ദമാം- തൃശൂർ വടക്കേക്കാട് സ്വദേശി ദമാമിൽ താമസ സ്ഥലത്ത് തൂങ്ങി മരിച്ചു. കല്ലൂർ റെജു മാധവനെ(43)യാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ ഉച്ചക്കാണ് സംഭവം. ആറു വർഷമായി ദമാം അനൂദിലെ ഖമർ ഗോൾഡ് ഫാക്ടറിയിൽ സ്വർണപ്പണിക്കാരനായിരുന്നു. ഒരാഴ്ച്ചയായി മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നു. ഇതേതുടർന്ന് ഇദ്ദേഹത്തെ നാടിലെത്തിക്കുന്നതിനു കഴിഞ്ഞ ദിവസം റീ എൻട്രി വിസയും ഇന്ന് വൈകിട്ട് കോഴിക്കോട്ടേക്കുള്ള എയർ ഇന്ത്യ എക്‌സ്പ്രസ് ടിക്കറ്റും എടുത്തിരുന്നതായി സുഹൃത്തുക്കൾ പറഞ്ഞു. ഇന്നലെ സുഖമില്ലെന്ന് അറിയിച്ചതിനെ തുടർന്ന് സുഹൃത്തുക്കൾ റെജുവിനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ കൊണ്ടുപോയി പ്രാഥമിക ചികിത്സ നൽകുകയും സുഹൃത്തുക്കൾ തന്നെ ഉച്ച ഭക്ഷണം നൽകി താമസ സ്ഥലത്ത് വിശ്രമിക്കുന്നതിനായി എത്തിക്കുകയും ചെയ്തിരുന്നു. വൈകിട്ട് എട്ടു മണിക്ക് ജോലി ചെയ്തു സുഹൃത്തുക്കൾ തിരിച്ചു മുറിയിലെതിയപ്പോഴാണ് കയറിൽ കെട്ടി തൂങ്ങി ആത്മഹത്യ ചെയ്തതായി കണ്ടത്. ഇദ്ദേഹത്തിനു സാമ്പത്തിക പ്രശ്‌നമോ കുടുംബ പ്രശ്‌നങ്ങളോ ഉള്ളതായി അറിവില്ലെന്ന് സുഹൃത്തുക്കൾ പറഞ്ഞു. ഭാര്യ രമ്യ, മക്കൾ: അരവിന്ദ്, അശ്വന്ത്. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയായി വരുന്നതായി സഹപ്രവർത്തകനും നവോദയ പ്രവർത്തകനുമായ സേതു അറിയിച്ചു.