കാന്‍സര്‍ രോഗിയായ ഭാര്യയേയും വളര്‍ത്തുപട്ടിയേയും കൊന്ന് മധ്യവയസ്‌ക്കന്‍ ജീവനൊടുക്കി

ബെംഗളുരു- കാന്‍സര്‍ രോഗത്തേക്കാള്‍ ഭേദം മരണമാണെന്ന കുറിപ്പെഴുതിവച്ച മധ്യവയസ്‌ക്കനായ വ്യവസായി കാന്‍സര്‍ രോഗിയായ ഭാര്യയെ കൊലപ്പെടുത്തി അപാര്‍ട്‌മെന്റ് കെട്ടിടത്തിനു മുകളില്‍ നിന്നും താഴേക്ക് ചാടി ആത്മഹത്യ ചെയ്തു. 25 വര്‍ഷമായി ബെംഗുളുരുവില്‍ സ്ഥിരതാമസമാക്കിയ മുംബൈ സ്വദേശിയായ അതുല്‍ ഉപാധ്യയ(58) ആണ് ഭാര്യ മമതയെ (53) ക്രൂരമായി കൊലപ്പെടുത്തിയത്. ദമ്പതികള്‍ക്ക് മക്കളില്ല. വീട്ടില്‍ വളര്‍ത്തിയിരുന്ന പട്ടിയേയും അതുല്‍ കെട്ടിടത്തിനു മുകളില്‍ നിന്ന് താഴേക്കെറിഞ്ഞ് കൊന്നു. ചൊവ്വാഴ്ച രാവിലെയാണ് സംഭവം. ഉള്‍സൂരില്‍ ട്രാവല്‍ ഏജന്‍സി നടത്തിവരികയായിരുന്നു അതുല്‍. ഭാര്യയ്ക്ക് അതീവ ഗുരുതരമായ കാന്‍സര്‍ സ്ഥിരീകരിച്ചതാണ് ഈ കടുംകൈ ചെയ്യാന്‍ പ്രേരിപ്പിച്ചതെന്നാണ് പ്രാഥമിക നിഗമനം. മക്കളില്ലാത്ത ദമ്പതികള്‍ക്കൊപ്പം വളര്‍ത്തുപട്ടിയെ കൂടാതെ അതുലിന്റെ സഹോദരന്‍ പുത്രന്‍ റിഷഭാണ് കഴിഞ്ഞിരുന്നത്. എല്‍.എല്‍.ബി വിദ്യാര്‍ത്ഥിയായ റിഷഭ് കോളെജിലേക്കു പോയതിനു ശേഷമാണ് കൊലനടന്നത്. 

വ്യായാമം ചെയ്യാന്‍ ഉപയോഗിക്കുന്ന ഉപകരണമായ ഡംബെല്‍ ഉപയോഗിച്ച് മമതയെ തലയ്ക്കടിച്ചാണ് കൊലപ്പെടുത്തിയത്. ശേഷം പട്ടിയെ താഴേക്കറിഞ്ഞു. ഇതിനു പിന്നാലെയാണ് അതുല്‍ കെട്ടിടത്തിനു മുകളില്‍ നിന്ന് ചാടിയതെന്ന് പോലീസ് പറഞ്ഞു. അതുലും പട്ടിയും സംഭവസ്ഥലത്തു തന്നെ മരിച്ചു. ഇവരുടെ വീട്ടില്‍ പോലീസ് നടത്തിയ തിരച്ചലിലാണ് അതുല്‍ എഴതിവച്ച ആത്മഹത്യാ കുറിപ്പ് ലഭിച്ചത്. ഭാര്യയ്ക്ക് കാന്‍സര്‍ രോഗം മൂര്‍ച്ഛിച്ച, ചികിത്സയില്ലാത്ത ഘട്ടത്തിലെത്തിയിരുന്നുവെന്നും തങ്ങളെ നോക്കാന്‍ ആരുമില്ലെന്നും കുറിപ്പില്‍ അതുല്‍ എഴുതിയിട്ടുണ്ട്. മമതയുടെ രോഗത്തെ ചൊല്ലി ദമ്പതികള്‍ മാനസിക സംഘര്‍ഷത്തിലായിരുന്നുവെന്ന് റിഷഭ് പോലീസിനോട് പറഞ്ഞു. യുഎസിലുള്ള മമതയുടെ സഹോദരിയെ വിവരം അറിയിച്ചിട്ടുണ്ട്. മൃതദേഹങ്ങള്‍ എംഎസ് രാമയ്യ ഹോസ്പിറ്റലില്‍ സൂക്ഷിച്ചിരിക്കുകയാണ്. ബന്ധുക്കളെത്തിയാല്‍ വിട്ടുനല്‍കും.

Latest News