മഞ്ചേരി- കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കേരളത്തിലെത്തുമെന്ന വിവരം ലഭിച്ചതോടെ മലപ്പുറം, കോഴിക്കോട് ജില്ലകളിലെ പോലീസ് ഉദ്യോഗസ്ഥര്‍ സുരക്ഷയുടെ ഭാഗമായി സ്‌പെഷല്‍ ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടതിനാല്‍ പ്രതിയെ കോടതിയിലെത്തിക്കാനായില്ല. ഇതോടെ ശിക്ഷ പ്രസ്താവിക്കുന്നത് കോടതി മാറ്റിവെച്ചു. വിവാഹ വാഗ്ദാനം നല്‍കി യുവതിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തുവെന്ന കേസിലെ പ്രതി കുറ്റക്കാരനാണെന്നു ഇക്കഴിഞ്ഞ ദിവസം മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (ഒന്ന്) കണ്ടെത്തിയിരുന്നു. ശിക്ഷ ബുധനാഴ്ച വിധിക്കുമെന്നായിരുന്നു കോടതി പ്രസ്താവിച്ചിരുന്നത്. കോഴിക്കോട് ജില്ലാ ജയിലില്‍ കഴിഞ്ഞു വരുന്ന മലപ്പുറം ജില്ലയിലെ താനൂര്‍ കൂട്ടായി പുതിയവീട്ടില്‍ ജംഷീര്‍ (35) എന്ന പ്രതിയെ മലപ്പുറം എ.ആര്‍ ക്യാമ്പിലെ പോലീസുദ്യോഗസ്ഥരാണ് മഞ്ചേരി കോടതിയില്‍ എത്തിക്കേണ്ടത്. എന്നാല്‍ വയനാട് പാര്‍ലമെന്റ് മണ്ഡലത്തില്‍ നിന്നു ജനവിധി തേടുന്ന യു.പി.എ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്നു നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനായി കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുമെന്ന വിവരം ലഭിച്ചതിനാല്‍ പോലീസ് സേന അദ്ദേഹത്തിനു കനത്ത സുരക്ഷ ഒരുക്കുന്നതിനായി നിയോഗിക്കപ്പെടുകയായിരുന്നു. പ്രതി കോടതിയില്‍ ഹാജരാകാത്തതിനെ തുടര്‍ന്ന് കേസ് വിധി പറയുന്നത് ഈ മാസം അഞ്ചിലേക്ക് മാറ്റി.






