കോൺഗ്രസ് പ്രകടന പത്രിക പുറത്തിറക്കി  രാജ്യദ്രോഹക്കുറ്റം റദ്ദാക്കും, അഫ്‌സ്പയിൽ ഭേദഗതി

കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി, മുൻ അധ്യക്ഷ സോണിയാ ഗാന്ധി, മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗ്, എ.കെ. ആന്റണി തുടങ്ങിയവർ ദൽഹിയിൽ കോൺഗ്രസ് പ്രകടന പത്രിക പുറത്തിറക്കിയപ്പോൾ 

ന്യൂദൽഹി -രാജ്യദ്രോഹക്കുറ്റം എടുത്തുകളയുമെന്ന് വാഗ്ദാനം ചെയ്ത് കോൺഗ്രസ്. പ്രകടന പത്രികയിലാണ് ഇന്ത്യൻ പീനൽ കോഡിലെ 124 എ വകുപ്പ് എടുത്തു കളയുമെന്ന് കോൺഗ്രസ് വാഗ്ദാനം ചെയ്യുന്നത്. 
വിചാരണ കൂടാതെ തടവിൽ പാർപ്പിക്കുന്നതിനുളള നിയമങ്ങൾ ഭേദഗതി ചെയ്യുമെന്നതും 3 മുതൽ 7 വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങൾ ചെയ്തതിന് വിചാരണ തടവുകാരായി തുടരുന്നവരെ ഉടൻ വിട്ടയക്കുമെന്നതും കോൺഗ്രസ് പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനമാണ്.
സൈന്യത്തിന് പ്രത്യേക അധികാരം നൽകുന്ന അഫ്‌സ്പ നിയമത്തിൽ വരുത്തുന്ന ഭേദഗതിയാണ് മറ്റൊരു പ്രധാന വാഗ്ദാനം. ലൈംഗിക പീഡനങ്ങൾ ഉൾപ്പെടെയുളള കുറ്റകൃത്യങ്ങൾക്ക് അഫ്‌സ്പ പരിരക്ഷ നൽകില്ലെന്ന് കോൺഗ്രസ് ഉറപ്പു നൽകുന്നു. മാനനഷ്ടം സിവിൽ കുറ്റമായി മാറ്റും. മൂന്നാംമുറ തടയുന്നതിനുളള പ്രത്യേക നിയമം പാസാക്കും. തടവുകാരുടെ മനുഷ്യാവകാശം ഉറപ്പു വരുത്തും. അന്വേഷണ ഏജൻസിയുടെ സ്വതന്ത്രാധികാരങ്ങൾ സി.ആർ.പി.സിയുടെയും എവിഡൻസ് ആക്ടിന്റെയും  പരിധിയിലാക്കും. ജയിൽ നിയമങ്ങൾ പരിഷ്‌കരിക്കുമെന്നും കോൺഗ്രസ് വാഗ്ദാനം ചെയ്യുന്നു. തൊഴിലില്ലായ്മയും കർഷക പ്രതിസന്ധിയും മുഖ്യ വിഷയമാക്കിയുളളതാണ് കോൺഗ്രസിന്റെ പ്രകടന പത്രിക. മിനിമം വരുമാനം വാഗ്ദാനം ചെയ്യുന്ന ന്യായ് പദ്ധതിയാണ് മുഖ്യ ആകർഷണം.
കർഷകർ, യുവാക്കൾ, ന്യൂനപക്ഷം എന്നിവർക്ക് മുഖ്യ പരിഗണന നൽകുമെന്ന് കോൺഗ്രസ് വാഗ്ദാനം ചെയ്യുന്നു. സ്ത്രീസുരക്ഷ രാജ്യം നേരിടുന്ന പ്രധാന പ്രശ്‌നമാണ്. രാജ്യം ഏറെ നുണകൾ കേട്ടുവെന്നും നുണകൾ ഇല്ലാത്ത പ്രകടന പത്രികയാണ് കോൺഗ്രസിന്റേതെന്നും അധ്യക്ഷൻ രാഹുൽ ഗാന്ധി പറഞ്ഞു. ബി.ജെ.പി വിഷയമാക്കുന്നത് തീവ്രദേശീയ വാദമാണെന്നും വികസിതവും ശക്തവുമായ ഇന്ത്യയാണ് ലക്ഷ്യം വെയ്ക്കുന്നതെന്നും പ്രകടന പത്രിക പുറത്തു വിട്ടുകൊണ്ടുളള ചടങ്ങിൽ രാഹുൽ ഗാന്ധി പറഞ്ഞു.
ഉൽപാദന ക്ഷമതയും പുരോഗതിയും ഒരുപോലെ വർധിക്കുമെന്ന് മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് പറഞ്ഞു. ന്യായ് പദ്ധതി, ജമ്മു കശ്മീരിനായുളള വികസന അജണ്ട, ജി.എസ്.ടി രണ്ടു സ്ലാബുകളിലാക്കി കുറക്കുക എന്നീ വാഗ്ദാനങ്ങളും കോൺഗ്രസ് നൽകുന്നു. അധികാരത്തിൽ വന്നു കഴിഞ്ഞാൽ സൈന്യത്തിന് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും കശ്മീരിലും ഉളള പ്രത്യേക അധികാരങ്ങൾ എടുത്തുകളയും, ലോക്‌സഭയിലും രാജ്യസഭയിലും വനിതകൾക്ക് 33 ശതമാനം സംവരണം ഏർപ്പെടുത്തുമെന്നും കോൺഗ്രസ് വ്യക്തമാക്കുന്നു. ഗ്രാമങ്ങളിലെ പത്ത് ലക്ഷം ചെറുപ്പക്കാർക്ക് തൊഴിൽ ലഭ്യമാക്കാനുളള പദ്ധതി ഏർപ്പെടുത്തും.
എന്നാൽ രാഹുൽ ഗാന്ധിയുടെ നയങ്ങൾ അപകടകരവും രാജ്യസുരക്ഷയ്ക്കും ക്ഷേമത്തിനും എതിരാണെന്നും ജെയ്റ്റ്‌ലി ആരോപിച്ചു. കശ്മീരിൽ സൈനിക സ്വാധീനം കുറയ്ക്കുന്ന കോൺഗ്രസിന്റെ നയം ഭയപ്പെടുത്തുന്നതാണ്. ദീർഘകാലാടിസ്ഥാനത്തിൽ അത് രാജ്യത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയാവുമെന്നും ജെയ്റ്റ്‌ലി പറഞ്ഞു. രാഹുലിന്റെ ഒപ്പമുള്ള, ഒന്നിനും കൊള്ളാത്ത ഒരു കൂട്ടമാണ് പ്രകടന പത്രിക തയാറാക്കിയതെന്നും ജെയ്റ്റ്‌ലി പരിഹസിച്ചു. 
സുപ്രധാനമായ 124 എ നീക്കം ചെയ്യുമെന്ന് കോൺഗ്രസ് പറയുന്നു. ഇതോടെ രാജ്യദ്രോഹം ഒരു കുറ്റമല്ലാതാകും. ഇത് നടത്തിയ പാർട്ടിക്ക് ഒരു വോട്ട് പോലും നൽകാൻ പാടില്ല -അദ്ദേഹം പറഞ്ഞു. 

 

 

Latest News