നെഹ്റു കുടുംബത്തിലെ ഇളംമുറക്കാരായ രണ്ടു പേർ കേരളത്തിലാണിപ്പോഴുള്ളത്. ഇത്തവണ അവർ വന്നത് തെരഞ്ഞെടുപ്പ് പ്രചാരണവും പൊതുയോഗ പ്രസംഗവും കഴിഞ്ഞ് വന്ന പോലെ തിരിച്ചു പോകാനല്ല. അവരിലൊരാൾ - രാഹുൽ ഗാന്ധി കേരളത്തെ തെരഞ്ഞെടുത്തു എന്നതാണ് ഈ വരവിന്റെ പ്രത്യേകത. ഇന്ത്യയുടെ ഭരണ കുടുംബം എന്നു തന്നെ പേരിട്ടെഴുതാവുന്ന നെഹ്റു കുടുംബത്തിലെ ഒരാൾ കേരളത്തിൽ വന്ന്, അതും പിന്നോക്കത്തിൽ പിന്നോക്കമായ വയനാട്ടിൽ ജനവിധി തേടുമെന്ന് ആരും കരുതിയിരിക്കില്ല. അതുകൊണ്ടാണ് രാഹുലോ, ഹോ ഇല്ല എന്ന് രാഹുൽ വയനാട്ടിലേക്ക് എന്ന് അവിടെയും, ഇവിടെയുംനിന്ന് കേട്ടപ്പോൾ ആളുകൾ കട്ടായം എഴുതിയത്.
പൊതു ഇടമായ ഫേസ്ബുക്കിൽ ഈ ആവശ്യം ആദ്യമായി ഉന്നയിച്ച വി.ടി. ബൽറാമിന് പോലും തന്റെ ആവശ്യം യാഥാർഥ്യമാകുമെന്ന് ഒരുറപ്പുമുണ്ടായിരുന്നില്ല. ഭൂരിപക്ഷം ചാനലുകളുടെ വാർത്താമുറികളും അങ്ങനെത്തന്നെ എന്ന് തുല്യം ചാർത്തിയതിൽ ആരും പുതുമ കണ്ടില്ല. ദൽഹിയിലെ അത്രയൊന്നും തലയെടുപ്പില്ലാത്ത ഒന്നോ രണ്ടോ പത്രപ്രവർത്തകർ മാത്രമേ വരും, വരാതിരിക്കില്ല എന്നെഴുതിയുള്ളൂ. വല്ലാതെ നിരാശരായി അവരും പിന്നീടെപ്പോഴോ പിൻവലിയാൻ നോക്കിയിരുന്നു. എന്തിന്, ഉമ്മൻ ചാണ്ടിക്ക് പോലും ഞാനങ്ങനെ പറഞ്ഞില്ലല്ലോ എന്ന് ക്ഷമാപണത്തോടെ നിൽക്കേണ്ടി വന്നു.
തനിക്ക് സ്ഥാനാർഥിത്വം തരാത്ത കോൺഗ്രസ് കേരളത്തിൽ അത്രക്കങ്ങ് ജയിക്കേണ്ടെന്ന് ചിലയാളുകൾ തീരുമാനത്തിന് മുന്നിൽ വിലങ്ങനെ നിന്നതും നാട് കണ്ടു. ഭാഗ്യം, പ്രൊഫ. കെ.വി. തോമസ് അപ്പോഴൊക്കെ സ്ഥാനാർഥിയാകാൻ കഴിയാത്തതിലുള്ള പ്രയാസം സംഗീതത്തിൽ അലിയിച്ചു കളയുകയായതിനാൽ ഒന്നും വല്ലാതെ പുറത്ത് കേട്ടില്ല. അടുത്ത മണിക്കൂറിൽ നടക്കാനിടയുള്ള ഒരു സംഭവത്തെക്കുറിച്ച് പത്രക്കാർ അതിരുവിട്ട് പ്രവചനങ്ങൾ നടത്തരുതെന്ന് ഡോ. സുകുമാർ അഴീക്കോട് എപ്പോഴും മാധ്യമ സമൂഹത്തെ ഉപദേശിക്കുമായിരുന്നു.
ഇടതുപക്ഷത്തിനും കമ്യൂണിസ്റ്റ് പക്ഷത്തിനും ഇഷ്ടപ്പെടാത്തതൊന്നും എത്രയോ കാലമായി കേരളത്തിൽ ആഘോഷിക്കപ്പെടാറില്ല. അതുകൊണ്ടാണ് കമ്യൂണിസ്റ്റ് പക്ഷം അവരുടെ സൗകര്യ പക്ഷമാക്കിയവരും നവ മാധ്യമങ്ങളിൽ രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കാതിരിക്കേണ്ടതിന്റെ കാരണങ്ങളെണ്ണിക്കളിച്ചത്.
അവരേക്കാളെല്ലാം എത്രയോ മുമ്പ് ഇടതുപക്ഷം ചേർന്ന് നടന്ന് എത്രയോ മുന്നിലെത്തിയ കവി സച്ചിദാനന്ദൻ പക്ഷേ മറ്റൊരു നിലപാടാണെടുക്കുന്നത്. അധിക്ഷേപിക്കുന്നതിന് പകരം ഇടതുപക്ഷം അടക്കമുള്ള പ്രതിപക്ഷ നിര രാഹുൽ ഗാന്ധിയെ പിന്തുണക്കുന്നത് സ്വപ്നം കാണുകയാണ് താനെന്നാണ് അദ്ദേഹം ഏറ്റവും പുതിയ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നത്. മലയാളിക്ക് നെരൂദയെ ആദ്യം പരിചയപ്പെടുത്തിയ, കപട ദേശീയതക്കെതിരെ തലമുറകളുടെ മനസ്സിൽ മായാത്ത കവിതാക്ഷരങ്ങൾ കുറിച്ച കവിയാണിപ്പറഞ്ഞതെന്നോർക്കണം. നിയുക്ത പ്രധാനമന്ത്രിയായോ, വരുന്ന ലോക്സഭയിലെ പ്രതിപക്ഷ നേതാവായോ പ്രതിപക്ഷ നിര രാഹുൽ ഗാന്ധിയെ പിന്തുക്കണമെന്നെഴുതാൻ ജീവിതത്തിന്റെ പ്രഭാതം മുതൽ കമ്യൂണിസ്റ്റായ സച്ചിദാനന്ദന് അദ്ദേഹത്തിന്റെ പ്രത്യയശാസ്ത്ര ബോധം തടസ്സമായില്ല.
'ഒരു വ്യക്തി എന്ന നിലക്ക് രാഹുൽ വിജയിക്കുന്നതിന് വേണ്ടിയല്ലെന്നും, ജനാധിപത്യ ഐക്യമെന്ന ആശയം നിലനിൽക്കുന്നതിന്റെ അനിവാര്യത മൂലമാണെന്നും' അദ്ദേഹം ഫേസ്ബുക്കിൽ കുറിക്കുന്നു. ഒരു പുനർവിചിന്തനത്തിന് ഇനിയും സമയമുണ്ടെന്നാണ് അദ്ദേഹം കരുതുന്നത്.
സംഘ് പരിവാറിന്റെ ഭാഷയിൽ രാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപ വാക്കുകൾ ചൊരിയുന്നതിനെയും അദ്ദേഹം കടുത്ത ഭാഷയിൽ വിമർശിച്ചു. വി.എസിന്റെ വാക്കുകളെയും പിന്നീട് തിരുത്തിയ പാർട്ടി പത്രത്തിന്റെ മുഖപ്രസംഗത്തെയും.
ഇതൊന്നും പക്ഷേ സി.പി.എമ്മിന്റെയോ, ഇടതുപക്ഷത്തിന്റെയോ മനമിളക്കുന്നില്ല. ഏറ്റവും ശാസ്ത്രീയമായി രാഹുൽ ഗാന്ധിക്കെതിരെ വോട്ട് പിടിച്ച് അദ്ദേഹത്തെ തോൽപിക്കുമെന്ന് തന്നെ അവർ ആണയിടുന്നു. അതിനുള്ള തന്ത്രങ്ങളെല്ലാമായിക്കഴിഞ്ഞു- രാഹുൽ തോറ്റിരിക്കും എന്നാണ് വയനാട്ടിലെ ഇടതുപക്ഷക്കാർ ഉറപ്പിച്ചു പറയുന്നത്. പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി വയനാട്ടിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പോകില്ലെന്ന വാർത്തകൾ അദ്ദേഹം നിഷേധിച്ചിട്ടുണ്ട്. 20 സീറ്റിലും ഇടതുപക്ഷം ജയിക്കുമെന്ന് അദ്ദേഹത്തിനുറപ്പ്. അദ്ദേഹം നൽകിയ പത്ര അഭിമുഖത്തിലെ ആവർത്തിച്ചുള്ള ചോദ്യവും അതിന് നൽകിയ ഉത്തരവും ഇങ്ങനെ
വയനാട്ടിലെ രാഹുൽ ഗാന്ധിയുടെ സ്ഥാനാർഥിത്വം ബദൽ സർക്കാർ ശ്രമങ്ങൾക്ക് എതിരായിട്ടുണ്ടോ?
കോൺഗ്രസ് എന്ത് സന്ദേശമാണ് നൽകുന്നത് എന്നതാണ് ചോദ്യം. ഇടതുപക്ഷം ബി.ജെ.പിയെ പരാജയപ്പെടുത്താൻ നോക്കുന്നു. കോൺഗ്രസ് ഇടതുപക്ഷത്തെ പരാജയപ്പെടുത്താനും. ഇത് ആരെയാണ് സഹായിക്കുന്നതെന്ന് അവർ ചിന്തിക്കട്ടെ.
വയനാട്ടിൽ ഇടതുപക്ഷത്തിനെതിരേ മത്സരിക്കുന്നതെന്തിന് എന്ന ചോദ്യത്തിന് രാഹുൽ ഗാന്ധി ഇതിനോടകം വിശദീകരണം നൽകിക്കഴിഞ്ഞു. വയനാട്ടിലെ സീറ്റിന്റെ കാര്യത്തിൽ അസ്വാഭാവികമായി ഒന്നുമില്ല. ദക്ഷിണേന്ത്യയുടെ കൂടെ കോൺഗ്രസ് ഉണ്ടെന്ന പ്രഖ്യാപനമാണ് സ്ഥാനാർത്ഥിത്വത്തിലൂടെ മുന്നോട്ട് വെയ്ക്കുന്നത്. രാജ്യത്തെ പ്രധാന തീരുമാനങ്ങൾ എടുക്കുന്നതിൽ നിന്ന് ഒഴിവാക്കപ്പെടുകയാണ് എന്ന തോന്നൽ ദക്ഷിണേന്ത്യക്കാർക്കുണ്ട്. അതിനാൽ താൻ അവർക്കൊപ്പമാണ് നിലകൊള്ളുന്നതെന്ന സന്ദേശം കൈമാറാനാണ് കേരളത്തിൽനിന്ന് മൽസരിക്കുന്നതെന്ന് രാഹുൽ വ്യക്തമാക്കിയപ്പോൾ കാര്യങ്ങൾക്ക് പുതിയ മാനം.
രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും ഇന്ന് വയനാട്ടിലെത്തുമ്പോൾ അവിടെ ഉയരുന്ന ആരവം ഇന്ത്യയുടെ, കേരളത്തിന്റെ തെരഞ്ഞെടുപ്പ് ചരിത്രത്തിൽ മറ്റൊരധ്യായമാണ് എഴുതിച്ചേർക്കുന്നത്- നിയുക്ത പ്രധാനമന്ത്രിയായി കണക്കാക്കപ്പെടുന്ന നെഹ്റു കുടുംബാംഗം മത്സരിക്കുന്നുവെന്ന ചരിത്രം.
മുത്തച്ഛൻ ജവാഹർലാൽ നെഹ്റുവിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങൾ പ്രസിദ്ധങ്ങളായിരുന്നു.
അദ്ദേഹത്തിന്റെ ഓരോ പ്രസംഗങ്ങളുടെയും മിനിറ്റുകളും മണിക്കൂറുകളും എങ്ങനെ കോൺഗ്രസിന് വോട്ടുകൾ വർധിപ്പിച്ചു നൽകുന്നുവെന്ന് ആ പ്രസംഗങ്ങൾ റിപ്പോർട്ട് ചെയ്യാൻ പോകുന്ന പത്ര ലേഖകർക്ക് മനസ്സിലാക്കാൻ പറ്റുമായിരുന്നു. നെഹ്റു സദസ്സിനെ ഇളക്കി മറിക്കുമ്പോൾ അന്നത്തെ തെരഞ്ഞെടുപ്പ് വീക്ഷിക്കുന്നവർ ഇങ്ങനെ കണക്ക് കൂട്ടി, അമ്പതിനായിരം വോട്ടുകൾ! ഇതാ ഒരു ലക്ഷം! രണ്ടു ലക്ഷം.... അതെ, വാക്കു കൊണ്ട് വോട്ടുവാങ്ങുന്ന ആ നല്ല കാലം. മകൾ ഇന്ദിരാഗാന്ധി ഇക്കാര്യത്തിൽ തൊട്ടടുത്തൊന്നും എത്തിയെന്ന് പറയാനാകില്ല, എന്നാലും വോട്ടു പിടിച്ചു. രാജീവ് ഗാന്ധി ഒരു നല്ല പ്രസംഗകനേ ആയിരുന്നില്ലല്ലോ.
മകൻ..മകൾ..രണ്ടു പേരെയും ഇന്ത്യ ഒരിക്കൽ കൂടി പ്രതീക്ഷയോടെ ഉറ്റുനോക്കുന്നു.






