Sorry, you need to enable JavaScript to visit this website.

പ്രവാസികളെ നിരന്തരം  കൊള്ളയടിക്കുന്ന  വിമാനക്കമ്പനികൾ 

ഗൾഫ് നാടുകളിലേക്കുള്ള വിമാനക്കൂലി കുത്തനെ കൂട്ടിയതിനൊപ്പം രാജ്യത്തെ ആഭ്യന്തര സർവീസുകളുടെ നിരക്ക് പലമടങ്ങ് വർധിപ്പിച്ചിരിക്കുന്നു. ഗൾഫ് മേഖലയിൽ പണിയെടുക്കുന്ന മലയാളി പ്രവാസികളെ കൊള്ളയടിക്കുന്നതിൽ വിമാനക്കമ്പനികൾ പരസ്പരം മത്സരിക്കുകയാണ്.
ഉത്സവ സീസണുകളിൽ പൊടുന്നനെ നിരക്കുകൾ ഉയരുന്നത് പതിവായിരുന്നു. ഇപ്പോൾ നിരക്ക് ഉയർത്താൻ ഒരു കാരണം കൂടി ലഭിച്ചിട്ടുണ്ട്. ഏതാനും ആഴ്ചകൾക്ക് മുമ്പ് എത്യോപ്യയിലുണ്ടായ ഒരു വിമാനാപകടമാണ് അപ്രതീക്ഷിത നിരക്ക് വർധനയ്ക്ക് കാരണമായി പറയപ്പെടുന്നത്.
പ്രവാസികളുടെ സംഭാവനയുടെ മഹത്വത്തെ പ്രഭാഷണങ്ങളിൽ വാഴ്ത്താൻ ആരും പിന്നിലല്ല. എന്നാൽ, അവരുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെ ഗൗരവപൂർവം പരിഗണിക്കാനോ, പരിഹരിക്കാനൊ ഭരണകൂടം ശ്രദ്ധ കാണിക്കാറില്ല. പ്രവാസികളെ എങ്ങനെ പരമാവധി പിഴിയാം എന്ന കാര്യത്തിൽ ഒരുതരം മത്സരബുദ്ധി നമ്മുടെ സംവിധാനങ്ങൾക്കെല്ലാമുണ്ട്. ഗൾഫിലേക്കും ഗൾഫിൽ നിന്ന് നാട്ടിലേക്കും ധാരാളമായി യാത്ര നടക്കുന്ന സന്ദർഭങ്ങളിൽ വിമാന ടിക്കറ്റ് നിരക്ക് തോന്നുംപോലെ വർധിപ്പിക്കുകയെന്നത് വിമാനക്കമ്പനികളുടെ സ്ഥിരം ഏർപ്പാടാണ്. സ്വകാര്യ കമ്പനികൾ മാത്രമല്ല, സർക്കാർ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യയും ഇക്കാര്യത്തിൽ പിന്നിലല്ല. പ്രവാസികളുടെ ഭാഗത്തുനിന്ന് ഈ വിഷയത്തിൽ ഉയരുന്ന പരാതികളെ ഒരിക്കൽ പോലും പരിഗണിക്കാൻ വിമാനക്കമ്പനികളോ കേന്ദ്ര ഭരണാധികാരികളോ തയാറാകുന്നില്ല. എന്നാൽ ഇത്തവണ, സ്‌കൂൾ അവധിയിലേക്ക് കേരളം പ്രവേശിച്ചിരിക്കെ മുമ്പെങ്ങുമില്ലാത്ത വിധം വിമാന നിരക്കുകൾ കുത്തനെ വർധിപ്പിച്ചിരിക്കുകയാണ് കമ്പനികൾ.
സ്‌കൂൾ അവധി ആരംഭിച്ച ഇന്നലെ, വിവിധ ഗൾഫ് നഗരങ്ങളിലേക്ക് കേരളത്തിലെ വിമാനത്താവളങ്ങളിൽ നിന്നുള്ള ടിക്കറ്റ് നിരക്ക് പരിശോധിച്ചാൽ മൂക്കത്ത് വിരൽ വച്ചുപോകും. 200 മുതൽ 400 ശതമാനം വരെയാണ് ഇക്കോണമി ക്ലാസ് ടിക്കറ്റുകൾക്ക് നിരക്കു വർധിപ്പിച്ചിരിക്കുന്നത്. സ്‌കൂൾ അവധിയിൽ കുടുംബത്തോടൊപ്പം ഗൾഫിലേക്ക് പോകുന്ന പ്രവണത അടുത്തകാലത്തായി കേരളത്തിൽ വർധിച്ചിട്ടുണ്ട്. ഈ പ്രവണതയെ പരമാവധി ചൂഷണം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് സ്വകാര്യ സർക്കാർ, സ്വദേശി വിദേശ ഭേദമന്യേ വിമാനക്കമ്പനികൾ പ്രവർത്തിക്കുന്നത്. തിരുവനന്തപുരത്തുനിന്ന് മുംബൈയിലേക്ക് 69,438 രൂപയും ദോഹയിലേക്ക് 88,705 രൂപയുമൊക്കെ ടിക്കറ്റ് വില നിശ്ചയിച്ചിരിക്കുകയാണ് ചില കമ്പനികൾ.

അവധിക്കാലത്ത് ടിക്കറ്റ് വിലയിൽ വർധന വരുത്തുകയെന്നത് സാധാരണഗതിയിൽ വിമാനക്കമ്പനികളുടെ ബിസിനസിന്റെ ഭാഗമാണ്. 50 മുതൽ 100 ശതമാനം വരെയാണ് അവർ അങ്ങനെ വില വർധിപ്പിക്കാറുള്ളത്. എന്നാൽ, അത് എല്ലാ പരിധികളെയും ലംഘിച്ച് പകൽക്കൊള്ളയുടെ അവസ്ഥയിലെത്തിയിരിക്കുന്നതാണ് ഇപ്പോൾ കാണുന്നത്. സ്വകാര്യ വിമാനക്കമ്പനികൾ ഇങ്ങനെ ചെയ്യുന്നത് മനസിലാക്കാം. എന്നാൽ, അവയെയും വെല്ലുന്ന മട്ടിലാണ് എയർ ഇന്ത്യയും കൊള്ളവില ഈടാക്കുന്നത്. എല്ലാ കമ്പനികളും ചേർന്നുള്ള ഒരു സംയോജിത പദ്ധതിയാണിത് എന്ന് തോന്നുന്ന തരത്തിലാണ് അസാധാരണമായ ഈ നിരക്ക് വർധന വന്നിരിക്കുന്നത്. ടിക്കറ്റ് വർധന കണ്ട് അമ്പരന്നവർ ചെന്നൈ, ബംഗളൂരു തുടങ്ങിയ കേന്ദ്രങ്ങളിൽ നിന്ന് ടിക്കറ്റ് ബുക്ക് ചെയ്യാൻ തുടങ്ങിയിരുന്നു. എന്നാൽ പ്രസ്തുത കേന്ദ്രങ്ങളിൽ നിന്നുള്ള ടിക്കറ്റുകൾക്കും ഇതേ തരത്തിൽ വർധന വരുന്നതാണ് പിന്നെ കണ്ടത്. അതായത്, ഗൾഫ് യാത്രികരെ പിഴിഞ്ഞേ പോകൂ എന്ന നിലപാട് വിമാനക്കമ്പനികൾക്ക് ഉള്ളതുപോലെ.
ബോയിംഗ് 737 മാക്‌സ് വിമാനങ്ങൾ പറക്കൽ നിർത്തിയതോടെ നൂറുകണക്കിന് സർവീസുകളാണ് മുടങ്ങിയിരിക്കുന്നത്. ഇതിന്റെ പ്രതിഫലനം ആഭ്യന്തര സർവീസുകളിലും ഉണ്ടായിട്ടുണ്ട്. യാത്രക്കാരുടെ തിരക്കിനനുസരിച്ച് നിരക്കുകൾ കൂട്ടുക എന്നത് ഇപ്പോൾ ലോകമാകെ കാണുന്ന പ്രവണതയാണ്. വിമാനക്കമ്പനികളെ അനുകരിച്ച് ഇപ്പോൾ ട്രെയിനുകളിലും ഈ സമ്പ്രദായം വന്നുകഴിഞ്ഞു. യാത്രക്കാരെ എത്രയധികം ചൂഷണം ചെയ്തിട്ടും വിമാനക്കമ്പനികളൊന്നും രക്ഷപ്പെടുന്നില്ല. ജറ്റ് എയർവേയ്‌സ് പ്രവർത്തനം നിർത്തുന്ന സ്ഥിതിയിലാണ്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ തുടങ്ങിയതും അവസാനിച്ചതുമായ വിമാനക്കമ്പനികൾ ഒരു ഡസനാണ്.
ആർക്ക് ഭ്രാന്തു വന്നാലും കോഴിക്കാണ് കിടക്കപ്പൊറുതി ഇല്ലാതാകുന്നത് എന്ന് പറഞ്ഞതുപോലെ ഏത് തരത്തിലുള്ള ആകാശ പ്രതിസന്ധി ഉണ്ടാകുമ്പോഴും അതിന്റെ ആഘാതം ഏറ്റവും കനത്ത രീതിയിൽ അനുഭവിക്കേണ്ടി വരുന്നത് ഗൾഫിലെ മലയാളി പ്രവാസികളാണ്. അവരുടെ സഹായത്തിന് കേന്ദ്രസർക്കാർ എത്താറേയില്ല. പ്രവാസി സംഘടനകളുടെ മാത്രമല്ല പൊതുസമൂഹത്തിന്റെയാകെ സംഘടിതമായ പ്രതിഷേധം ഉയർന്നുവരേണ്ട സന്ദർഭമാണിത്. അതുണ്ടാകുമെന്നു തന്നെ കരുതാം. കേന്ദ്രസർക്കാർ സന്ദർഭത്തിനൊത്ത് ഉണർന്നു പ്രവർത്തിക്കേണ്ട സമയമാണിത്.

Latest News