Sorry, you need to enable JavaScript to visit this website.

വിജയരാഘവന് ജാഗ്രതക്കുറവുണ്ടായി; സി.പി.എം സെക്രട്ടറിയേറ്റിൽ വിമർശനം

തിരുവനന്തപുരം-ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാർഥി രമ്യ ഹരിദാസിനെതിരെ അധിക്ഷപാർഹമായ പരാമർശം നടത്തിയ ഇടതുമുന്നണി കൺവീനർ എ വിജയരാഘവന് വിമർശനം. സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റിലാണ് വിമർശനമുണ്ടായത്. വാക്കുകൾ ഉപയോഗിച്ചതിൽ വിജയരാഘവന് തെറ്റുപറ്റിയെന്നും തെരഞ്ഞെടുപ്പ് കാലത്ത് കൂടുതൽ സൂക്ഷ്മത പുലർത്തണമെന്നും സെക്രട്ടറിയേറ്റ് വ്യക്തമാക്കി. 
കഴിഞ്ഞദിവസം പൊന്നാനി മണ്ഡലത്തിൽ ഇടതുമുന്നണി തെരഞ്ഞെടുപ്പ് യോഗത്തിലാണ് വിജയരാഘവന്റെ വിവാദപരാമർശമുണ്ടായത്. നേരത്തെയും സമാനമായ പരാമർശം വിജയരാഘവൻ രമ്യ ഹരിദാസിനെതിരെ നടത്തിയതായി വ്യക്തമാകുകയും ചെയ്തു. വിജയരാഘവനെതിരെ പരസ്യമായി ഇടതുമുന്നണി നേതാക്കൾ രംഗത്തുവന്നിരുന്നില്ലെങ്കിലും അദ്ദേഹത്തെ പിന്തുണക്കാൻ ആരും തയ്യാറായിരുന്നില്ല. താൻ ആരെയും അധിക്ഷേപിച്ചിട്ടില്ലെന്നും മാപ്പു പറയേണ്ട ആവശ്യമില്ലെന്നുമായിരുന്നു വിജയരാഘവന്റെ നിലപാട്. വിജയരാഘവനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് രമ്യ ഹരിദാസ് ആലത്തൂർ ഡിവൈ.എസ്.പിക്ക് പരാതി നൽകിയിട്ടുണ്ട്. ഇതിൽ അന്വേഷണം നടന്നുവരികയാണ്. വിജയരാഘവന്റെ പരാമർശം പരിശോധിക്കുമെന്ന് സംസ്ഥാന വനിത കമ്മീഷനും വ്യക്തമാക്കിയിട്ടുണ്ട്.
 

Latest News