Sorry, you need to enable JavaScript to visit this website.

പ്രതിരോധ - വ്യോമയാന മേഖലയിലെ സൗദി കുതിപ്പ്

പ്രതിരോധ, സുരക്ഷാ വ്യോമയാന മേഖലയിൽ സ്വയം ആർജിത ശേഷി കൈവരിക്കാനുള്ള കുതിപ്പിലാണ് സൗദി അറേബ്യ. കഴിഞ്ഞ ദിവസം ദഹ്‌റാനിൽനിന്ന് ആകാശത്തേക്ക് കുതിച്ചുയർന്ന ഹോക് ജെറ്റ് വിമാനവും കിഴക്കൻ പ്രവിശ്യയിലെ കിംഗ് അബ്ദുൽ അസീസ് എയർബേയ്‌സിൽ കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ശില പാകിയ വ്യോമയുദ്ധ കേന്ദ്രവും ലോക ശക്തികൾക്കൊപ്പം നിലയുറപ്പിക്കാനുള്ള സൗദി അറേബ്യയുടെ കാൽവെപ്പായി വേണം കാണാൻ. 
വിഷൻ 2030  പ്രതിരോധ മേഖലക്ക് വൻ പ്രാധാന്യമാണ് നൽകിയിട്ടുള്ളത്. സുരക്ഷാ ശേഷി വർധിപ്പിക്കുന്നതോടൊപ്പം തന്നെ സൈനിക, യുദ്ധ സാമഗ്രികൾ തദ്ദേശീയമായി ഉൽപാദിപ്പിച്ച് ദേശീയ വരുമാനം ഉയർത്തുകയെന്നത് വിഷൻ 2030 വിഭാവനം ചെയ്തിരുന്നു. അതു സാക്ഷാത്കരിക്കപ്പെടുമെന്നതിന്റെ സൂചന കൂടിയായിരുന്നു രാജ്യം അഭിമാന പൂർവം നോക്കിനിന്ന ഹോക് ജെറ്റ് എയർക്രാഫ്റ്റിന്റെ ആകാശ നീലമയിലേക്കുള്ള കുതിച്ചു പായൽ. 
വിദേശ രാജ്യങ്ങളെ മാത്രം ആശ്രയിച്ചിരുന്ന മേഖലയിലേക്കുള്ള സൗദിയുടെ കടന്നു കയറ്റം കൂടിയായിരുന്നു വിജയകരമായി പൂർത്തിയാക്കിയ ഹോക് ജെറ്റ് എയർക്രാഫ്റ്റ് നിർമാണം. എഴുപത് ശതമാനത്തിലേറെയും തദ്ദേശീയമായി വികസിപ്പിച്ചതാണ് ഹോക് ജെറ്റ് പരിശീലന വിമാനം. 
സൗദിയുടെ ചരിത്രത്തിൽ ഇതാദ്യമായാണ് ഈ നേട്ടം കൈവരിക്കുന്നത്. രാജകുമാരന്മാരെയും സൈനിക മേധാവികളെയും ഉന്നത ഉദ്യോഗസ്ഥരെയും സാക്ഷി നിർത്തി കിംഗ് അബ്ദുൽ അസീസ് എയർബേയ്‌സിൽ ഇതിന്റെ അനാഛാദനം നിർവഹിച്ചതും കിരീടാവകാശിയായിരുന്നു. വിമാനത്തിൽ കിരീടാവകാശി ഒപ്പു ചാർത്തുകയും ചെയ്തിരുന്നു. 
സ്വദേശി യുവാക്കളുടെ സംഭാവനയാണ് ഇതിൽ ശ്രദ്ധേയം. വിമാനത്തിന്റെ 70 ശതമാനത്തിലേറെ നിർമാണവും സ്വദേശി യുവാക്കളാണ് പൂർത്തീകരിച്ചത്.  ഇവരുടെ  നേതൃത്വത്തിൽ ഇതിനകം 22 ഹോക് എയർക്രാഫ്റ്റുകളുടെ നിർമാണം പൂർത്തിയായിക്കഴിഞ്ഞു. ഇത് അഭിമാനകരമായ നേട്ടമാണ്. ഏതു മേഖലയിലും പ്രാപ്തരായ യുവതയെ വാർത്തെടുക്കാനുള്ള ഭരണ കർത്താക്കകളുടെ ദീർഘദൃഷ്ടിയുടെ പ്രതിഫലനം കൂടിയാണിത്.
 ഈമേഖലയിൽ പ്രവർത്തിക്കുന്ന ആഗോള വിദഗ്ധർക്കു കീഴിലായിരുന്നു പരിശീലനം. രണ്ട് വർഷത്തിലേറെ കാലത്തെ പരിശീലനം കൊണ്ടാണ് ഈ നേട്ടം സ്വദേശി യുവാക്കൾ  കൈവരിച്ചത്. പ്രതിരോധ, സുരക്ഷാ വ്യോമയാന മേഖലയിലെ ലോക പ്രശസ്ത മൾട്ടിനാഷണൽ കമ്പനിയായ ബി.എ.ഇ സിസ്റ്റംസിന്റെ സഹകരണത്തോടെ സൗദി ബ്രിട്ടീഷ് പ്രതിരോധ സഹകരണ പദ്ധതി പ്രകാരമായിരുന്നു പരിശീലനവും ഹോക് ജെറ്റുകളുടെ നിർമാണവും. 
25 ഓളം തദ്ദേശീയ കമ്പനികളിലെ യുവാക്കളാണ് പദ്ധതിക്കു പിന്നിൽ അണി നിരന്നത്. സ്വന്തം കരങ്ങളിൽ തീർത്ത ഹോക് ജെറ്റ് വിജയകരമായ പരീക്ഷണപ്പറക്കൽ പൂർത്തിയാക്കി തിരിച്ചെത്തിയ നിമിഷത്തിന്നു സാക്ഷ്യം വഹിക്കാനും പിന്നിൽ പ്രവർത്തിച്ചവരെയെല്ലാം അഭിനന്ദിക്കാനും കിരീടാവകാശി തന്നെ എത്തിയെന്നതും ഈ മേഖലക്കു സർക്കാർ നൽകുന്ന പ്രാധാന്യമാണ് കാണിക്കുന്നത്. 
പ്രതിരോധ മേഖലക്കുണ്ടാകാവുന്ന ഏതു ഭീഷണിയും നേരിടാൻ പാകത്തിൽ സൈനികരെ സജ്ജമാക്കലും അതിനാവശ്യമായ സാങ്കേതിക വിദ്യകളുടെ വികസനവുമാണ് 
പുതിയ വ്യോമയുദ്ധ കേന്ദ്രം കൊണ്ട് ലക്ഷ്യമിടുന്നത്. യുദ്ധ രംഗത്തെ പുതുപുത്തൻ പരീക്ഷണങ്ങളെ നേരിടാൻ തക്ക രീതിയിൽ  വ്യോമ, സാങ്കേതിക പരിശീലനം സൈനികർക്ക് നൽകാൻ ഈ കേന്ദ്രത്തിനാവും.
എയർക്രാഫ്റ്റ് മെയിന്റനൻസ്, സാങ്കേതിക വിദഗ്ധരുടെ ഓഫീസുകൾ, യുദ്ധ സാമഗ്രികൾക്കായുള്ള ഗോഡൗണുകൾ, വിമാനങ്ങളുടെ പാർക്കിംഗ് ഏരിയ, സൈബർ പ്രതിരോധ കേന്ദ്രം തുടങ്ങിയ സൗകര്യങ്ങളാണ് ഇവിടെ ഒരുക്കുന്നത്. ഇതോടൊപ്പം  പരിശീലകർക്കാവശ്യമായ താമസ സൗകര്യങ്ങളും അടിസ്ഥാന സൗകര്യ വികസനവും ഇവിടെ സജ്ജമാക്കുന്നുണ്ട്. അത്യാധുനിക യുദ്ധ വിമാനങ്ങൾ വികസിപ്പിക്കുന്നനതിനും വ്യോമസേനക്ക് ആവശ്യാനുസരണം സഹായം നൽകുന്നതിനും കഴിയും വിധമാണ് കേന്ദ്രം വികസിപ്പിക്കുന്നത്. സൈനികോപകരണങ്ങളുടെയും സംവിധാനങ്ങളുടെയും ശേഷി പരിശോധിച്ച് ഉറപ്പാക്കുന്നതിനും ഈ കേന്ദ്രത്തിനാവും. 
വ്യോമസേനക്ക് സാങ്കേതിക സഹായം ലഭ്യമാക്കുന്നതിലുപരി, ഭാവിയിൽ സൗഹൃദ രാജ്യങ്ങളുമായി ചേർന്നുള്ള സൈനികാഭ്യാസ പ്രകടനങ്ങൾ സംഘടിപ്പിക്കുന്നതിനും വ്യോമയുദ്ധ കേന്ദ്രമായിരിക്കും മേൽനോട്ടം വഹിക്കുക. ഇന്ത്യ ഉൾപ്പെടെ വിവിധ രാജ്യങ്ങളുമായി സംയുക്ത വ്യോമാഭ്യാസ പ്രകടനങ്ങൾ സൗദി നടത്താറുണ്ട്.
സൈബർ ആക്രമണങ്ങളെ ഫലപ്രദമായി പ്രതിരോധിക്കുന്നതിനുള്ള തന്ത്രങ്ങൾ ആവിഷ്‌കരിക്കുന്നതിന് ആവശ്യമായ പരിശീലനം നൽകുന്നതിനും സെന്റർ പ്രയോജനപ്പെടുത്താനും ഉദ്ദേശിക്കുന്നു. അങ്ങനെ എല്ലാ തലത്തിലും  പ്രതിരോധമേഖലക്ക് ശക്തി പകരാൻ ഉപകരിക്കുന്നതാണ് ഈ കേന്ദ്രം.
ഇതിനു പുറമെ കൃത്രിമോപഗ്രഹ, ആണവോർജ പദ്ധതികൾ കൂടി നടപ്പിലാക്കുന്നതിനും വിഷൻ 2030 ലക്ഷ്യമിടുന്നു. അതിനാവശ്യമായ നടപടികളും ആരംഭിച്ചു കഴിഞ്ഞു. ഇതു കൂടി സാധ്യമാകുന്നതോടെ സാങ്കേതിക വിദ്യാശേഷി കൊണ്ട് വികസിത രാജ്യങ്ങൾക്കൊപ്പം സൗദി അറേബ്യക്കും തല ഉയർത്തി നിൽക്കാനാവും.

Latest News