ടൂറിസം സാധ്യത  ഉപയോഗപ്പെടുത്താതെ കേരളം 

കേരളം  കാണാനെത്തുന്ന വിനോദ സഞ്ചാരികളെ എങ്ങനെ പരമാവധി ഞെക്കിപ്പിഴിയാമെന്നതാണ് നമ്മുടെ നോട്ടം. കെട്ടുവള്ളമെന്ന പേരിൽ ഹൗസ് ബോട്ടിൽ യാത്ര ചെയ്യാനെത്തുന്ന ടൂറിസ്റ്റിൽനിന്ന് അയ്യായിരം രൂപ മുതൽ  ഈടാക്കാനാണിഷ്ടം. പഞ്ചനക്ഷത്ര ഹോട്ടലിൽ താമസമേർപ്പെടുത്തുന്ന മലയാളി വിദേശ സഞ്ചാരിക്ക് ബർഗറും പിസയുമുൾപ്പെടെ അവന്റെ നാട്ടിലെ മടുത്ത ഭക്ഷണവും വിളമ്പുന്നു.  കേരളത്തിലെത്തിയ സഞ്ചാരി തേക്കടിയിലോ മൂന്നാറിലോ താമസിക്കാമെന്ന് വെച്ചാൽ തറവാട് പണയപ്പെടുത്തേണ്ടി വരും. ഒറ്റ ദിവസത്തെ താമസത്തിന് അയ്യായിരവും പതിനായിരവുമാണ് മുറി വാടക. പ്രധാന നഗരങ്ങളിലെ നക്ഷത്ര ഹോട്ടലുകളിലെ താമസത്തിന് ഇതിലും ചെലവ് കൂടും. 
ഇതിനു പകരം കടൽ തീരത്തോ, കായലോരത്തോ സഞ്ചാരികൾക്ക് താമസമൊരുക്കാൻ കേരള സർക്കാരിന്റെ ടൂറിസം വകുപ്പ് മുൻ കൈയെടുത്തിരുന്നുവെങ്കിൽ സഞ്ചാരികളുടെ പ്രവാഹമുണ്ടാവുമെന്ന കാര്യം തീർച്ച. തെക്കൻ കേരളത്തിന്റെ സവിശേഷ വിഭവമായ കരിമീൻ പൊള്ളിച്ചത് കഴിക്കാൻ സായിപ്പിന് അവസരം നൽകട്ടെ. വീട്ടമ്മമാർ തയാറാക്കുന്ന നാടൻ  കരിമീനിന്റെ രുചിയറിഞ്ഞാൽ കേരളത്തിലെത്തിയ വിനോദ സഞ്ചാരി തിരിച്ചു പോകാത്തതാവും പ്രശ്‌നം. ഇവിടെ ലഭിക്കുന്ന പാനീയങ്ങളും പടിഞ്ഞാറൻ നാടുകളിൽ നിന്നുള്ള അതിഥികൾക്ക് ഇഷ്ടമാവുമെന്നതിൽ സംശയമില്ല.   വടക്കേ മലബാറിലെ കല്ലുമ്മക്കായ പോലുള്ള വിഭവങ്ങളും സഞ്ചാരികൾക്ക് നൽകി സൽക്കരിക്കാവുന്നതേയുള്ളൂ.  പുട്ടും, പത്തിരിയും ദോശയുമെല്ലാം സഞ്ചാരികൾക്ക് പുതുമയായിരിക്കുമല്ലോ. 
നമ്മുടെ വിനോദ സഞ്ചാര സങ്കൽപത്തിലും  പാളിച്ചയുണ്ട്. കേരളമെന്നാൽ തിരുവനന്തപുരവും പരിസരവുമല്ലെന്ന് തിരിച്ചറിയണം. കോവളത്തിനും വേളിക്കായലിനും പൊന്മുടിക്കുമപ്പുറവും മനോഹരമായ പ്രദേശങ്ങളുണ്ടെന്ന് തിരിച്ചറിയാൻ അധികൃതർക്കാവണം.  
തൃശൂർ പൂരമാണ് അനന്തപുരിയിലെ ചിലരുടെ സങ്കൽപത്തിൽ കേരളീയ ദൃശ്യങ്ങളുടെ വടക്കൻ പരിധി. പാലക്കാട്ടെ ടൂറിസമെന്നാൽ മലമ്പുഴ അണക്കെട്ടും ഉദ്യാനവും ടിപ്പുവിന്റെ കോട്ടയും. സഹ്യാദ്രി നിരകളോട് തൊട്ടുരുമ്മി നിൽക്കുന്ന നെല്ലിയാമ്പതിയെ പ്രോത്സാഹിപ്പിക്കാൻ ആരുമില്ല. പാവങ്ങളുടെ ഊട്ടിയെന്നറിയപ്പെടുന്ന നെല്ലിയാമ്പതിയിലെ സുഖകരമായ കാലാവസ്ഥ അനുഭവിച്ചർക്കറിയാം. മലയാള ഭാഷാ പിതാവായ തുഞ്ചത്തെഴുത്തച്ഛന്റെ നാടായ തിരൂരും തേക്കിലൂടെ പ്രസിദ്ധമായ നിലമ്പൂരും മോയിൻകുട്ടി വൈദ്യരുടെ ജന്മദേശമായ കൊണ്ടോട്ടിയും ടൂറിസം ഭൂപടത്തിൽ പ്രാധാന്യമർഹിക്കുന്നു. 
ഇന്ത്യയിൽ ഏറ്റവുമേറെ വിനോദ സഞ്ചാരികളെത്തുന്ന പ്രദേശങ്ങളിലൊന്നാണ് ചെറിയ സംസ്ഥാനമായ ഗോവ. ടൂറിസ്റ്റ് സീസൺ തുടങ്ങിയാൽ യൂറോപ്പിൽനിന്ന് സഞ്ചാരികളുമായി നിരവധി ചാർട്ടേഡ് വിമാനങ്ങൾ ഇവിടെയെത്തുന്നു. മഴയെത്തും മുമ്പുള്ള നാളുകളിൽ നാട്ടുകാരായ സഞ്ചാരികളും പ്രവഹിക്കുന്നു. ധാരാളം തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന ടൂറിസം ഗോവക്ക് പ്രധാന വ്യവസായമാണ്. വിനോദ സഞ്ചാരികളിൽ വീണ്ടും കാണാനുള്ള മോഹമുദിപ്പിച്ച് യാത്രയാക്കുന്നുവെന്നതാണ് ഗോവ ടൂറിസത്തിന്റെ  വിജയ രഹസ്യം. 
കേരളവും ടൂറിസം വ്യവസായത്തിന് പ്രാധാന്യം കൽപിക്കുന്നുവെന്നാണ് സങ്കൽപം.  ഉയർന്ന മധ്യവർഗത്തിനും സമ്പന്നർക്കും മാത്രമേ ഗോവയിൽ വിനോദ സഞ്ചാരം കഴിയുകയുള്ളൂവെന്ന ധാരണ ശരിയല്ല.  തലസ്ഥാനമായ പനാജിയിലും പ്രധാന നഗരങ്ങളായ മഡ്ഗാവിലും വാസ്‌കോഡഗാമയിലും ചുരുങ്ങിയ  വാടകയ്ക്ക് താമസ സൗകര്യം ലഭിക്കും. പത്ത് രൂപ മുടക്കിയാൽ സംസ്ഥാനത്തിന്റെ ഒരറ്റത്തുനിന്ന് മറ്റേ അറ്റം വരെ ബസിൽ യാത്ര ചെയ്യാം. ഭക്ഷണവും പാനീയങ്ങളും മിതമായ നിരക്കിൽ ലഭിക്കുന്നു. മാപ്പുസ കടപ്പുറത്തെ ഓലപ്പുരകളിൽ ഭീമൻ ചെമ്മീനുകൾ (ടൈഗർ പ്രോൺസ്, ലോബ്സ്റ്റർ ഇനങ്ങൾ) ഗോവൻ രുചിയോടെ പാകം ചെയ്തു തരുന്ന സ്റ്റാളുകളുണ്ട്. കടലോരത്തെ കുടിലുകളിൽ താമസിക്കാനാണ് വിദേശ സഞ്ചാരികൾ താൽപര്യപ്പെടുന്നത്. ടൂറിസം അധികൃതരും സ്വകാര്യ വ്യക്തികളും ഒരുക്കുന്ന കുടിലുകളിൽ വാടകയും തുഛം.  സമ്പന്നർക്കായി പഞ്ച നക്ഷത്ര ഹോട്ടലുകളുമുണ്ട്. 
ഗോവയിലെത്തുന്ന യാത്രികരെ ആഹ്ലാദിപ്പിക്കുന്നതാണ് സായാഹ്നങ്ങളിലെ ബോട്ട് സവാരി. മണ്ഡോവി നദിയിലൂടെ അസ്തമയ വേളയിൽ ബോട്ട് യാത്ര നടത്താൻ നൂറ് രൂപയിലേറെ ചെലവില്ല. നിസ്സാരമായ തുക നൽകി ബോട്ട് സവാരി നടത്തുന്ന ടൂറിസ്റ്റുകൾക്കായി സംഗീത, കലാപരിപാടികളും ഏർപ്പെടുത്താറുണ്ട്.  
കേരളത്തിന്റെ ടൂറിസം വരവ് വർധിക്കുന്നുവെന്ന് ഔദ്യോഗിക ഏജൻസികൾ അവകാശപ്പെടുന്നു. വ്യവസായ വളർച്ചാ നിരക്ക് 13.31 ശതമാനമാണെന്ന് സർക്കാർ കണക്ക്.  തൊട്ടു മുൻ വർഷത്തെ അപേക്ഷിച്ച് 24 ശതമാനം വിദേശ ടൂറിസ്റ്റുകളും 5 ശതമാനം ആഭ്യന്തര സഞ്ചാരികളും വർധിച്ചുവെന്നാണ് കണക്ക്.  ഇതു കണക്കുകൊണ്ടുള്ള കസർത്താവാനാണ് സാധ്യത. ആഭ്യന്തര ടൂറിസ്റ്റുകളെ പോലും കേരളത്തിനു വേണ്ട വിധത്തിൽ ആകർഷിക്കാൻ കഴിഞ്ഞിട്ടില്ലെന്നതാണ് സത്യം. അയൽ സംസ്ഥാനങ്ങളിലെ മൈസൂർ, ഊട്ടി, കൊടൈക്കനാൽ, മധുര എന്നീ പ്രദേശങ്ങളിൽ ഓരോ വർഷവും അവധിക്കാലത്ത് എത്തുന്ന ഉത്തരേന്ത്യൻ ടൂറിസ്റ്റുകളുടെ കണക്കെടുത്ത് താരതമ്യം ചെയ്താൽ ഇക്കാര്യം വ്യക്തമാവും. ഇവിടങ്ങളിൽ പ്രത്യക്ഷത്തിലും പരോക്ഷമായും നിരവധി പേരുടെ ഉപജീവനമാർഗമാണ് വിനോദ സഞ്ചാര വ്യവസായം. അതേസമയം, ആഭ്യന്തര സഞ്ചാരികൾ എത്തുന്നതിന്റെ ലക്ഷണം കേരളത്തിൽ ഒരിടത്തുമില്ല.  ഗൾഫ് രാജ്യങ്ങളിൽ മാർക്കറ്റ് ചെയ്യുന്നതിൽ പോലും കേരള ടൂറിസം തികഞ്ഞ പരാജയമാണ്. ടൂറിസ്റ്റുകളെ മലേഷ്യയിലേക്ക് ക്ഷണിക്കുന്ന പരസ്യ ബോർഡുകൾ സൗദി അറേബ്യയിലുടനീളം കാണാനാവും.  2001 സെപ്റ്റംബർ പതിനൊന്നിന് അമേരിക്കയിലുണ്ടായ ഭീകരാക്രമണത്തിനുശേഷം അറബികൾ അവധിക്കാലം ചെലവഴിക്കാൻ പൂർവ ദിക്കുകളിലേക്കാണ് യാത്രയാവുന്നത്.  ഈ ചുവടുമാറ്റത്തിന്റെ ഏറ്റവും വലിയ ഗുണഭോക്താവ് മലേഷ്യയാണ്. കഴിഞ്ഞ വർഷം രണ്ടു ലക്ഷം അറബ് ടൂറിസ്റ്റുകളാണ് മലേഷ്യയിലെത്തിയത്. കോട്ടക്കൽ ആര്യ വൈദ്യശാലയിൽ ചികിത്സ തേടിയെത്തിയ മൂന്നക്കത്തിൽ കവിയാത്ത അറബികളാണ് ഇതേ കാലയളവിൽ കേരളത്തിലെത്തിയ വിനോദ സഞ്ചാരികൾ. അനുഗൃഹീതമായ  ഭൂപ്രകൃതി, മനസ്സിനിണങ്ങിയ കാലാവസ്ഥ, വിദ്യാസമ്പന്നരും ഉയർന്ന സാംസ്‌കാരിക ബോധവമുള്ളവരുമായ  ജനത തുടങ്ങിയ നിരവധി അനുകൂല ഘടകങ്ങൾ കേരളത്തിനുണ്ട്. 
തൊഴിൽ സാധ്യതകളുടെ അക്ഷയ ഖനിയാണ്  വിനോദ സഞ്ചാരമെന്ന് തിരിച്ചറിഞ്ഞ്  ഈ ദിശയിൽ മുന്നേറാനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കാൻ നേരമായി. അമേരിക്കയിലോ, യൂറോപ്പിലോ കേരളം മാർക്കറ്റ് ചെയ്യപ്പെടുന്നുണ്ടെന്നറിയില്ല. ഏതായാലും ഗൾഫ് രാജ്യങ്ങളിൽ കേരളത്തിന്റെ വിനോദ സഞ്ചാര സാധ്യതകൾ വിളംബരം ചെയ്ത് അറബ് യാത്രികരെ ആകർഷിക്കാനുള്ള പദ്ധതികളൊന്നും ഇപ്പോഴില്ല.

Latest News