കരുവാരകുണ്ട്- ഫോണ്‍ വഴി പരിചയപ്പെട്ട പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയുടെ നഗ്നചിത്രങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തുന്നുവെന്ന പരാതിയില്‍ യുവാവിനെ കരുവാരകുണ്ട് പോലീസ് അറസ്റ്റു ചെയ്തു. കാളികാവ് ചെങ്കോട് സ്വദേശി കരുങ്കോട്ടില്‍ സനൂപി (22)നെയാണ് എസ്.ഐ കെ.എന്‍ വിജയന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയുമായി ഫോണില്‍ ബന്ധം സ്ഥാപിച്ച സനൂപ് വീഡിയോ ചാറ്റിങ്ങിനിടെ നഗ്‌ന ചിത്രങ്ങള്‍ സ്‌ക്രീന്‍ ഷോട്ടിട്ട് പകര്‍ത്തി. പിന്നീട് ഈ ഫോട്ടോ കാണിച്ചു പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തുന്നത് പതിവാക്കി. ശല്യം സഹിക്കവയ്യാതെ പെണ്‍കുട്ടി പോലീസിനു നല്‍കിയ പരാതിയിലാണ് സനൂപിനെ കരുവാരകുണ്ട് പോലീസ് അറസ്റ്റു ചെയ്തത്. പ്രതിയുടെ ഫോണ്‍ പരിശോധിച്ചതില്‍ നിന്നു മറ്റു പല പെണ്‍കുട്ടികളുമായും ബന്ധം സ്ഥാപിക്കുകയും നഗ്‌ന ചിത്രങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതു സംബന്ധിച്ച് അന്വേഷണം ഊര്‍ജിതമാക്കിയതായി പോലീസ് പറഞ്ഞു. പോക്‌സോ വകുപ്പ് ചുമത്തിയാണ് സനൂപിനെതിരെ കേസെടുത്തിട്ടുള്ളത്. മഞ്ചേരി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ്് ചെയ്തു.