എൽ.കെ. അദ്വാനിയെയും മുരളി മനോഹർ ജോഷിയെയും വെട്ടിയ ബി.ജെ.പി സുമിത്ര മഹാജനെയും വീട്ടിലിരുത്തുമോ? മധ്യപ്രദേശിലെ ഏറ്റവും വലിയ നഗരമായ ഇൻഡോറിൽ ബി.ജെ.പി സ്ഥാനാർഥിപ്പട്ടിക വൈകുമ്പോഴും ലോക്സഭാ സ്പീക്കർക്ക് ആശങ്കയില്ല. പാർട്ടി ആരെ തെരഞ്ഞെടുത്താലും പിന്തുണക്കുമെന്നറിയിച്ച് അനുസരണയുള്ള കുട്ടിയായി കാത്തിരിക്കുകയാണ് അവർ. ഇൻഡോറിൽനിന്ന് എട്ടു തവണ ലോക്സഭയിലെത്തിയ സമ്പന്നമായ ചരിത്രമാണ് തുലാസിലാടുന്നത്. മെയ് 19 നാണ് ഇൻഡോറിൽ ഇലക്ഷൻ.
സുമിത്ര മഹാജന് അടുത്ത മാസം 76 തികയുകയാണ്. 75 കഴിഞ്ഞവർ മത്സരിക്കരുതെന്നാണ് ബി.ജെ.പിയിലെ ചട്ടം. എങ്കിലും അതൃപ്തി അറിയിക്കേണ്ടവരെ സുമിത്ര അറിയിക്കുന്നുണ്ട്. ഞായറാഴ്ച ഇൻഡോറിൽ പ്രധാനമന്ത്രി നരേന്ദ്രി മോഡിയുടെ മേം ഭീ ചൗകീദാർ ടി.വി പരിപാടിയുമായി ബന്ധപ്പെട്ട ചടങ്ങിൽ സുമിത്ര മഹാജൻ വിട്ടുനിന്നു. ട്വിറ്ററിൽ പേരിനൊപ്പം ചൗകീദാർ ചേർക്കാൻ മറ്റു നേതാക്കൾ മത്സരിച്ചപ്പോൾ സുമിത്ര ഇതുവരെ ചൗകീദാറായിട്ടില്ല.
മത്സരിക്കാൻ താൽപര്യമുണ്ടെന്ന് തുടർച്ചയായി സുമിത്ര മഹാജൻ സൂചന നൽകിയിരുന്നു. എന്നാൽ പാർട്ടിയാണ് തീരുമാനമെടുക്കേണ്ടതെന്നും ഇക്കാലമത്രയും താൻ ആവശ്യപ്പെട്ടിട്ടല്ല സീറ്റ് തന്നതെന്നും സുമിത്ര പറഞ്ഞു. 2014 ൽ 4.66 ലക്ഷം വോട്ടിന്റെ അമ്പരപ്പിക്കുന്ന ഭൂരിപക്ഷത്തിനാണ് അവർ തെരഞ്ഞെടുക്കപ്പെട്ടത്. 2009 ൽ വെറും 11,480 വോട്ടിന് രക്ഷപ്പെട്ട ശേഷമായിരുന്നു ഇത്. മീരാകുമാറിനു ശേഷം ലോക്സഭാ സ്പീക്കറാവുന്ന രണ്ടാമത്തെ വനിതയായി. ഒരേ മണ്ഡലത്തിൽ ഒരേ പാർട്ടി ചിഹ്നത്തിൽ എട്ടു തവണ ഒരാൾ തെരഞ്ഞെടുക്കപ്പെടുന്നത് ഇന്ത്യൻ തെരഞ്ഞെടുപ്പ് ചരിത്രത്തിൽ തന്നെ ആദ്യമായിട്ടായിരുന്നു. ബി.ജെ.പി ദേശീയ വക്താവ് കൈലാഷ് വിജയവർഗിയ, സീനിയർ നേതാവ് സത്യനാരായൺ സത്തൻ തുടങ്ങിയവരെ പാർട്ടി പരിഗണിക്കുന്നുണ്ടെന്നാണ് സൂചന. സുമിത്രയെ വീണ്ടും മത്സരിപ്പിച്ചാൽ സ്വതന്ത്രനായി രംഗത്തിറങ്ങുമെന്ന് സത്തൻ ഭീഷണി മുഴക്കിയിട്ടുണ്ട്. സത്തനാണ് മറ്റാരുമില്ലാത്ത സമയത്ത് 2009 ൽ തന്റെ ഇലക്ഷൻ പ്രചാരണത്തിന് ചുക്കാൻ പിടിച്ചതെന്നും അദ്ദേഹത്തിനെതിരെ ഒന്നും പറയില്ലെന്നും സുമിത്ര മഹാജൻ പ്രതികരിച്ചു. 2009 ൽ സുമിത്രക്കെതിരെ കൈലാഷ് വിജയവർഗിയ പ്രവർത്തിച്ചിരുന്നു. തായി, ഭായി പോരെന്നാണ് ഇവർ തമ്മിലുള്ള ശത്രുത ബി.ജെ.പിയിൽ അറിയപ്പെടുന്നത്. ഇൻഡോർ മേയർ മാലിനി ഗൗഡാണ് ബി.ജെ.പി പരിഗണിക്കുന്ന മറ്റൊരു ലീഡർ.
ലോക്സഭാ സ്പീക്കറെന്ന നിലയിൽ ബി.ജെ.പിയുടെ താൽപര്യം അതിശക്തമായി സംരക്ഷിച്ചിരുന്നു സുമിത്ര മഹാജൻ. സ്പീക്കറായത് അവരുടെ പെരുമയും വർധിപ്പിച്ചു. എന്നാൽ ദൽഹിയിൽ സുമിത്ര മഹാജൻ തിരക്കിലായത് കോൺഗ്രസിന് ഇൻഡോറിൽ ഗുണം ചെയ്തു. മണ്ഡലത്തിനു കീഴിൽ വരുന്ന ഒമ്പത് നിയമസഭാ മണ്ഡലങ്ങളിൽ നാലെണ്ണത്തിൽ കഴഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ജയിച്ചു. എന്നാൽ ഇൻഡോർ തന്നെ കൈവിടില്ലെന്നും കരുത്തരായ എതിരാളികൾ വന്നാൽ സ്വാഗതം ചെയ്യുമെന്നും ഈയിടെ അവർ പറഞ്ഞിരുന്നു. മറ്റുള്ളവരെ പരിഗണിക്കുന്നതിന് മുമ്പ് സുമിത്ര മഹാജന്റെ അഭിപ്രായം തേടുമെന്നാണ് നേതൃത്വം പറയുന്നത്. അദ്വാനിയുടെയും ജോഷിയുടെയും കാര്യത്തിലും ഇതു തന്നെയാണ് പറഞ്ഞത്. എന്നാൽ മത്സരിക്കേണ്ടെന്ന നിർദേശമാണ് തങ്ങൾക്കു കിട്ടിയതെന്ന് ജോഷി വെളിപ്പെടുത്തിയിരുന്നു.
സുമിത്രക്കെതിരെ ഇതുവരെ കോൺഗ്രസ് ശക്തനായ സ്ഥാനാർഥിയെ നിർത്തിയിട്ടില്ല. ഇത്തവണ ബി. ജെ.പിയിൽ നിന്ന് കൂറുമാറിയെത്തിയ പങ്കജ് സാംഗ്വിയെയാണ് കോൺഗ്രസ് പരിഗണിക്കുന്നത്.






