റിസര്‍വ് ബാങ്ക് റീപ്പോ നിരക്കുകള്‍ കുറച്ചു

മുംബൈ- പലിശ നിരക്കുകളില്‍ കുറവിന് വഴിയൊരുക്കി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ റീപ്പോ, റിവേഴ്‌സ് റീപ്പോ നിരക്കുകളില്‍ കാല്‍ശതമാനം ഇളവ് പ്രഖ്യാപിച്ചു. ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നല്‍കുന്ന ഹ്രസ്വകാല വായ്പയുടെ പലിശ നിരക്കായ റീപ്പോ 6.25 ശതമാനത്തില്‍ നിന്ന് 6 ശതമാനമായാണ് വെട്ടിക്കുറച്ചത്. ബാങ്കുകളില്‍ നിന്ന് റിസര്‍വ് ബാങ്ക് സ്വീകരിക്കുന്ന നിക്ഷേപത്തിനുള്ള പലിശ നിരക്കായ റിവേഴ്‌സ് റീപ്പോ 6 ശതമാനത്തില്‍ നിന്ന് 5.75 ശതമാനമായും കുറച്ചു. ഇതോടെ ബാങ്കുകളിലെ പലിശ നിരക്കുകളും കുറയും. അടിസ്ഥാന നിരക്കുകളില്‍ കാല്‍ശതമാനം കുറക്കാനുള്ള നിര്‍ദേശത്തെ റിസര്‍വ് ബാങ്കിന്റെ ആറംഗ മോണിറ്ററി പോളിസി കമ്മിറ്റിയിലെ നാല് അംഗങ്ങളും അനുകൂലിച്ചു വോട്ടു ചെയ്തപ്പോള്‍ രണ്ട് അംഗങ്ങള്‍ നിരക്കുകള്‍ മാറ്റമില്ലാതെ തുടരണമെന്നാണ് നിര്‍ദേശിച്ചത്.

ഈ മാസം മുതല്‍ ആരംഭിച്ച 2019-2020 സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ ജിഡിപി 7.2 ശതമാനം വളര്‍ച്ച കൈവരിക്കുമെന്നാണ് റിസര്‍വ് ബാങ്ക് വിലയിരുത്തല്‍. ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 6.8 മുതല്‍ 7.1 ശതമാനം വരെയും രണ്ടാം പകുതിയില്‍ 7.3 മുതല്‍ 7.4 ശതമാനം വരെയും സാമ്പത്തിക വളര്‍ച്ച കൈവരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
 

Latest News