥ്വീരാജും അഭിനയിക്കുന്ന  ആക്ഷൻ ഹീറോ ബിജുമാർ പോലീസിൽ ഇനി ഉണ്ടാകാൻ പാടില്ല. ജനാധിപത്യ സംവിധാനത്തിനനുസൃതമായി പോലീസ് ആക്ട് പൊളിച്ചെഴുതുകയാണ് ഉടൻ ചെയ്യേണ്ടത്. അതിനായാണ് മനുഷ്യാവകാശ പ്രവർത്തകരും ജനാധിപത്യവാദികളും പോരാടേണ്ടത്. അതിനെയാണ് പോലീസ് അസോസിയേഷനും പിന്തുണക്കേണ്ടത്. അല്ലാതെ ഇത്തരം ബാലിശമായ പരാതികൾ നൽകിയല്ല.


 

Latest News