Sorry, you need to enable JavaScript to visit this website.

മഹാപ്രളയം: സർക്കാരിനെ കുരുക്കിലാക്കി അമിക്കസ് ക്യൂറി; ജുഡീഷ്യൽ അന്വേഷണത്തിന് ശുപാർശ

കൊച്ചി- കേരളത്തിൽ 450 പേരുടെ മരണത്തിനു കാരണമായ മഹാപ്രളയത്തിന് കാരണം ഡാം മാനേജ്‌മെന്റിന്റെ പാളിച്ചയെന്ന് അമിക്കസ്‌ക്യൂറി റിപ്പോർട്ട്. ഡാമുകൾ തുറന്നത് മാനദണ്ഡങ്ങൾ പാലിക്കാതെയാണെന്നും ഡാം തുറക്കുന്നതിന് മുമ്പ് മുന്നറിയിപ്പ് നൽകിയില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. പ്രളയത്തിന്റെ കാരണം കണ്ടെത്താൻ ജുഡീഷ്യൽ അന്വേഷണം വേണമെന്നും ഹൈക്കോടതിയിൽ അമിക്കസ്‌ക്യൂറി നൽകിയ റിപ്പോർട്ടിൽ പറയുന്നു. യാതൊരു മുന്നറിയിപ്പും കൂടാതെ ഡാമുകൾ കൂട്ടത്തോടെ തുറന്നു വിട്ടത് മഹാപ്രളയത്തിന് കാരണമായെന്ന് അമിക്കസ് ക്യൂറിയുടെ 47 പേജുള്ള റിപ്പോർട്ടിൽ പറയുന്നു.
പ്രളയം കൈകാര്യം ചെയ്യുന്നതിൽ സർക്കാർ സംവിധാനങ്ങൾക്ക് വീഴ്ച്ച പറ്റിയെന്നും ഇതേക്കുറിച്ച് പരിശോധിക്കണം എന്നാവശ്യപ്പെട്ടും പതിനഞ്ചോളം ഹർജികളാണ് കേരളഹൈക്കോടതിയിൽ എത്തിയത്. ഈ ഹർജികളിൽ കോടതിയെ സഹായിക്കാനാണ് അഡ്വ. അലക്‌സ് പി ജേക്കബ് അധ്യക്ഷനായ ഒരു അമിക്കസ് ക്യൂറിയെ ഡിവിഷൻ ബെഞ്ച് നിയമിച്ചിത്.

കേരളത്തിൽ പെയ്ത മഴയുടെ അളവ് തിരിച്ചറിയാൻ കേരളത്തിലെ സംവിധാനങ്ങൾക്കും വിദഗ്ധർക്കും സാധിച്ചില്ല. കേരളത്തിലെ ഡാമുകളിലെ ജലനിരപ്പ് തുടർച്ചയായി നിരീക്ഷിച്ച് അവ തുറക്കേണ്ട സമയം എപ്പോൾ, മുന്നറിയിപ്പ് നൽകേണ്ടത് എപ്പോൾ  തുടങ്ങിയ കാര്യങ്ങളിലെ നിയമവും പാലിച്ചില്ല. 2018 ജൂൺ മുതൽ ആഗസ്റ്റ് 19 വരെ ദേശീയ കാലാവസ്ഥാ നിരീക്ഷകേന്ദ്രത്തിൽ നിന്നടക്കം പലതരം മുന്നറിയിപ്പുകൾ വന്നിരുന്നു. എന്നാൽ കേന്ദ്രത്തിൽ നിന്നുള്ള റിപ്പോർട്ടുകൾ കൃത്യമായി പരിഗണിക്കുകയോ തുടർനടപടികൾ സ്വീകരിക്കുകയോ ചെയ്തില്ല. ഡാമുകൾ തുറക്കുന്നതിന് മുൻപ് ഓറഞ്ച്, റെഡ് അലർട്ടുകൾ പുറപ്പെടുവിക്കുകയും മറ്റു മുൻകരുതൽ നടപടികൾ സ്വീകരിക്കുകയും വേണം എന്നാണ് ചട്ടം. 
കേരളത്തിലെ മഹാപ്രളയത്തെക്കുറിച്ച് കേരളത്തിലെ ഒരു ജഡ്ജി അധ്യക്ഷനായ ഒരു സമിതി രൂപീകരിച്ച് ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നാണ് അമിക്കസ് ക്യൂറിയുടെ റിപ്പോർട്ടിലെ പ്രധാന ശുപാർശ. ഈ സമിതിയിൽ കാലാവസ്ഥാ വിദഗ്ധരും ഡാം മാനേജ്‌മെൻറ് വിദഗ്ധരും വേണം. 2018ലെ മഹാപ്രളയം കേരളത്തിന് ഒരു പാഠമാവണം. ഭാവിയിൽ ഇത്തരം ദുരന്തങ്ങൾ ഉണ്ടാവാതിരിക്കാനുള്ള താക്കീതായിരിക്കണം ഹൈക്കോടതി എടുക്കേണ്ട നടപടികളെന്നും ഏറേ ഗൗരവത്തോടെ തന്നെ വിഷയത്തിൽ ഹൈക്കോടതി ഇടപെടണമെന്നും അമിക്കസ് ക്യൂറിയുടെ റിപ്പോർട്ടിൽ പറയുന്നു. ഹൈക്കോടതിയിൽ സമർപ്പിച്ച അമിക്കസ് ക്യൂറിയുടെ റിപ്പോർട്ട് മധ്യവേനൽ അവധിക്ക് പിരിയും മുൻപേ തന്നെ ഹൈക്കോടതി പരിഗണിക്കും എന്നാണ് പ്രതീക്ഷ.
കേരളത്തിൽ 450 പേരുടെ മരണത്തിന് മുഖ്യമന്ത്രി ഉത്തരം പറയണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങൾ ശരിയാണെന്ന് തെളിഞ്ഞിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, അമിക്കസ് ക്യൂറി റിപ്പോർട്ട് സംബന്ധിച്ച് പ്രതികരിക്കാൻ വൈദ്യുതി മന്ത്രി എം.എം മണി തയ്യാറായില്ല. പ്രതികരണം ചോദിച്ച മാധ്യമപ്രവർത്തകരോട് ക്ഷുഭിതനായാണ് മണി പ്രതികരിച്ചത്.
 

Latest News