മലപ്പുറം- തെരഞ്ഞെടുപ്പുകളുടെ കാലാവധി അഞ്ചു വർഷമാണെങ്കിലും വേങ്ങര നിയമസഭാ മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് ഇടക്കിടെ വിരുന്നെത്തുന്ന അതിഥിയാണ്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം വേങ്ങരക്കാർ വോട്ടു ചെയ്തത് നാലു പ്രധാന തെരഞ്ഞെടുപ്പുകളിലാണ്. കേരളത്തിലെ മറ്റു മണ്ഡലങ്ങളിലെല്ലാം രണ്ടു തെരഞ്ഞെടുപ്പുകളാണുണ്ടായത്. രണ്ടു ഉപതെരഞ്ഞെടുപ്പുകൾ വന്നതോടെയാണ് വേങ്ങരക്കാർക്ക് വോട്ടു ചെയ്യാൻ കൂടുതൽ അവസരം ലഭിച്ചത്.
2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം 2015 ൽ പഞ്ചായത്ത് തെരഞ്ഞെടുപ്പു വന്നു. അതിന് പിന്നാലെ 2016 ൽ നിയമസഭാ തെരഞ്ഞെടുപ്പ്. പിന്നീട് മലപ്പുറം എം.പിയായിരുന്ന ഇ.അഹമ്മദ് നിര്യാതനായതോടെ ഇവിടെ ഉപതെരഞ്ഞെടുപ്പെത്തി. ഉപതെരഞ്ഞെടുപ്പിൽ മൽസരിക്കാനായി വേങ്ങര എം.എൽ.എ പി.കെ.കുഞ്ഞാലിക്കുട്ടി രാജിവെച്ചതോടെ വേങ്ങരയിൽ ഒരു നിയമസഭാ ഉപതെരഞ്ഞെടുപ്പുമെത്തി. അത് കഴിഞ്ഞ് ഒരു വർഷമാകുമ്പോഴേക്കും 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പുമായി. കേരളത്തിൽ കഴിഞ്ഞ അഞ്ചു വർഷത്തിനിടെ ലോക്സഭയിലേക്കും നിയമസഭയിലേക്കും ഉപതെരഞ്ഞെടുപ്പ് നടന്ന ഏകമണ്ഡലമാണ് വേങ്ങര.
2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ മുസ്ലിം ലീഗ് നേതാവ് പരേതനായ ഇ.അഹമ്മദ് 1,94,739 വോട്ടുകൾക്ക് വിജയിച്ചപ്പോൾ വേങ്ങര മണ്ഡലം നൽകിയത് 42,632 വോട്ടുകളുടെ ഭൂരിപക്ഷമാണ്. ഇ.അഹമ്മദിന് മണ്ഡലത്തിൽ നിന്ന് 60,323 വോട്ടുകൾ ലഭിച്ചപ്പോൾ എതിർസ്ഥാനാർഥി സി.പി.എമ്മിലെ പി.സൈനബക്ക് ലഭിച്ചത് 17,691 വോട്ടുകളായിരുന്നു. ബി.ജെ.പി സ്ഥാനാർഥി അഡ്വ.ശ്രീപ്രകാശ് നേടിയത് 9058 വോട്ടുകളും.
2015 ലെ തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പിലും മണ്ഡലത്തിൽ യു.ഡി.എഫിനായിരുന്നു മുൻതൂക്കം. 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മുസ്ലിം ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടിയും സി.പി.എമ്മിലെ പി.പി.ബഷീറും തമ്മിലായിരുന്നു പ്രധാന പോരാട്ടം. കുഞ്ഞാലിക്കുട്ടി വിജയിച്ചത് 38,057 വോട്ടുകൾക്കായിരുന്നു. കുഞ്ഞാലിക്കുട്ടിക്ക് 72,181 വോട്ടുകൾ ലഭിച്ചപ്പോൾ പി.പി.ബഷീറിന് ലഭിച്ചത് 34,124 വോട്ടുകളും ബി.ജെ.പി സ്ഥാനാർഥി പി.ടി.ആലി ഹാജിക്ക് ലഭിച്ചത് 7055 വോട്ടുകളും. ഇ.അഹമ്മദിന്റെ നിര്യാണത്തെ തുടർന്ന് മലപ്പുറം മണ്ഡലത്തിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ മൽസരിക്കാൻ പി.കെ.കുഞ്ഞാലിക്കുട്ടി വേങ്ങരയിൽ നിന്ന് രാജിവെക്കുകയായിരുന്നു. മലപ്പുറം ഉപതെരഞ്ഞെടുപ്പിൽ കുഞ്ഞാലിക്കുട്ടിയുടെ വിജയം 1,71,038 വോട്ടുകളായിരുന്നു. അദ്ദേഹത്തിന് 5,15,325 വോട്ടുകൾ ലഭിച്ചപ്പോൾ എതിർസ്ഥാനാർഥി സി.പി.എമ്മിലെ എം.ബി.ഫൈസൽ നേടിയത് 3,44,287 വോട്ടുകളായിരുന്നു. ബി.ജെ.പിയിലെ അഡ്വ.ശ്രീപ്രകാശ് 65,662 വോട്ടുകളും നേടി.
കുഞ്ഞാലിക്കുട്ടി രാജിവെച്ചതിനെ തുടർന്ന് 2017 ൽ വേങ്ങര മണ്ഡലത്തിൽ നിയമസഭാ ഉപതെരഞ്ഞെടുപ്പെത്തി. മുസ്ലിം ലീഗിലെ അഡ്വ.കെ. എൻ.എ.ഖാദർ ഈ തെരഞ്ഞെടുപ്പിൽ വിജയിച്ചത് 23,310 വോട്ടുകൾക്ക്. ഖാദറിന് 65,227 വോട്ടുകളും സി.പി.എമ്മിലെ പി.പി.ബഷീറിന് 41,917 വോട്ടുകളും ബി.ജെ.പിസ്ഥാനാർഥി കെ.ജനചന്ദ്രന് 5728 വോട്ടുകളും ലഭിച്ചു.
അഞ്ചു വർഷത്തിനിടെ അഞ്ചാമത്തെ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനുള്ള തയാറെടുപ്പിലാണ് വേങ്ങരയിലെ വോട്ടർമാരിപ്പോൾ. മറ്റൊരു മണ്ഡലത്തിനും ലഭിക്കാത്ത പ്രത്യേകയാണ് വേങ്ങരക്കാരുടെ വോട്ടുകാര്യം.






