സിറിയയിലേക്ക് നാടുവിട്ടതില്‍ ഖേദം പ്രകടിപ്പിച്ച് ശമീമ ബീഗം

ലണ്ടന്‍- സിറിയയിലേക്ക് പോയതില്‍ ഖേദം പ്രകടിപ്പിച്ചും വീണ്ടും ഒരു അവസരം നല്‍കണമെന്ന് ബ്രിട്ടീഷ് അധികൃതരോട് അഭ്യര്‍ഥിച്ചും മാധ്യമങ്ങള്‍ ഐ.എസ് പ്രതീകമായി അവതരിപ്പിക്കുന്ന ബ്രിട്ടീഷുകാരി ശമീമ ബീഗം. സ്‌കൂള്‍ വിദ്യാര്‍ഥിനിയായിരിക്കെ സിറിയയിലേക്ക് പോയതും അവിടെ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയതും തെറ്റായിപ്പോയെന്ന് ശമീമയെ ഉദ്ധരിച്ച് ദ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

സിറിയന്‍ അഭയാര്‍ഥി ക്യാമ്പില്‍ മകന്‍ ജറാഹ് മരിച്ചതിനുശേഷം ആദ്യമായി നല്‍കിയ അഭിമുഖത്തില്‍ ഓണ്‍ലൈന്‍ വഴിയാണ് താന്‍ ഐ.എസില്‍ ആകൃഷ്ടയായതെന്ന് ശമീമ പറഞ്ഞു. മൂന്നാമത്തെ കുഞ്ഞിനെ ഗര്‍ഭം ധരിച്ചപ്പോഴും പിന്നീട് കുഞ്ഞ് ജനിച്ചപ്പോഴും ബ്രിട്ടനിലേക്ക് മടങ്ങാന്‍ ശമീമ ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും അവരുടെ പൗരത്വം റദ്ദാക്കിയാണ് ബ്രിട്ടീഷ് അധികൃതര്‍ പ്രതികരിച്ചത്. ഒടുവില്‍ ക്യാമ്പില്‍ വെച്ച് മൂന്നാമത്തെ കുഞ്ഞും മരിച്ചു. നേരത്തെ ഒരു മകനും മകളും പോഷകാഹാരം ലഭിക്കാതെയാണ് മരിച്ചത്.
 
15 വയസ്സായപ്പോഴാണ് ബെത്‌നാല്‍ സ്‌കൂളില്‍ പഠിച്ചിരുന്ന ശമീമ സിറിയയിലേക്ക് പോയത്.  ചെയ്ത എല്ലാ കാര്യങ്ങളിലും ക്ഷമ ചോദിക്കുന്നുവെന്നും യു.കെയിലേക്ക് മടങ്ങി രണ്ടാമതൊരു ജീവിതം ആരംഭിക്കണമെന്നും ശമീമ ടൈസിനോട് പറഞ്ഞു. സുരക്ഷിതമായ ജീവിതം സ്വ്പനം കണ്ടാണ് സിറിയയിലേക്ക് വന്നതെന്നും ഓണ്‍ലൈനിലൂടെ ലഭിച്ചിരുന്ന വിവരങ്ങളെല്ലാം തെറ്റായിരുന്നുവെന്നും ശമീമ പറഞ്ഞു.

 

Latest News