ആരൊക്കെ നാടുവിടണമെന്ന് തീരുമാനിക്കാന്‍ ആരാണ് മോഡി?
കൊല്‍ക്കത്ത- ബി.ജെ.പി വീണ്ടും അധികാരത്തിലെത്തിയാല്‍ ഭരണഘടന ഇല്ലാതാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി എന്തും ചെയ്യുമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ആരോപിച്ചു. തെരഞ്ഞെടുപ്പു റാലികളില്‍ മോഡിക്കെതിരെ രൂക്ഷ വിമര്‍ശമാണ് മമത നടത്തുന്നത്.
ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പൂര്‍ത്തീകരിക്കുന്നതില്‍ മോഡി പൂര്‍ണമായും പരാജയപ്പെട്ടു. വാഗ്ദാനങ്ങള്‍ പാലിക്കാത്ത ചായവാല ഇപ്പോള്‍ ചൗക്കീദാറായി ജനങ്ങളെ വിഡ്ഢികളാക്കുകയാണ്- ബംഗാളിലെ കൂച്ച്‌ബെഹാറിലെ ഇലക്് ഷന്‍ റാലിയില്‍ മമത പറഞ്ഞു.
മോഡി സര്‍ക്കാര്‍ നടപ്പാക്കുന്ന ദേശീയ പൗരത്വ രജിസ്റ്ററിനെ ബംഗാള്‍ പല്ലും നഖവും ഉപയോഗിച്ച് എതിര്‍ക്കും. ബംഗാളില്‍ ഞങ്ങള്‍ പൗരത്വ രജിസ്റ്റര്‍ ഒരിക്കലും അനുവദിക്കില്ല. ആരു നില്‍ക്കണം, ആരു പോണം എന്നു തീരുമാനിക്കാന്‍ മോഡി ആരാണെന്ന് മമതാ ബാനര്‍ജി ചോദിച്ചു.
ദേശീയ പൗരത്വ രജിസ്റ്റര്‍ അസമില്‍ വന്‍ വിവാദമായിരിക്കയാണ്. സംസ്ഥാനത്തെ 40 ലക്ഷം ജനങ്ങളില്‍ 32.9 ലക്ഷവും കരട് പൗരത്വ രജിസ്റ്ററില്‍നിന്ന് പുറത്തായിരിക്കയാണ്. കഴിഞ്ഞ വര്‍ഷം ജൂലൈ 30നാണ് അസമില്‍ കരട് പൗരത്വ രജിസ്റ്റര്‍ പ്രസിദ്ധീകരിച്ചത്.
അസമില്‍നിന്നും ബിഹാറില്‍നിന്നും ബംഗാളികളെ പുറത്താക്കാനുള്ള കേന്ദ്രത്തിന്റെ ഗൂഢാലോചനയാണ് പൗരത്വ രജിസ്റ്ററെന്ന് മമത ആരോപിച്ചു. ജനങ്ങള്‍ സ്വന്തം രാജ്യത്ത് അഭയാര്‍ഥികളായി മാറിയത് തീര്‍ത്തും ഉല്‍കണ്ഠാജനകമാണ്. ബംഗാളി സംസാരിക്കുന്ന ജനങ്ങളേയും ബിഹാരികളേയും പുറത്തെറിയാനുള്ള പദ്ധതിയുടെ ഭാഗമാണിത്. ഇതിന്റെ പ്രത്യാഘാതം ബംഗാളും അഭിമുഖീകരിക്കുന്നുണ്ടെന്ന് മമത നേരത്തെ വ്യക്തമാക്കിയിരുന്നു.
പൗരത്വ പട്ടിക കരട് മാത്രമാണെന്നും ബാക്കിയുള്ളവരെ ഉള്‍പ്പെടുത്താന്‍ നടപടികളുണ്ടാകുമെന്നുമാണ് അസം സംസ്ഥാന സര്‍ക്കാരും കേന്ദ്രവും വ്യക്തമാക്കുന്നത്. 1951-ല്‍ അസമില്‍ തയാറാക്കിയ രജിസ്റ്റര്‍ സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പുതുക്കാന്‍ നടപടി സ്വീകരിച്ചത്. ബംഗ്ലാദേശിലെ അനധികൃത കുടിയേറ്റക്കാരില്‍നിന്ന് അസമിലെ ജനങ്ങളെ വേര്‍തിരിക്കാനാണ് പൗരത്വ പട്ടികയെന്നാണ് അവകാശവാദം.