Sorry, you need to enable JavaScript to visit this website.

നാസയുടെ ആരോപണം തള്ളി ഇന്ത്യന്‍ ഉദ്യോഗസ്ഥന്‍; ഉപഗ്രഹ അവശിഷ്ടം അപ്രത്യക്ഷമാകും

ന്യൂദല്‍ഹി- ബഹിരാകാശത്ത് ഇന്ത്യ ഉപഗ്രഹവേധ മിസൈല്‍ ഉപയോഗിച്ച് തകര്‍ത്ത ഉപഗ്രഹത്തിന്റെ അവശിഷ്ടങ്ങള്‍ 45 ദിവസത്തിനകം അപ്രത്യക്ഷമാകുമെന്ന്
ഇന്ത്യയുടെ പ്രതിരോധ ഗവേഷണ വികസന സ്ഥാപനമായ ഡി.ആര്‍.ഡി.ഒയിലെ ഉദ്യോഗസ്ഥര്‍ അവകാശപ്പെട്ടു.

അമേരിക്കന്‍ ബഹിരാകാശ സ്ഥാപനമായ നാസ ഉന്നയിച്ച ആരോപണത്തോട് ഡി.ആര്‍.ഡി.ഒ മേധാവിയോ വക്താവോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. അവശിഷ്ട പ്രശ്‌നം അറിഞ്ഞുകൊണ്ടുതന്നെ ഉത്തരവാദിത്തത്തോടെയാണ് ഇന്ത്യ ഉപഗ്രഹ വേധ മിസൈല്‍ പരീക്ഷണം നടത്തിയതെന്ന് ഡി.ആര്‍.ഡി.ഒ ഉദ്യോഗസ്ഥന്‍ പറഞ്ഞു. ചൈന നടത്തിയ രണ്ട് പരീക്ഷണങ്ങളുടെ മാലിന്യം ഇപ്പോഴും ബഹിരാകാശത്തുണ്ടെങ്കിലും ഇന്ത്യന്‍ പരീക്ഷണത്തിന്റെ മാലിന്യം ഇല്ലാതാകുന്നത് ലോകത്തിനു കാണാമെന്നും അദ്ദേഹം പറഞ്ഞു.

സ്വന്തം ഉപഗ്രഹത്തെ തകര്‍ത്ത് ബഹിരാകാശത്ത് അവശിഷ്ടങ്ങള്‍ ഉണ്ടാക്കിയ ഇന്ത്യന്‍  നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് അമേരിക്കന്‍ ബഹിരാകാശ ഗവേഷണ സ്ഥാപനമായ നാസ കഴിഞ്ഞ ദിവസം രംഗത്തു വന്നിരുന്നു. ഇന്ത്യയുടെ പരീക്ഷണത്തെ ഭീതിജനകമെന്ന് വിശേഷിപ്പിച്ച നാസ ഈ പരീക്ഷണത്തിലൂടെ ബഹിരാകാശത്ത് ഉണ്ടായിരിക്കുന്ന 400 കഷ്ണം മാലിന്യം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലുള്ള ബഹിരാകാശ യാത്രികര്‍ക്ക് അപകടമാണെന്നും ചൂണ്ടിക്കാട്ടിയിരുന്നു.

നാഷണല്‍ എയറോനോട്ടിക്‌സ് സ്‌പേസ്  അഡ്മിനിസ്‌ട്രേഷന്‍ (നാസ) ജീവനക്കാരെ അഭിസംബോധന ചെയ്തുകൊണ്ടാണ് നാസ മേധാവി ജിം ബ്രൈഡെന്‍സ്‌റ്റൈന്‍ ആശങ്ക പങ്കുവെച്ചത്. ലോകത്തെ ബഹിരാകാശ ശക്തിയായി ഇന്ത്യയും മാറിയെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് സ്വന്തം ഉപഗ്രഹത്തെ ഇന്ത്യ മിസൈല്‍ ഉപയോഗിച്ച് തകര്‍ത്തത്.

ഉപഗ്രഹം തകര്‍ന്നതിനെ തുടര്‍ന്നുണ്ടായ കഷ്ണങ്ങള്‍ പെട്ടെന്ന് കണ്ടുപിടിക്കത്തക്ക വിധം വലുതല്ലെന്ന് നാസ മേധാവി പറയുന്നു. പത്ത് സെന്റി മീറ്റര്‍ വലിപ്പമുള്ള 60 കഷ്ണങ്ങള്‍ കണ്ടെത്തിയതായി അദ്ദേഹം പറഞ്ഞു. ഇന്റര്‍നാഷണല്‍ സ്‌പേസ് സ്‌റ്റേഷനില്‍നിന്ന് 300 കി.മീ താഴെയാണ് ഇന്ത്യന്‍ ഉപഗ്രഹം തകര്‍ക്കപ്പെട്ടത്. എന്നാല്‍ 24 കഷ്ണങ്ങള്‍ സ്‌പേസ് സ്‌റ്റേഷനില്‍നിന്ന് ഉയര്‍ന്ന സ്ഥാനത്താണുള്ളത്-അദ്ദേഹം വിശദീകരിച്ചു.
അവശിഷ്ടങ്ങള്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ മുകളിലുള്ള ഭ്രമണപഥത്തിലേക്ക് എത്തിയത് തീര്‍ത്തും ഭായനകമാണ്. ഇതൊരിക്കലും സ്വീകാര്യമല്ലെന്നും ഇത് എന്തൊക്കെ പ്രത്യാഘാതമുണ്ടാക്കുമെന്ന് പഠിക്കേണ്ടതുണ്ടെന്നും നാസ മേധാവി പറഞ്ഞു.

ഉപഗ്രഹങ്ങളെ ആക്രമിച്ച് വീഴ്ത്തുന്ന ശേഷി ഇന്ത്യ കൈവരിച്ചെന്നും ഉപഗ്രഹ വേധ മിസൈല്‍ വിജയകരമായി പരീക്ഷിച്ചെന്നുമാണ്  പ്രധാനമന്ത്രി നരേന്ദ്രമോഡി രാജ്യത്തോട് പ്രഖ്യാപിച്ചത്. ലോകത്ത് ഈ ശേഷി കൈവരിക്കുന്ന നാലാമത്തെ രാജ്യമാണ് ഇന്ത്യയെന്നും അദ്ദേഹം പറഞ്ഞു.

മൂന്ന് മിനിറ്റിനുള്ളില്‍ ദൗത്യം ലക്ഷ്യം കണ്ടെന്നും ബഹിരാകാശത്തെ ലക്ഷ്യം വെച്ച ഉപഗ്രഹത്തിനെ തകര്‍ത്തുവെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. ഡിആര്‍ഡിഒ തദ്ദേശീയമായി വികസിപ്പിച്ച മിസൈലാണ് പരീക്ഷിച്ചത്. ഇന്ത്യ ബഹിരാകാശത്തെ വലിയ ശക്തിയായെന്നും  പ്രധാനമന്ത്രി അവകാശപ്പെട്ടിരുന്നു.
ലോ എര്‍ത്ത് ഓര്‍ബിറ്റ് ഭ്രമണ പഥത്തിലുള്ള ഉപഗ്രഹങ്ങളെ തകര്‍ക്കാന്‍ ഇനി ഇന്ത്യയ്ക്ക് സാധിക്കും. ലോകത്ത് റഷ്യ, അമേരിക്ക, ചൈന എന്നീ രാജ്യങ്ങള്‍ക്ക് മാത്രമാണ് ഇത്തരം മിസൈലുകള്‍ ഉണ്ടായിരുന്നത്. കരയിലും കടലിലും ആകാശത്തും മാത്രമല്ല ബഹിരാകാശത്തുനിന്നുപോലുമുള്ള ആക്രമണങ്ങള്‍ പ്രതിരോധിക്കാന്‍ ഇന്ത്യയ്ക്ക് സാധിക്കുമെന്നാണ് പ്രധാനമന്ത്രി അവകാശപ്പെട്ടിരുന്നത്.  

 

Latest News