ലണ്ടന്‍: മുസ്‌ലിം യുവതിയുടെ ഹിജാബ് വലിച്ചൂരിയ അമ്പത്തിയൊന്നുകാരന്‍ അറസ്റ്റില്‍. യുവതിയുടെ സുഹൃത്ത് ഇയാളുടെ ചിത്രസഹിതം ട്വീറ്റ് ചെയ്തതോടെയാണ് വിവരം പുറംലോകമറിഞ്ഞത്. പ്ലാറ്റ്‌ഫോമില്‍ ട്രെയിന്‍ കാത്തുനില്‍ക്കുമ്പോഴായിരുന്നു സംഭവം. വംശീയക്കുറ്റം ചുമത്തിയാണ് അറസ്റ്റ്. വടക്കന്‍ ലണ്ടനിലെ ട്യൂബ് പ്ലാറ്റ് ഫോമിലാണ് സംഭവം.
സുഹൃത്തിനൊപ്പം ട്രെയ്ന്‍ കാത്തുനില്‍ക്കുകയായിരുന്നു പെണ്‍കുട്ടി. വെംബ്ലി സ്വദേശിയായ ഇയാളെ ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് അറിയിച്ചു. ഇതിനിടെ ട്യൂബ് സര്‍വീസിനെതിരേ സുഹൃത്ത് ആരോപണം ഉന്നയിച്ചിട്ടുണ്ട്. ഇവിടെ സ്ഥാപിച്ചിരിക്കുന്ന എമര്‍ജന്‍സി ബട്ടന്‍ മൂന്നു തവണ അമര്‍ത്തി. എന്നാല്‍ ആരും രക്ഷയ്ക്ക് എത്തിയില്ല.
ഇതോടൊപ്പം സംഭവം മറ്റു യാത്രക്കാരും കണ്ടു നില്‍ക്കുകയായിരുന്നുവെന്നും ആരും രക്ഷിക്കാന്‍ വന്നില്ലെന്നും സുഹൃത്ത് പറഞ്ഞു. സംഭവത്തില്‍ അടിയന്തര നടപടി സ്വീകരിക്കുമെന്നും സുരക്ഷിതമായും ഭീതിയുമില്ലാതെ യാത്ര ചെയ്യാന്‍ എല്ലാവര്‍ക്കും സൗകര്യമൊരുക്കുമെന്നും ലണ്ടന്‍ അണ്ടര്‍ഗ്രൗണ്ട് കസ്റ്റമര്‍ സര്‍വീസ് ഡയറക്റ്റര്‍ ബ്രയാന്‍ വുഡ്‌ഹെഡ് പറഞ്ഞു.