Sorry, you need to enable JavaScript to visit this website.

പാരീസില്‍ പ്രകടനത്തിനിടെ ട്രാന്‍സ് വനിതയെ അപമാനിച്ചു; വിഡിയോ വൈറലായി

പാരീസ്- ഫ്രഞ്ച് തലസ്ഥാനത്ത് പ്രതിഷേധ പ്രകടനത്തിനിടെ ട്രാന്‍സ്‌ജെന്‍ഡര്‍ വനിത അപമാനിക്കപ്പെട്ടു. മധ്യ പാരീസില്‍ അള്‍ജീരിയന്‍ പ്രസിഡന്റ് അബ്ദുല്‍ അസീസ് ബൂതഫ്‌ലീകക്കെതിരെ നടന്ന പ്രകടനത്തിനിടെ ട്രാന്‍സ് വനിത അപമാനിക്കപ്പെടുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി.
പ്രകടനക്കാരില്‍ മൂന്ന് പേരാണ് തന്നെ ഉപദ്രവിച്ചതെന്ന് ട്രാന്‍സ് വനിത ജൂലിയ പിന്നീട് വാര്‍ത്താ മാധ്യമങ്ങളോട് പറഞ്ഞു. ഇതുപോലൊരു അനുഭവം തന്റെ ജീവിതത്തില്‍ ഇതിനു മുമ്പുണ്ടായിട്ടില്ലെന്നും പുരുഷനാണെന്ന് പറഞ്ഞാണ് തന്നെ തടഞ്ഞുവെച്ചതെന്നും ജൂലിയ ഫ്രഞ്ച് ടി.വിയോട് പറഞ്ഞു. ആക്രമണത്തെ കുറിച്ച് പ്രോസിക്യൂട്ടര്‍മാര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഞായറാഴ്ച വൈകിട്ട് ഡി ലാ റിപ്പബ്ലിക്കില്‍ മെട്രോ സ്‌റ്റേഷനിലേക്ക് പോകുമ്പാഴാണ് 31 കാരി ജൂലിയയെ പ്രകടനക്കാര്‍ തടഞ്ഞതും ആക്രമിച്ചതും. പ്രകടനത്തില്‍നിന്ന് ഒരു സ്ത്രീ അള്‍ജീരിയന്‍ പതാകയുമായി എത്തി സഹായിക്കാന്‍ ശ്രമിച്ചെങ്കിലും അവര്‍ പോയപ്പോള്‍ മൂന്ന് പുരുഷന്മാര്‍ വീണ്ടും ഉപദ്രവിച്ചുവെന്ന് ജൂലിയ പറയുന്നു.
പിന്നീട് ട്രാന്‍സ്‌പോര്‍ട്ട് പോലീസുകാര്‍ ഇടപെട്ട് രക്ഷപ്പെടുത്തിയെങ്കിലും ഇതുപോലെ വസ്ത്രം ധരിച്ച് വരരുതെന്ന് പറഞ്ഞുവെന്നും പുരുഷനെന്ന് വിളിച്ചുവെന്നും ഫ്രഞ്ച് സംഘടനായ സ്റ്റോപ്പ് ഹോമോഫോബീ ഭാരവാഹികള്‍ കുറ്റപ്പെടുത്തി.

 

Latest News